ആത്മഹത്യയെ പ്രതിരോധിക്കാൻ ഒരു വകുപ്പൊരുക്കി തെരേസ മേ; ജാക്കി ഡോലെ പ്രൈസ് മന്ത്രി

ആത്മഹത്യ തുടര്‍ക്കഥയാകുന്ന ബ്രിട്ടനില്‍ അവയുടെ എണ്ണം കുറയ്ക്കാനും ജീവന്റെ കാവലാളായിത്തീരാനുമായി പ്രധാനമന്ത്രി തെരേസ മേ സൂയിസൈഡ് പ്രിവന്‍ഷന്‍ മിനിസ്റ്ററെ നിയമിച്ചു. ജാക്കി ഡോലെ പ്രൈസ് ആണ് ഈ പുതിയ പദവിയുടെ ചുമതലക്കാരി. മാനസികാരോഗ്യത്തെ ക്കുറിച്ചുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമ്പതു രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുടെ സമ്മേളനത്തിലാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. 

4500 ആളുകള്‍ വര്‍ഷം തോറും ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ആത്മഹത്യാപ്രതിരോധവകുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് യുകെ കാണുന്നത്. ആത്മഹത്യയില്‍ കൊണ്ടുചെന്നെത്തിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശാനും അവരെ അതില്‍ നിന്ന്  പിന്തിരിപ്പിക്കാനും ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. 

സൗജന്യ കൗണ്‍സലിംങ് ഇതിന്റെ ഭാഗമായിരിക്കും. ജാക്കി ഡോലെ പ്രൈസ് ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ്. 2010 ലെ  പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റ്അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015, ലും 2017 ലും സീറ്റ് നിലനിര്‍ത്തി. 2017 ജൂണ്‍ 14 നാണ് ആരോഗ്യവകുപ്പിലെ ജൂനിയര്‍ മിനിസ്റ്ററായി നിയമിതയായത്.