രഹ്ന ഫാത്തിമയെ പുറത്താക്കണം: ബിഎസ്എൻഎൽ പേജിൽ വിമർശന പ്രളയം

വിശ്വാസികളുടെ എതിർപ്പിനെ മറികടന്ന് ശബരിമല ദർശനത്തിനെത്തിയ രഹ്നഫാത്തിമയ്ക്കെതിരെയുള്ള പ്രതിഷേധം തുടരുന്നതിനിടെ ഒരു കൂട്ടം ആളുകൾ ബിഎസ്എൻഎൽ പേജിലും വിമർശനവുമായെത്തി. ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആളുകൾ പേജിൽ കമന്റുകളിട്ടത്.

വ്രതം നോൽക്കാതെ മാലയിട്ടതും അയ്യപ്പനെ അവഹേളിക്കുന്ന രീതിയിൽ പെരുമാറിയതിനുമാണ് ആളുകൾ രഹ്നയെ വിമർശിക്കുന്നത്. ഏറ്റവും പുതിയ ഓഫറിനെക്കുറിച്ച് ബിഎസ്എൻഎൽ പേജിൽ വന്ന പോസ്റ്റിനു താഴെയാണ് ആളുകൾ കമന്റുകളുമായെത്തിയത്. ഇത്തരമൊരു ജീവനക്കാരിയെ നിലനിർത്തുന്ന പക്ഷം ബിഎസ്എൻഎൽ ബഹിഷ്കരിക്കണമെന്ന കമന്റുകളും പേജിലെത്തുന്നുണ്ട്..

രഹ്നയെ പിന്തുണച്ചു കൊണ്ടുള്ള കമൻറുകളും കൂട്ടത്തിലുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പോയതെന്നും അതിനാൽ രഹ്നയെ സംരക്ഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.  വെള്ളിയാഴ്ച രാവിലെ ഹൈദരാബാദ് സ്വദേശിയായ ടെലിവഷൻ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്. വാർത്ത പുറത്തുവന്നതോടെ ഒരു സംഘമാളുകൾ രഹ്നയുടെ വീട് ആക്രമിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇരുവരും മലയിറങ്ങിയത്.