മീ ടൂ; സംവിധായകന്റെ കള്ളിപൊളിച്ച അഭിമുഖം വൈറൽ

തനിക്കെതരെയുള്ള മീ ടൂ ആരോപണങ്ങളെ കണ്ണുമടച്ചു നിഷേധിച്ച ബോളിവുഡ് സംവിധായകൻ സാജിത്ഖാൻ പെട്ടുപോയത് പഴയൊരു അഭിമുഖം വൈറലായതോടെയാണ്. തന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചും സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും വളരെ വ്യക്തമായിത്തന്നെ അദ്ദേഹം അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. 

ബോളിവുഡിലെ പ്രമുഖ താരങ്ങളായ ബിപാഷ ബസു ദിയ മിർസ എന്നിവരും ഒരു മാധ്യമ പ്രവർത്തകയും സജിദ് ഖാനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആരോപണങ്ങളെല്ലാം തന്നെ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ സാജിത്ഖാന്റെ പഴയ അഭിമുഖം വീണ്ടും ചർച്ചയായത്. ഇരുപതുകളിൽ തന്റെ ദൗർബല്യം സ്ത്രീകളായിരുന്നുവെന്നും നിരവധി സ്ത്രീകളോടും പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

അതൊക്കെ കടന്ന് നിരവധി സ്ത്രീകളെ താൻ ചതിച്ചിട്ടുണ്ടെന്നും അനവധിപേരുടെ ഹൃദയം തകർത്തിട്ടുണ്ടെന്നും സാജിത്ഖാൻ വെളിപ്പെടുത്തി. ഇത്തരം കാര്യങ്ങൾ തുറന്നു സമ്മതിക്കുന്ന സാജിത്ഖാന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടിമാരുൾപ്പടെയുള്ള സ്ത്രീകൾ മീ ടൂ വിലൂടെ സാജിത്ഖാനെതിരെ ലൈംഗികാരോപണമുന്നയിച്ച സാഹചര്യത്തിൽ ഹൗസ്പുൾ 4സീസൺ ചുമതലകളിൽ നിന്ന് ഒഴിയേണ്ടി വന്നു.