പകൽ നൈറ്റി ധരിക്കരുത്, പിഴ 2000 രൂപ!

പ്രതീകാത്മക ചിത്രം

രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ സ്ത്രീകൾ നൈറ്റി ധരിക്കാൻ പാടില്ല. ഉത്തരവ് ലംഘിച്ചാൽ പിഴ 2000 രൂപ !. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തോക്‌ലാപ്പള്ളി ഗ്രാമത്തിലാണ് ഇങ്ങനെയൊരു നിയമം. ഗ്രാമത്തിലെ ഒൻപതു മുതിർന്നവരുടെ സംഘമാണ് ഈ ഉത്തരവിറക്കിയത്.

ഒൻപതു മാസമായി ഗ്രാമത്തിലെ സ്ത്രീകൾ ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ട്. ആരെങ്കിലും നിയമം തെറ്റിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അത് ഗ്രാമമുഖ്യരെ അറിയിക്കുന്നവർക്ക് 1000 രൂപ പാരിതോഷികവും ലഭിക്കും. നിയമം ലംഘിക്കുന്നവരിൽനിന്നു ശേഖരിക്കുന്ന പിഴപ്പണം ഗ്രാമത്തിലെ കുടുംബങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കും. 11000 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ 36000 ഓളം ആളുകളാണുള്ളത്. ഇവരിൽ 1800 പേരോളം സ്ത്രീകളാണ്.

ഉത്തരവു നിലവിൽ വന്നിട്ട് ഒൻപതു മാസമായെങ്കിലും അതു ഗ്രാമത്തിനു പുറത്ത് ശ്രദ്ധിക്കപ്പെട്ടത് ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കാൻ തഹസീൽദാരും പൊലീസ് ഇൻസ്പെക്ടറും ഗ്രാമത്തിലെത്തിയതോടെയാണ്. ഉത്തരവ് അനുസരിക്കാത്തവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സൂചനകളെത്തുടർന്നായിരുന്നു ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തിയത്. പക്ഷേ അവരോട് ഗ്രാമത്തിലെ ഒരൊറ്റ സ്ത്രീ പോലും ഇതിനെപ്പറ്റി പരാതി പറ‍ഞ്ഞില്ല.

ഗ്രാമത്തിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചതെന്ന് ഗ്രാമത്തിലെ പ്രമാണിമാരിൽ ഒരാൾ വാർത്താ ഏജൻസിയോടു പറഞ്ഞു. നിയമം അനുസരിക്കാൻ തങ്ങളെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും നിയമം അനുസരിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂവെന്നു ഗ്രാമത്തിലെ സ്ത്രീകൾ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇത്തരം ഏകപക്ഷീയമായ ഉത്തരവുകൾ ഇറക്കുന്നത് സ്ത്രീവിരുദ്ധവും നിയമങ്ങൾക്ക് എതിരുമാണെന്ന് ഗ്രാമവാസികളെ അറിയിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.