തൊഴിലിടത്തിൽ സുരക്ഷ ഉറപ്പ്; ഗൂഗിൾ ഇരട്ടത്താപ്പ് കാട്ടിയെന്നാരോപിക്കുന്നവരോട് റൂത്ത് പോർട്ട്

ഡ്രൈവറില്ലാത്ത കാറുകളിലേക്കു സാങ്കേതികവിദ്യ വികസിക്കുന്ന ഒരു ലോകത്ത് സ്ത്രീകള്‍ക്ക് അന്തസ്സോടെ ജോലിചെയ്യാനുള്ള സാഹചര്യവുണ്ടാകണണെന്ന് റൂത്ത് പോർട്ട്. ഗൂഗിള്‍, ആല്‍ഫബെറ്റ് സ്ഥാപനങ്ങളുടെ ചീഫ് ഇക്കണോമിക് ഓഫിസറാണ് റൂത്ത്. ലൈംഗിക പീഡന പരാതികളുണ്ടായിട്ടും ഇരകള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പീഡനം നടത്തിയ വ്യക്തികള്‍ക്കു രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുത്തെന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സ്ഥാപനത്തെ സംരക്ഷിച്ചും കൂടുതല്‍ മികച്ച തൊഴില്‍ സാഹചര്യം വാഗ്ദാനം ചെയ്തും റൂത്ത് രംഗത്തെത്തിയിരിക്കുന്നത്. 

കലിഫോര്‍ണിയയില്‍ നടന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ ടെക്നോളജി കോണ്‍ഫറന്‍സിലായിരുന്നു ലോകം കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകളും ഉറപ്പും റൂത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഗൂഗിള്‍ സ്ഥാപനങ്ങളില്‍ പീഡനപരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപകമായി തൊഴിലാളികള്‍  കഴിഞ്ഞ ദിവസങ്ങളിലും രംഗത്തുവന്നിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തില്‍നിന്നു രഹസ്യമായി പിരിഞ്ഞുപോകാന്‍ അവസരമൊരുക്കുകയും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെ തൊഴിലാളികള്‍ ഓഫിസില്‍നിന്നു വോക്കൗട്ട് നടത്തിയിരുന്നു. 

ഗൂഗിള്‍ സ്ഥാപനമേധാവികള്‍ നടത്തുന്ന രഹസ്യപദ്ധതികളെക്കുറിച്ച് ന്യൂയോര്‍ക് ടൈംസില്‍ കഴിഞ്ഞ ദിവസം വന്ന വാർത്തയെത്തുടര്‍ന്നായിരുന്നു തൊഴിലാളികളുടെ ജോലിയില്‍നിന്നുള്ള ഇറങ്ങിപ്പോക്ക് സമരം. ഗൂഗിളില്‍ എച്ച് ആര്‍ വിഭാഗത്തിന്റെയും ചുമതലയുണ്ടായിരുന്നു റൂത്ത് പറയുന്നത് സ്ഥാപനത്തിന് ഇപ്പോഴത്തേക്കാളും നന്നായി പരാതികള്‍ കൈകാര്യം ചെയ്യാനും തൊഴിലാളികളെ സംരക്ഷിക്കാനാവുമെന്നാണ്.  ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ പരസ്പരം തൊഴില്‍സാഹചര്യത്തെക്കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 

പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഗൂഗിള്‍ ഈയടുത്ത് പുതിയ ചില സംവിധാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധിതമായ ഒത്തുതീര്‍പ്പു പദ്ധതികളെ തുണയ്ക്കുന്നില്ലെന്നും സ്ഥാപനം വ്യക്തമാക്കിയിരുന്നു. പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായാലും വ്യക്തികളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്ക് തുല്യവേതനം നടപ്പാക്കിയും മറ്റും ഈ രംഗത്തെ മുന്‍നിര സ്ഥാപനമായി മാറാനാണ് ഇപ്പോള്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികളും ആവിഷ്ക്കരിക്കുന്നുണ്ട്. 

ടെക്നോളജി കോണ്‍ഫറന്‍സില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും റൂത്ത് തയാറായി. വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും എല്ലാവരും തയ്യാറാകണമെന്നും പരസ്പര ബഹുമാനവും അന്തസ്സും സ്ഥാപനത്തിന്റെ മുഖമുദ്രയാകണമെന്നും അവര്‍ വ്യക്തമാക്കി. വ്യക്തി വിവരങ്ങളുടെ സുരക്ഷയ്ക്കു വലിയ മുന്‍ഗണനയാണു കൊടുക്കുന്നതെന്നും റൂത്ത് പോർട്ട് വ്യക്തമാക്കി.