പീഡനത്തെ എതിർത്ത യുവതിയെ തീകൊളുത്തി; പ്രതികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

മാനഭംഗശ്രമം ചെറുക്കുന്നതിനിടെ നവവധുവിനു ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ഗ്രാമത്തിലാണു സംഭവം. ശനിയാഴ്ച വെകിട്ടാണു ഗ്രാമത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. സഹോദരന്‍മാരാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്കു 45 ശതമാനം പൊള്ളലേറ്റു. മുമ്പു നടന്ന പീഡനശ്രമത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി എടുക്കാതിരിക്കുകയും യുവതിയുടെ പരാതി അവഗണിക്കുകയും ചെയ്ത മൂന്നു പൊലീസ് ഓഫിസര്‍മാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതി അവഗണിക്കപ്പെട്ടതുകൊണ്ടാണ് വീണ്ടും പീഡനശ്രമമുണ്ടായതെന്നും യുവതിക്കുനേരെ ആക്രമണമുണ്ടായതെന്നും ആരോപിച്ചുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

ഞെട്ടിക്കുന്ന സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് അന്വേഷണം നടത്താനും ഉചിതമായ നടപടിക്രമങ്ങള്‍ വേഗം സ്വീകരിക്കാനും ഡിജിപി ഒപി സിങ് ലക്നൗ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. മാനഭംഗശ്രമവും കൊലപാതകശ്രമവും നടത്തിയതിന്റെ പേരില്‍ സഹോദരന്‍മാരായ രാജുവിനെയും രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമികാന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നായിരുന്നു സഹോദരന്‍മാരുടെ അറസ്റ്റ്. 

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഡിപാർട്ട്മെന്റ്തല അന്വേഷണത്തെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന്റെ ചാര്‍ജുണ്ടായിരുന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നുപേരെ ഉടനടി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിക്കുകയും യുവതിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. മറ്റു മൂന്നു സ്ത്രീകള്‍ക്കൊപ്പം പ്രാഥമിക കൃത്യങ്ങള്‍ക്കുവേണ്ടി വയലില്‍ പോയപ്പോഴായിയിരുന്നു സംഭവം നടന്നത്. വീ്ട്ടിലേക്കു തിരിച്ച യുവതിയോട് തങ്ങള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ സഹോദരന്‍മാര്‍ ആവശ്യപ്പെട്ടു. പരാതി പിന്‍വലിക്കില്ലെന്നു പറഞ്ഞ യുവതിയെ സഹോദരന്‍മാര്‍ പിടികൂടി. അക്രമികളുടെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍മാര്‍ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു. തീ കൊളത്തുകയും ചെയ്തു. യുവതിയെ രക്ഷപ്പെടുത്താന്‍ ഗ്രാമീണര്‍ ഓടിക്കൂടുന്നതിനിടെ അക്രമികള്‍ രക്ഷപ്പെട്ടു. പരുക്കേറ്റ യുവതിയെ ആദ്യം താംബൂറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഉടന്‍തന്നെ സീതാപൂര്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

തന്റെ വീട്ടില്‍നിന്ന് 10 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന സഹോദരന്‍മാര്‍ കുറച്ചുനാളുകളായി തനിക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്ന് യുവതി പൊലീസിനു മൊഴി നൽകി. രാജു അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്. കഴിഞ്ഞമാസം 29 ന് പീഡനശ്രമം ഉണ്ടായപ്പോള്‍ യുവതിയുടെ കുടുംബം പരാതിപ്പെട്ടെങ്കിലും പൊലീസ് പ്രാഥമികാന്വേഷണം പോലും നടത്തിയില്ലെന്നു ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു.