ചുവടുറപ്പിക്കാൻ കുടുംബശ്രീ വനിതാ മേസ്തിരിമാർ

വീടു നിർമ്മാണത്തിന്റെ പരിശീലനത്തിൽ കുടുംബശ്രീ അംഗങ്ങൾ

കട്ടപ്പന ∙ നിർമാണമേഖലയിൽ ചുവടുറപ്പിക്കാൻ കുടുംബശ്രീയുടെ വനിതാ മേസ്തിരിമാർ. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശിയായ കിഴക്കേക്കര പുത്തൻപുരയ്ക്കൽ കുഞ്ഞുമോന് സർക്കാർ സഹായത്തോടെ സഫലമാകുമ്പോൾ ശ്രദ്ധേയരാകുന്നതു 5 വനിതാ മേസ്തിരിമാർ കൂടിയാണ്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനും യോജിച്ചാണു പിഎംഎവൈ ഗുണഭോക്താവിനു വീട് നിർമിച്ചു നൽകുന്നത്.

20 വർഷങ്ങൾക്കു മുൻപ് കുഞ്ഞുമോൻ വാങ്ങിയ വീടിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. രോഗിയായ അമ്മയും ഭാര്യ സുധയും വിദ്യാർഥികളായ 2 മക്കളും അടങ്ങുന്നതാണ് കുഞ്ഞുമോന്റെ കുടുംബം.ഏറെ ശോച്യാവസ്ഥയിലായ വീട് പൊളിച്ച് അടച്ചുറപ്പുള്ള വീട് നിർമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂലിപ്പണിക്കാരനായ കുഞ്ഞുമോന്റെ വരുമാനം വീട്ടു ചെലവിന് പോലും തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭവനപദ്ധതിയായ പിഎംഎവൈയിൽ ഉൾപ്പെടുത്തി കുഞ്ഞുമോനും കുടുംബത്തിനും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചത്. 

കേന്ദ്രഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ വിഹിതം എന്നിവ ചേർത്ത് 4 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം വീടുനിർമാണത്തിനു നൽകുന്നത്. തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീയും വീടു നിർമാണത്തിൽ പങ്കാളികളായതോടെ കുഞ്ഞുമോന്റെ സ്വപ്നഭവനത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 

തൊഴിലുറപ്പിൽ ഉൾപ്പെടുത്തി 90 തൊഴിൽ ദിനങ്ങളുടെ പ്രയോജനമാണു ഈ കുടുംബത്തിനു ലഭിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ വനിതകൾക്കായി നടപ്പാക്കുന്ന മേസൺ (മേസ്തിരി) പരിശീലന പദ്ധതിയുടെ പ്രയോജനവും ഈ വീട് നിർമാണത്തിനു ലഭിക്കുന്നു. പ്രധാന മേസ്തിരിക്കു കീഴിൽ പരിശീലനത്തിനെത്തുന്ന ഉപ്പുതറ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ ഗിരിജാ മോഹനൻ, ഷാന്റി ബൈജു, ജാസ്മിൻ മാത്യു, ഷൈല മോഹനൻ, തങ്കമണി രൂപേഷ് എന്നിവരുടെ കൈസഹായം വീട് നിർമാണത്തിന് പ്രയോജനപ്പെടുന്നു. വെള്ളിലാംകണ്ടം സ്വദേശി റെജിയാണ് പ്രധാന മേസ്തിരി.

ട്രെയ്നർ ഫീസിനത്തിൽ 50,000 രൂപയോളം കുടുംബശ്രീ ഇദ്ദേഹത്തിനു നൽകും. ഈ തുക പണിക്കൂലി ഇനത്തിൽ വകയിരുത്തി ബാക്കി വരുന്ന കൂലി മാത്രം ഗുണഭോക്താവ് മേസ്തിരിക്കു നൽകിയാൽ മതിയാകും. ഭവന പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് യഥാസമയം മേസ്തിരിമാരെ കിട്ടാത്തതിനാൽ വീടുനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായും വനിതകൾക്ക് നല്ലൊരു തൊഴിലും വരുമാനമാർഗവും ലക്ഷ്യമിട്ടാണ് മേസ്തിരി പരിശീലന പദ്ധതി കുടുംബശ്രീ നടപ്പാക്കുന്നതെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിറ്റേർ ടി.ജി. അജേഷ് പറഞ്ഞു.

ജില്ലയിലാകെ 136 കുടുംബശ്രീ അംഗങ്ങൾക്കാണ് ഈ വർഷം മേസ്തിരി പരിശീലനം നൽകിയത്.ഇതിൽ അടിമാലി, ഇളംദേശം, ദേവികുളം ബ്ലോക്കുകളിലായി 47 പേർ പരിശീലനം പൂർത്തിയാക്കി. 20-30 പേർ അടങ്ങുന്ന ഒരു ബാച്ചിനു മേസ്തിരി പരിശീലനം പൂർത്തിയാക്കാൻ 3 മുതൽ 4 ലക്ഷം രൂപ വരെ കുടുംബശ്രീക്കു ചെലവാകുന്നുണ്ട്.മേസ്തിരിപ്പണിയിൽ പ്രാവീണ്യം നേടുന്ന കുടുംബശ്രീ വനിതകൾ കർമരംഗത്ത് സജീവമാകുന്നതോടെ നിർമാണമേഖലയിൽ മേസ്തിരിമാരുടെ ക്ഷാമത്തിനു പരിഹാരമാകും. ഭവനപദ്ധതികളിലുള്ള വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കാനും സാധിക്കും. കുടുംബശ്രീ വനിതകൾക്ക് മേസ്തിരി പരിശീലനത്തിനായി പിഎംഎവൈയുടെ വീട് നിർമാണം ലഭിക്കുന്നത് ഇതാദ്യമാണ്.