ഓസ്കർ ചുരുക്കപ്പട്ടികയിലിടം പിടിച്ച് ആർത്തവ അന്ധവിശ്വാസത്തിന്റെ കഥ

Period End Of Sentence. Photo Credit: Instagram

ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മൽസരത്തിൽനിന്ന് അസാമീസ് സംവിധായിക റിമ ദാസിന്റെ വില്ലേജ് റോക്സ്റ്റാഴ്സ് പുറത്തായെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയുണ്ട്. ഡോക്യുമെന്ററി ഷോർട് സബ്ജക്റ്റ് വിഭാഗത്തിൽ ഗ്രാമീണ ഇന്ത്യൻ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ‘പീരിയഡ്–എൻഡ് ഓഫ് സെന്റൻസ്’  എന്ന ചിത്രം ചുരുക്കപ്പട്ടികയിൽ ഇടംകണ്ടു.

ആർത്തവവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകൾ അന്തസ്സോടെ ജീവിക്കാൻ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ലൊസാഞ്ചലസിൽ ഓക്‌വുഡ് സ്കൂളിലെ ഒരുകൂട്ടം കുട്ടികളും അധ്യാപിക മെലീസ്സ ബെർട്ടനും ചേർന്നു രൂപം കൊടുത്ത സംഘടനയായ ദ് പാഡ് പ്രോജക്റ്റാണ് ചിത്രത്തിന്റെ പിന്നിൽ. പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇറാൻ–അമേരിക്കൻ സംവിധായിക റെയ്ക സെടാബ്ചിയാണ് സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗൂനീത് മോംഗ. 

ഉത്തരേന്ത്യയിലെ ഹാപൂർ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലം. ഗ്രാമത്തിൽ ഒരു പാഡ് മെഷീൻ സ്ഥാപിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിൽത്തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് സാനിറ്ററി പാഡുകൾ നിർമിക്കാവുന്ന യന്ത്രം സ്ഥാപിക്കുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം  സ്ത്രീകൾക്ക് പുതിയൊരു വരുമാന മാർഗം കൂടി ഉണ്ടാകുകയാണ്. പാഡ്‍മാൻ എന്ന ബോളിവുഡ് ചിത്രത്തിൽ പറയുന്ന കഥയുടെ മറ്റൊരു വശം എന്ന് പീരിയഡിനെ വിശേഷിപ്പിക്കാം. പാഡ്‍മാൻ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ യഥാർഥ ജീവിതകഥ ഈ ഡോക്യുമെന്ററിയിലും വിഷയമാണ്. 

91–ാം അക്കാദമി അവാർഡ് പുരസ്‍കാരത്തിന് ഡോക്യുമെന്ററി വിഭാഗത്തിൽ മൽസരിക്കുന്ന 10 ചിത്രങ്ങളിലൊന്നാണ് പീരിയഡ്. ഫെബ്രുവരി 24 നാണ് ഓസ്കർ താരനിശ. തമിഴ്‍നാട്ടിലെ തഞ്ചാവൂരിൽ ആദ്യ ആർത്തവസമയത്ത് ആചാരത്തിന്റെ പേരിൽ ഓലഷെഡിലേക്കു മാറ്റിപ്പാർപ്പിച്ച ബാലിക ചുഴലിക്കാറ്റിൽ മരിച്ചതു കഴിഞ്ഞമാസമാണ്. ഏഴാം ക്ലാസ് വിദ്യാർഥിനി വിജയ എന്ന പെൺകുട്ടിയാണു നാടിനെ നടുക്കിയ ദുരന്തത്തിൽ അന്നു മരിച്ചത്.

രാത്രി ചുഴലിക്കാറ്റ് കനത്തപ്പോൾ പെൺകുട്ടി ആർത്തലച്ചു കരഞ്ഞത് അയൽക്കാർ കേട്ടിരുന്നു. ആദ്യ ആർത്തവ സമയത്തു പെൺകുട്ടികളെ വീടിനു പുറത്തുതാമസിപ്പിക്കണമെന്ന സമുദായ ആചാരം പാലിക്കുകയാണു ചെയ്തതെന്നും അപകടമുണ്ടാകുമെന്നു കരുതിയില്ലെന്നുമാണ് വീട്ടുകാർ പ്രതികരിച്ചത്. ആർത്തവ സമയത്ത് ഒരാഴ്ച മുതൽ 16 ദിവസം വരെ പെൺകുട്ടികൾ പുറത്തുകഴിയണമെന്ന ആചാരമാണ് തഞ്ചാവൂർ മേഖലയിലെ വിവിധ സമുദായങ്ങൾ അനുവർത്തിക്കുന്നത്. വിജയയുടെ സമുദായത്തിൽ ഇത് 16 ദിവസമായിരുന്നു.