സതിയും സ്ത്രീധനവും നിരോധിച്ചു, പിന്നെ എന്തുകൊണ്ട് മുത്തലാഖ്?: സ്മൃതി ഇറാനി

സ്മൃതി ഇറാനി

സ്ത്രീധനം നിരോധിക്കാൻ നീക്കം നടന്നപ്പോൾ എതിർപ്പുണ്ടായി. രണ്ടു പേർ തമ്മിലുള്ള കരാറാണ് വിവാഹമെന്നും സ്ത്രീധനത്തിന് സാമൂഹിക പ്രധാന്യമുണ്ട് എന്നുമൊക്കെയായിരുന്നു വാദങ്ങൾ. പക്ഷേ, സമൂഹത്തിന്റെ പുരോഗമനം ലക്ഷ്യമാക്കി സ്ത്രീധനം നിരോധിച്ചു; ബില്ലും കൊണ്ടുവന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെയും പുരോഗമനപരമായ മനസ്സോടെ വേണം കാണാൻ. ലോക്സഭയിൽ ഭരണപക്ഷത്തുനിന്ന് മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് ഏറ്റവും ശക്തമായും യുക്തിയോടെയും സംസാരിച്ചതു കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ചരിത്രത്തിലെ ഉദാഹരണങ്ങൾ ഉയർത്തിക്കാട്ടിയും പുണ്യഗ്രന്ഥങ്ങൾ ഉദ്ധരിച്ചും മുത്താലാഖ് ബിൽ എന്തുകൊണ്ട് കാലത്തിന്റെ ആവശ്യമാണെന്ന് വാദിക്കുകയായിരുന്നു അവർ. സ്ത്രീധന സമ്പ്രദായം മാത്രമല്ല, സതി നിരോധിച്ച സംഭവവും മന്ത്രി എടുത്തുകാട്ടി. ഓരോരോ കാലഘട്ടങ്ങളിൽ സമൂഹത്തിനു ദോഷം ചെയ്യുന്നു എന്നു ബോധ്യമായപ്പോൾ സ്ത്രീധനവും സതിയുമൊക്കെ നിരോധിച്ചെങ്കിൽ എന്തുകൊണ്ട് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെയും അംഗീകരിച്ചുകൂടാ എന്നായിരുന്നു മന്ത്രിയുടെ പ്രധാന ചോദ്യം.

ബില്ലിനെക്കുറിച്ച് ലോക്സഭയിൽ കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂറോളം നടന്ന ചർച്ചയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും സ്മൃതി ഇറാനിയുടെ വാക്കുകൾ. ആവേശവും യുക്തിയും യോജിപ്പിച്ച് ബില്ലിനെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു മന്ത്രി. വിവിധ മതങ്ങളിലെ ദുരാചാരങ്ങൾക്കെതിരെ നിയമം കൊണ്ടുവന്നപ്പോഴൊന്നും ഉയരാതിരുന്ന എതിർപ്പ് മുത്തലാഖിന്റെ കാര്യത്തിൽ ഉയരുന്നത് എന്തുകൊണ്ടാണെന്ന അദ്ഭുതവും മന്ത്രി പങ്കുവച്ചു.

മുസ്ലിം സമുദായത്തിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനാണ് മുത്തലാഖ് ബിൽ കൊണ്ടുവരുന്നത്.മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതു ക്രിമിനൽകുറ്റമാക്കുകയും നിയമം ലംഘിക്കുന്ന പുരുഷൻമാർക്ക് മൂന്നുവർഷം ജയിൽശിക്ഷയും ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെ അവകാശസംരക്ഷണവും തുല്യനീതിയുമാണ് ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത്– മന്ത്രി പറഞ്ഞു.

അധികാരത്തിലുണ്ടായിരുന്ന കാലത്ത് മുത്തലാഖ് നിരോധിക്കുന്ന ബിൽ കൊണ്ടുവരാതിരുന്നതിന്റെ പേരിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ വിമർശിക്കാനും അവർ മറന്നില്ല. മുത്തലാഖിനെ എതിർത്തതിന്റെ ഉദാഹരണങ്ങൾ ഖുറാനിൽതന്നെയുണ്ടെന്നും മന്ത്രി വാദിച്ചു. ഉദാഹരണങ്ങൾ വിശദമാക്കണമെന്ന് സിപിഎം അംഗം മുഹമ്മദ് സലിം ആവശ്യപ്പെട്ടെങ്കിലും വിശദാംശങ്ങളിലേക്ക് മന്ത്രി പോയില്ല. 

വിവാഹം ഒരു ഉടമ്പടിയാണെന്ന മുസ്ലിം വിശ്വാസം അംഗീകരിക്കുമ്പോൾതന്നെ അത് ഏകപക്ഷീയമായി റദ്ദാക്കാനുള്ള അധികാരം പുരുഷന് ഇല്ലെന്നായിരുന്നു സ്മൃതിയുടെ പ്രധാനവാദം. അങ്ങനെ ഒരാൾ മാത്രമായി വിവാഹം റദ്ദു ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാനും പുരുഷൻ തയാറാകണം– മന്ത്രി വാദിച്ചു.

1986–ൽ പാസ്സാക്കിയ മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണ ബില്ലിൽനിന്നുള്ള വ്യവസ്ഥകളും അവർ ചർച്ചയ്ക്കിടെ ഉദ്ധരിച്ചു. രാജീവ് ഗാന്ധിയാണ് ആ നിയമം കൊണ്ടുവന്നത്. പാർലമെന്റിൽ മണിക്കൂറുകൾ നീണ്ട ചൂടുപിടിച്ച ചർച്ചയ്ക്കുശേഷം 11–ന് എതിരെ 245 വോട്ടുകൾക്ക് മുസ്ലിം സ്ത്രീ അവകാശ ബിൽ–2018 അംഗീകരിച്ചു.