ലോകത്തെ കരയിച്ച ആ കുഞ്ഞ്, ദേ സ്കൂളിലേക്ക്

ഹോപ്പ് സ്കൂളിൽ പോകുന്ന ദൃശ്യം (ഇടത്), നേരത്തെ തെരുവിൽ നിന്നും ലഭിച്ചപ്പോഴുള്ള ചിത്രം (വലത്) ചിത്രം: അൻജ റിങ്റെൻ ലോവൻ

മരണത്തിന്റെ മടിത്തട്ടിൽ നിന്നാണ് ലോവൻ എന്ന സ്ത്രീ പുഴുവരിച്ച പട്ടിണിക്കോലത്തെ നെഞ്ചിലേക്ക് ചേർത്തു നിർത്തിയത്. ആ നെഞ്ചിലെ ചൂടുപറ്റി വളർന്ന ആൺകുഞ്ഞിന് അവർ ഹോപ്പ് എന്നു പേരു നൽകി. എന്നോ മാഞ്ഞുപോയ ചിരി അവന്റെ മുഖത്ത് ഇന്നു വീണ്ടും തിളങ്ങുന്നുണ്ട്. അതിനൊരു കാരണമുണ്ട് കക്ഷിയിപ്പോൾ ഒരു സ്കൂൾ കുട്ടിയാണ്. കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു തിമിർത്തു നടന്ന് അവൻ ബാല്യം ആഘോഷിക്കുകയാണ്.

പേരിനൊപ്പം ലോവൻ എന്ന വളർത്തമ്മ അവനു നൽകിയത് ഒരു ആയുസ്സിലേക്കുള്ള പ്രതീക്ഷയാണ്. ഹോപ് എന്ന ബാലനെക്കുറിച്ച് നിങ്ങളെ ഓർമപ്പെടുത്താൻ ഒരൊറ്റചിത്രം മതി. പട്ടിണിക്കോലത്തെ ചേർത്തുപിടിച്ച് കുപ്പിവെള്ളം അവന്റെ വായോടുചേർക്കുന്ന ഒരു സ്ത്രീയുടെ ചിത്രം. ആ ചിത്രത്തിന് പറയാൻ നെഞ്ചുനീറ്റുന്ന ഒരു കഥയുണ്ടായിരുന്നു. നൈജീരിയയിലെ തെരുവിൽ വെച്ചാണ് ജീവകാരുണ്യ പ്രവർത്തകയായ അൻജ റിങ്റെൻ ലോവൻ എന്ന ഡാനിഷ് യുവതി ഒരു പിഞ്ചു പട്ടിണിക്കോലത്തെ കണ്ടെത്തുന്നത്. പുഴുവരിച്ചു മരണാസന്നനായ ആ കുഞ്ഞിന് ഒരു കുപ്പിവെള്ളം നൽകുകയാണ് അവർ ആദ്യം ചെയ്തത്. ശേഷം അവന്റെ മാതാപിതാക്കളെ തിരഞ്ഞു.

ഒരുവർഷം മുൻപ് ലോവൻ തെരുവിൽ നിന്നും ഹോപ്പിനെ ഏറ്റെടുത്തപ്പോൾ. ചിത്രം: അൻജ റിങ്റെൻ ലോവൻ

ആ അന്വേഷണം ലോവനെക്കൊണ്ടെത്തിച്ചത് ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകളിലേക്കാണ്. ദുർമന്ത്രവാദിയാണെന്നാരോപിച്ചാണ് പിഞ്ചുകുഞ്ഞിനെ അവന്റെ അച്ഛനമ്മമാർ തെരുവിൽത്തള്ളിയത്. അവൻ മരിക്കട്ടെ എന്നുതന്നെയായിരുന്നു അവരുടെ ആഗ്രഹവും. എന്നാൽ ഒരു പിഞ്ചുകുഞ്ഞിനെ അറിഞ്ഞുകൊണ്ടു മരണത്തിലേക്കു തള്ളിവിടാൻ ലോവനായില്ല. അവൾ അവനെ ഏറ്റെടുത്തു. ആദ്യം പോയത് ഒരു ആശുപത്രിയിലേക്കായിരുന്നു. ആദ്യം തന്നെ അവന്റെ ശരീരത്തിലെ പുഴുക്കളെ എടുത്തു കളഞ്ഞു വൃത്തിയാക്കി. പിന്നീട് രക്തം നൽകി. ചുവന്ന രക്താണുക്കൾ അവൻെറ ശരീരത്തിൽ വളരെക്കുറവായതിനാലായിരുന്നു അത്. ആശുപത്രി അധികൃതരുടെയും ലോവന്റെയും പരിചരണംകൊണ്ട് പതിയെ കുഞ്ഞു ഹോപ്പ് ജീവിതത്തിലേക്കു തിരിച്ചു വന്നു. നല്ല ഭക്ഷണവും പരിചരണവും കിട്ടിയപ്പോൾ അവൻ മനുഷ്യക്കോലത്തിലേക്കു തിരിച്ചു വന്നു.

2016 ജനുവരി 30 ന് താൻ ഏറ്റെടുത്ത കുഞ്ഞിന്റെ ചിത്രം പിന്നീട് ലോവൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ആരെയും അമ്പരിപ്പിക്കാൻ പോന്നതായിരുന്നു ഹോപ്പിന്റെ മാറ്റം. ഹോപ്പ് സ്കൂളിൽ പോകാൻ തയാറെടുക്കുകയാണ് എന്ന സന്തോഷവാർത്തയും ലോവൻ ഫെയ്സ്ബുക്കിലൂടെ ലോകവുമായി പങ്കുവെയ്ക്കുന്നു. ആഫ്രിക്കൻ ചിൽഡ്രൻസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡെവലപെമെന്റ് ഫൗണ്ടേഷൻ സ്ഥാപകയായ ലോവൻ മൂന്നുവർഷം മുമ്പാണ് ആഫ്രിക്കയിലെത്തിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം അനാഥരാക്കപ്പെട്ട ആയിരത്തോളം കുട്ടികൾക്ക് സംരക്ഷണം നൽകാൻ ലോവനായിട്ടുണ്ട്.

പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം. ചിത്രം: അൻജ റിങ്റെൻ ലോവൻ

ലോവനും ഭർത്താവ് ഡേവിഡ് ഇമാനുവൽ ഉമെനും ചേർന്ന് കഴിഞ്ഞ ജനുവരിയിൽ സ്വന്തമായി ഒരു അനാഥാലയം തുടങ്ങുകയും രക്ഷിച്ചുകൊണ്ടു വരുന്ന കുട്ടികൾക്കു വേണ്ട ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും നൽകുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും കുഞ്ഞുങ്ങളുടെ പുതിയ വിശേഷത്തെക്കുറിച്ചുമെല്ലാം ലോവനും ഭർത്താവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.