അച്ഛന്റെ മരണം തമാശയാക്കി; സേവാഗിന് ചുട്ടമറുപടി

തന്റെ കൂട്ടുകാർക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചപ്പോഴാണ് അവൾക്ക് സാമൂഹമാധ്യമങ്ങളിലൂടെ മാനഭംഗഭീഷണി നേരിടേണ്ടി വന്നത്.

അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ ആ അഭിപ്രായം മറ്റൊരാളുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നതായാലോ? ഒരാളുടെ അച്ഛന്റെ മരണത്തെ തമാശയായിക്കാണുന്ന അഭിപ്രായപ്രകടനത്തെ എങ്ങനെ ന്യായീകരിക്കാനാകും? ചോദിക്കുന്നത് ഗുർമെഹർ കൗർ. തന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണ് എന്ന് പ്ലക്കാർഡിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞ മകൾ. തന്നെ പരിഹസിച്ചുകൊണ്ടുള്ള വീരേന്ദർ സേവാഗിന്റെ ട്വിറ്റർ പോസ്റ്റിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചുകൊണ്ട് അവൾ പറഞ്ഞതിങ്ങനെ. ദേശീയതയെക്കുറിച്ചും സ്വാതന്ത്രപ്രഖ്യാപനത്തെക്കുറിച്ചുമൊക്കെ ഡിബേറ്റുകളിൽ ഘോരഘോരം പ്രസംഗിച്ച ലേഡി ശ്രീറാം കോളേജിലെ ഈ ബിരുദവിദ്യാർത്ഥിനി ഇപ്പോൾ എബിവിപി പ്രവർത്തകരുടെ കണ്ണിലെ കരടാണ്. തന്റെ കൂട്ടുകാർക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചപ്പോഴാണ് അവൾക്ക് സാമൂഹമാധ്യമങ്ങളിലൂടെ മാനഭംഗഭീഷണി നേരിടേണ്ടി വന്നത്.

അനാവശ്യമായ വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെട്ട പെൺകുട്ടിക്ക് പറയാനുള്ളതെന്താണ്?

ആ ഫെയ്സ്ബുക്ക് പോസ്റ്റ് വളരെ ആവേശത്തിൽ എഴുതിയതാണ്. എന്റെ കൂട്ടുകാർ രാംജാസ് കോളജിനെ പിന്തുണയ്ക്കാനാണ് ശ്രമിച്ചത്. പക്ഷെ അവർക്കു നേരിടേണ്ടി വന്നത് കടുത്ത അപമാനവും. ഈ സംഭവം നടക്കുമ്പോൾ ഞാൻ ഹോസ്റ്റൽ മുറിയിലായിരുന്നു. അവർക്കുവേണ്ടി ഇത്രയുമെങ്കിലും ചെയ്യണമെന്നെനിക്കു തോന്നി. കാരണം അക്രമമില്ലാത്ത, സ്വതന്ത്രമായ സുരക്ഷിതമായ ക്യാംപസാണ് ഞങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നം. എന്റെ അച്ഛനെക്കൊന്നത് പാക്കിസ്താനല്ല യുദ്ധമാണ് എന്നെഴുതിയ പ്ലാക്കാർഡാണ് വിവാദങ്ങൾക്കു കാരണമെങ്കിൽ ജനങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. ദയവുചെയ്ത് നിങ്ങൾ ആ വിഡിയോ മുഴുവൻ കാണണം. എങ്കിൽ മാത്രമേ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കു മനസ്സിലാകൂ.

കാർഗിൽ രക്തസാക്ഷിയുടെ മകളാണെന്ന് ഞാൻ ഒരിക്കലും ഈ പുതിയ ക്യാംപെയിനിൽ പരാമർശിച്ചിട്ടില്ല.

കാർഗിൽ രക്തസാക്ഷിയുടെ മകളാണെന്ന് ഞാൻ ഒരിക്കലും ഈ പുതിയ ക്യാംപെയിനിൽ പരാമർശിച്ചിട്ടില്ല. എന്റെ അച്ഛൻ ആരാണെന്നോ എന്താണന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു വിഡിയോ ആരൊക്കെയോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണിപ്പോൾ. ചിലർ പറയുന്നു അച്ഛന്റെ ത്യാഗം വിറ്റു ഞാൻ കാശാക്കിയെന്ന്. എങ്ങനെയാണ് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്നത്. ആ പ്ലക്കാർഡിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ടു അവരോട് പറയാനുള്ളതിതാണ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഒരാളുടെ മരണത്തെ തമാശയാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും. ആ പോസ്റ്റിന്റെ പേരിൽ നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഭീഷണികളാണ് മെസേജിലൂടെയും പോസ്റ്റിനു പ്രതികരണമായും ലഭിച്ചത്. സമൂഹമാധ്യമത്തിലെ പ്രൊഫൈൽ ചിത്രത്തിനു താഴെയായി കമന്റുകളായാണ് ഭീഷണി വരുന്നത്. ഒരു കമന്റിൽ രാഹുൽ എന്നയാൾ തന്നെ മാനഭംഗം ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചിട്ടുമുണ്ട്. ഇതു പേടിപ്പെടുത്തുന്നതാണ്.

ആ പ്ലക്കാർഡിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ടു അവരോട് പറയാനുള്ളതിതാണ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഒരാളുടെ മരണത്തെ തമാശയാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും.

ചില രാഷ്ട്രീയ നേതാക്കൾ ഇവളെ അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിനോടുപമിക്കുകപോലുമുണ്ടായി. വധഭീഷണികളിലും മാനഭംഗഭീഷണികളിലും തളരാതെ മുന്നോട്ടുതന്നെ എന്നുറച്ചവൾ ഒടുവിൽ താൻ ഒന്നിനുമില്ല തന്നെ വെറുതേവിട്ടേക്കൂ എന്നുപറഞ്ഞുകൊണ്ട് സമരത്തിൽ നിന്നും പിൻവാങ്ങി. രാംജാസ് കോളജിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കില്ലെന്നു ഗുർമേഹർ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ''പ്രചാരണത്തിൽനിന്നു ‍ഞാൻ പിന്മാറുകയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. എന്നെ തനിച്ചുവിടണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്നും''- ഗുർമെഹർ പറയുന്നു.ഇരുപതാം വയസ്സിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. മാർച്ച് നടത്തേണ്ടത് അവിടുത്തെ വിദ്യാർഥികളാണ്. ഞാനല്ല. കൂടുതൽ പേർ പങ്കെടുത്തു പ്രതിഷേധം വിജയിപ്പിക്കണം. എല്ലാവർക്കും ആശംസകളെന്നും കൗർ ട്വിറ്ററിൽ കുറിച്ചു. ഒരുകൂട്ടം പോസ്റ്റുകൾ തുടർച്ചയായി ഇട്ടാണ് ഗുർമേഹർ നിലപാടു വ്യക്തമാക്കിയത്.