Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം രൂപത്തെ വെറുക്കുന്നവർ വായിക്കണം

kate-dinota Photo Credit: Kate Dinota.

കെയ്‍റ്റ് ഡിനോട്ടയുടെ മുടിയിഴകൾക്കിടെ ആദ്യത്തെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് ഏഴാം വയസ്സിൽ. അമ്മയാണതു കണ്ടുപിടിച്ചത്. 14 വയസ്സായപ്പോഴേക്കും മുടിയിഴകൾ വെളുക്കുന്നത് ഒഴിവാക്കാൻ ഡൈ ചെയ്തു തുടങ്ങി. 28 വയസ്സ് ആയപ്പോഴേക്കും ഏകദേശകണക്കു നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. മുടി ഡൈ ചെയതു കറുപ്പിക്കാൻവേണ്ടി സലൂണുകളിൽ‌ അതിനോടകം ചെലവിട്ടത് ആയിരം മണിക്കൂർ. പതിനെണ്ണായിരം ഡോളറും. അന്നൊരു തീരുമാനമെടുത്തു. ഇനി മുടി കറുപ്പിക്കുന്നതു നിർത്തുക. പകരം മുടിയുടെ നിറം എന്താണെങ്കിലും അംഗീകരിക്കുക. 

കെയ്റ്റ് ഡൈ ചെയ്യുന്നതു നിർത്തുക മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ ഡൈ ഉപേക്ഷിച്ചവരും വെറുക്കുന്നവരുമായ ഒരു കമ്മ്യൂണിറ്റുയുടെ ഭാഗവുമായി.  മാർത്ത ട്രസ്‍ലോ സ്മിത്ത് എന്ന ഇരുപത്തിയാറുകാരി യുവതിയാണ് ഡൈ ഉപേക്ഷിച്ചവരുടെ കൂട്ടായ്മ ഇൻസ്റ്റഗ്രാമിൽ തുടങ്ങുന്നത്. സ്വന്തം രൂപത്തിൽ നിലനിൽക്കാൻ ആഗ്രഹിച്ച അവർ സമൂഹത്തിൽനിന്നു വേണ്ടത്ര പിന്തുണ കിട്ടാതെവന്നപ്പോഴാണ് ഇൻസ്റ്റഗ്രാം സഹായം തേടിയത്. പതിനായിരത്തോളം അംഗങ്ങളുണ്ട് ഇപ്പോൾ കൂട്ടായ്‍മയിൽ.എല്ലാവരും തങ്ങളുടെ സ്വാഭാവികമായ മുടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനൊപ്പം പോസിറ്റീവ് എനർജി സമ്മാനിക്കുന്ന വാക്കുകളും പങ്കുവയ്ക്കുന്നു. 

ഇങ്ങനെയാണ് യഥാർഥ സ്ത്രീകൾ, സാധാരണക്കാരായവർ. പ്രായം കൂടുതൽ തോന്നിപ്പിക്കാത്ത രീതിയിൽ പ്രത്യക്ഷപ്പെടാനും മുടി കറുപ്പിക്കാനുമൊക്കെ സമ്മർദങ്ങളുണ്ടായിരുന്നു. ഞാനവയൊക്കെ അതിജീവിച്ചു. ഞാൻ എങ്ങനെയാണെന്ന് ഇപ്പോഴെനിക്കറിയാം.. അതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയുള്ളവരുടെ സൗഹൃദം പങ്കുവയ്ക്കുന്നു– കേറ്റ് പറയുന്നു. 

വലിയ സമ്മർദത്തെ അതിജീവിച്ചാണ് ഡൈ ചെയ്യുന്നതുൾപ്പെടെയുള്ള ഒഴിയാബാധകളിൽനിന്നു കേറ്റ് രക്ഷപ്പെടുന്നത്. നിങ്ങൾ കരിയറിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ. ചെറുപ്പമായിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. കുട്ടികളെക്കുറിച്ച് നിങ്ങൾ എന്താണു ചിന്തിക്കാത്തത്..തുടങ്ങിയ അനേകം ചോദ്യങ്ങൾ കേറ്റ് നേരിട്ടു. വിമർശനങ്ങളെ ആത്മവിശ്വാസത്താൽ നേരിട്ടു. 

കറുപ്പിനു പകരം മുടിക്കു ചാരനിറവും വെള്ള നിറവുമൊക്കെയുള്ള സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തുമുണ്ട്. ഡൈ ചെയ്തു മുടി വെളുപ്പു നിറത്തിലാക്കുന്നവർ പോലുമുണ്ട്. അതിപ്പോൾ ഒരു ഫാഷനുമാണ്. 

ലേഡി ഗാഗ ഉൾപ്പെടെയുള്ള പ്രശസ്തരായ അനേകം പേർ വെള്ളിമുടിയിഴകളെ പ്രശസ്തമാക്കിയിരിക്കുന്നു. മുടി വെള്ള നിറത്തിലാക്കണം എന്നാവശ്യപ്പെട്ട് സലൂണുകളുടെ സമീപിക്കുന്നവരും ഇപ്പോഴുണ്ട്. നടിമാർക്കും മോഡലുകൾക്കുമൊക്കെ മെയ്ക് അപിന് വലിയൊരു ടീം തന്നെയുണ്ട്. ഓരോ കാലത്തെയും ഫാഷൻ അനുസരിച്ച് അവർക്കു വേഗം മാറാനും കഴിയും. സാധാരണക്കാരുടെ അവസ്ഥ അതല്ല. 

ആയിരക്കണക്കിനു ഡോളർ ചെലവിട്ട് മുടി ഗ്രേ ആക്കാൻ എത്രയോ പേർ പരിശ്രമിക്കുമ്പോൾ വെള്ളിമുടിയിഴകളെ കറുപ്പിക്കാൻ ഇതാ ഇവിടെ ഒരാൾ ബുദ്ധിമുടുന്നു.കെയ്റ്റിന് സ്വന്തം അവസ്ഥ അങ്ങനെയാണു തോന്നിയത്.  ചരിത്രം പരിശോധിച്ചാൽ വെള്ളിമുടിയിഴകളെ ബുദ്ധിയുടെ ലക്ഷണമായാണ് കണ്ടതെന്നു മനസ്സിലാക്കാം. ഓരോ രാജ്യക്കാർക്കും വ്യത്യസ്തമായ സംസ്കാരവും ജീവിതരീതിയും ഉള്ളതുപോലെ മുടിയുടെ നിറത്തിനും മാറ്റമുണ്ട്. 20 വയസ്സ് ആകുമ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങളിലുള്ള ചിലരുടെ മുടി വെളുക്കാൻ തുടങ്ങും. ഇങ്ങനെയുള്ള യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ഡൈ ചെയ്യാനും മറ്റും ലക്ഷങ്ങൾ ചെലവാക്കുന്നവർ യാഥാർഥ്യം തിരിച്ചറിയുന്നില്ല. 

സ്വയം സംശയിക്കുന്ന, സ്വന്തം രൂപത്തിൽ ആത്മവിശ്വാസമില്ലാത്തവർക്കായി മാർത്ത തുടങ്ങിയ കൂട്ടായ്മ വലിയൊരു സന്ദേശമാണ് പകരുന്നത്. ലോകമെങ്ങുമുള്ള ആയിരങ്ങൾക്കും വെളിച്ചവും ആത്മവിശ്വസവും നൽകുന്ന സാമൂഹിക സേവനം.