Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലത് ജഹാൻ; ഭോപ്പാലിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവർ

talat-jahan-77 Talat Jahan. Photo Credit: ANI

ജീവിതം നൽകിയ കയ്‌പ്പേറിയ അനുഭവങ്ങളും അവയ്ക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് തലത് ജഹാൻ എന്ന യുവതിയെ ഭോപ്പാലിലെ ആദ്യത്തെ ഓട്ടോ ഡ്രൈവറുടെ സീറ്റിലെത്തിച്ചത്. സമൂഹത്തിന്റെ പൊതുധാരണകളെ മാറ്റിമറിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍ എന്ന ജോലി തിരഞ്ഞെടുത്തപ്പോൾ അവർക്ക് തുണയായത് അമ്മയാണ്. മകളുടെ സുരക്ഷയെക്കുറിച്ചു ആകുലപ്പെടുന്ന പൊതുജനത്തോട് ഈ അമ്മ പറയുന്നതിങ്ങനെ:-  ''ഞാന്‍ എന്റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു. അപകടങ്ങളോ അത്യാഹിതങ്ങളോ വീട്ടിലിരുന്നാലും സംഭവിക്കാം അതുകൊണ്ട് അവളെ വീടിനുള്ളില്‍ അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല''.

ഗാര്‍ഹിക–സ്ത്രീധന പീഡനങ്ങളുടെ ഇരയാണ് തലത് ജഹാൻ‍. 'സ്ത്രീകളെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് സമൂഹത്തിന്റെ ധാരണ. ഇത് തെറ്റാണ്. ഞങ്ങളെക്കുറിച്ച് തെറ്റായ ധാരണയൊന്നും വേണ്ട. സാധ്യമായത് എന്തും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയും'- തലത് ജഹാൻ പറയുന്നു. 2016 മുതല്‍ ഓട്ടോ ഓടിക്കുന്നതില്‍ പരിശീലനം നേടിയിരുന്നുവെങ്കിലും രണ്ടുമാസം മുമ്പാണ് ഡ്രൈവിങ് ജീവിതമാര്‍ഗ്ഗമാക്കിയത്.

'രാവിലെ എട്ടുമണിയാകുമ്പോള്‍ ജോലിക്ക് പോകുന്ന  മകള്‍ ഏഴുമണിയോടെ തിരിച്ചെത്തും. നാനൂറ് മുതല്‍ അഞ്ഞൂറ് രൂപവരെ അവള്‍  ദിവസേന സമ്പാദിക്കുന്നുണ്ട്. ഞാന്‍ എന്റെ മകളെയോര്‍ത്ത് അഭിമാനിക്കുന്നു'- തലത് ജഹാന്റെ അമ്മ പറയുന്നു. പുരുഷാധിപത്യം നിറഞ്ഞ തൊഴില്‍ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയതിന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല ഭോപ്പാലിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രാവറായ തലത് ജഹാൻ.