Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആംബുലൻസില്ല, പൂർണ്ണഗർഭിണിയെ കൈകളിലേന്തി ആശുപത്രിയിലെത്തിച്ചു; പൊലീസിന് സല്യൂട്ട്

police-carry-pregnant-woman-02 Photo Credit: ANI (Twitter)

ആംബുലൻസ് കൃത്യസമയത്തു ലഭിക്കാതിരുന്നതിനെത്തുടർന്ന് മൃതദേഹവും ചുമന്നു നടക്കേണ്ടിവന്നവർ വാർത്തകളിൽ നിറഞ്ഞിരുന്നു അടുത്തിടെയും. കഠിനമായ മലനിരകളിലൂടെയും കൊടുംകാട്ടിലൂടെയും രോഗികളെ ചുമന്നുനടന്നവരെക്കുറിച്ചുള്ള വാർത്തകളും ഉത്തരേന്ത്യയിൽനിന്ന് വന്നിരുന്നു. ആ വാർത്തകളൊക്കെ തൽക്കാലത്തേക്കെങ്കിലും മറക്കാം. കാരണം ഉത്തർപ്രദേശിൽ മഥുരയിലെ ഒരു പൊലീസുകാരനാണ് ഇപ്പോഴത്തെ വാർത്താതാരം. ആംബുലൻസ് എത്താതിരുന്നതിനെത്തുടർന്ന് മരണത്തെ മുഖാമുഖം കണ്ട ഗർഭിണിയായ യുവതിയെ പൊലീസുകാരൻ തന്റെ കൈകളിലേന്തി നടന്നു. വൈകാതെ മഥുരയിലെ ജില്ലാ ആശുപത്രിയിൽ അവരെ എത്തിച്ചതിനാൽ ഒരു യുവതിയുടെയും കുഞ്ഞിന്റെയും ജീവനും രക്ഷിച്ചു.

അവിശ്വസനീയമായ സംഭവം നടന്നത് സെപ്റ്റംബർ 14 ന്. സോനു കുമാർ എന്നാണ് പൊലീസുകാരന്റെ പേര്. മഥുരയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ആയിരുന്നു അദ്ദേഹം. പുറത്ത് ഒരു ബഹളം നടക്കുന്നതുകണ്ടാണ് സോനുകുമാർ ശ്രദ്ധിച്ചത്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രസവ വേദനകൊണ്ടു പിടയുകയാണു യുവതി. കോടതിയിലേക്കുള്ള യാത്രയിലായിരുന്നു സോനുകുമാർ. യാത്ര ഉപേക്ഷിച്ച് പെട്ടെന്നുതന്നെ യുവതിയുടെ അടുത്തുവന്ന അദ്ദേഹം ആംബുലൻസ് വിളിച്ചു. മണിക്കൂറുകൾ കാത്തിരുന്നെങ്കിലും ആംബുലൻസ് എത്തിയില്ല. ഒടുവിൽ ഒരു റിക്ഷയിൽ സോനുകുമാർ യുവതിയെ അടുത്തുതന്നെയുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. യുവതിയെ വേഗം മികച്ച ആശുപത്രിയിൽ എത്തിച്ച് അഡ്മിറ്റ് ചെയ്യണമെന്ന് അവർ അറിയിച്ചു. യുവതിയെ താങ്ങിക്കൊണ്ടുപോകാൻ സ്ട്രെച്ചർ വേണമെന്ന്  ആവശ്യപ്പെട്ടെങ്കിലും അതും അവിടെ ലഭ്യമായിരുന്നില്ല. 

സഹായത്തിനുവേണ്ടി നിലവിളിക്കുകയായിരുന്നു യുവതിയും ഭർത്താവും. ഒടുവിൽ കാത്തിരുപ്പ് വെറുതെയായപ്പോൾ സോനുകുമാർ യുവതിയെ തോളിലെടുത്ത് ജില്ലാ ആശുപത്രിയിലേക്കു നടന്നു. ആശുപത്രിയിലെത്തി അധികം വൈകാതെ യുവതി കുട്ടിക്കു ജൻമം നൽകി. ഭാവന എന്നാണു യുവതിയുടെ പേര്. മഹേഷ് ഭർത്താവും. ദമ്പതികൾക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല സോനുകുമാറിനോട്. സോനുകുമാറിനോടു ഞങ്ങൾക്കുള്ള കടപ്പാടിനു പരിധിയില്ല. എങ്ങനെ നന്ദി പറയണമെന്നും ഞങ്ങൾക്ക് അറിയില്ല– ദമ്പതികൾ പറയുന്നു.