Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ; അഭിഭാഷകർക്കും പറയാനുണ്ട്

veera-mahuli-rutuja-shinde-01 വീര മഹുളി, റുടുജ ഷിൻഡെ

പത്തോ ഇരുപതോ വർഷമായി എവിടെയായിരുന്നു എന്നു ചോദിക്കുന്നവരുണ്ട്. ഉറക്കമായിരുന്നോ എന്ന് അന്വേഷിക്കുന്നവരുണ്ട്. അവർ മനസ്സിലാക്കാത്ത ഒന്നുണ്ട്– അപമാനത്തിന്റെ വേദനയുമായി ജീവിച്ച നാളുകളിലെ ദൈന്യം,ദുരിതങ്ങൾ,തല താണുപോകുന്ന അവസ്ഥ. ഒടുവിൽ പ്രിയപ്പെട്ടവരുടെ പിന്തുണ ആർജിച്ച്, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളെ മനസ്സിലാക്കി നടത്തുന്ന തുറന്നുപറച്ചിൽ. അതുവരെയുള്ള ലോകം കീഴ്മേൽ മറിയുന്ന അവസ്ഥ. ഇനിയും പറയാതെയിരിക്കാൻ വയ്യ എന്ന അവസ്ഥയിൽവച്ചാണ് ചിലരെങ്കിലും സത്യം തുറന്നുപറയുന്നതും ഭാവിയിലെ പ്രതിസന്ധികളെ നേരിടാൻ ഒരുങ്ങുന്നതും. 

മീ ടൂ ഇന്ത്യ, ടൈംസ് അപ് എന്നീ പേരുകളിൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന വെളിപ്പെടുത്തൽ വ്യാപിച്ചു കൊണ്ടിരിക്കുകയാ ണെങ്കിലും ഇരകൾ നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ചും നിയമവശങ്ങൾ. വെളിപ്പെടുത്തൽ നടത്തുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. ഇതിനൊരു പരിഹാരം നിർദേശിക്കുകയാണ് രണ്ട് വനിതാ അഭിഭാഷകർ. ഡൽഹിയിൽനിന്നുള്ള വീര മഹുളിയും മുംബൈയിൽനിന്നുള്ള റുടുജ ഷിൻഡെയും. ഇപ്പോൾ ശൈശവ ദശയിലുള്ള തുറന്നുപറച്ചിൽ വിപ്ലവത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഇരകൾക്കും ശക്തിയും പിന്തുണയും ഉറപ്പാക്കുകയാണ് രണ്ടുപേരുടെയും ദൗത്യം. 

എത്ര ഉന്നതരാണെങ്കിലും പീഡിപ്പിച്ചവരെക്കുറിച്ചു തുറന്നുപറയുകയാണ് ആദ്യഘട്ടം. അതോടെ കാത്തിരിക്കുന്നതു നിയമപ്രശ്നങ്ങളായിരിക്കും. പ്രത്യേകിച്ചും പീഡിപ്പിച്ചവരും പീഡനത്തിനു ശ്രമിച്ചവരും ഉന്നതരാണെങ്കിൽ ഭീഷണി ഉൾപ്പെടെയുള്ള സാഹചര്യങ്ങളെയും നേരിടേണ്ടിവരും. ഈ ഘട്ടത്തിൽ ആവശ്യമുള്ള നിയമസഹായം ഉറപ്പാക്കുന്നു വീരയും റുടുജയും. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ട്വിറ്ററിലൂടെ മാത്രം പുറത്തുവന്നത് 50–ൽ അധികം പേരുടെ പേരുകൾ. പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണിത്. നിയമഉപദേശങ്ങളും മറ്റു സഹായങ്ങളും കിട്ടിയില്ലെങ്കിൽ പോരാട്ടത്തിന്റെ ഭാവി ഇരുണ്ടുപോകും. അതു പാടില്ലെന്നും വിപ്ലവം മുന്നോട്ടു പോകുന്നുണ്ടെന്നും ഉറപ്പിക്കുകയാണ്  വനിതാ അഭിഭാഷകർ. 

എന്തുകൊണ്ട് വർഷങ്ങളായി നിശ്ശബ്ദതത പാലിച്ചു എന്നൊരു ചോദ്യമുണ്ട്. കാരണം ഒന്നേയുള്ളൂ– നമ്മുടെ നിയമസംവിധാനത്തിൽ ഇരകൾക്കുള്ള വിശ്വാസം ഇല്ലായ്മ. തുറന്നുപറച്ചിലുകളോടെ തങ്ങൾ കോടതി കയറിയിറങ്ങേണ്ടിവരുമോ എന്ന ആശങ്ക. ഭീഷണിയും മറ്റും തുടർന്നാൽ എന്താകും ഭാവി എന്ന പേടി. ഇത്തരം അവസ്ഥയിലാണു സഹായം വേണ്ടതെന്നു പറയുന്നു വീര. 

റുടുജയും വീരയും ഒറ്റയ്ക്കല്ല. രാജ്യമെങ്ങുമുള്ള അനേകം അഭിഭാഷകരുമായി ചേർന്ന് ഒരു ചങ്ങല പോലെ പ്രവർത്തിക്കുകയാണ് അവർ. ആർക്ക് എവിടെ ആവശ്യം വന്നാലും സമീപിച്ചാൽ‌ നിയമസഹായം തങ്ങൾ ഉറപ്പാക്കുമെന്ന് ഇരുവരും പറയുന്നു. പരാതി ആർക്ക് എങ്ങനെ കൊടുക്കണം തുടങ്ങിയ കാര്യങ്ങളിൽ നിയമോപദേശം നൽകാനും ഇവർ ഒരുക്കമാണ്. ഭീഷണിയോ മറ്റോ ഉണ്ടായാലും കോടതികളുമായി ബന്ധപ്പെട്ടു കേസ് നടത്താനും തയാറാണെന്ന് ഇരുഅഭിഭാഷകരും വ്യക്തമാക്കുന്നു.രണ്ടുവർഷമായി ബോംബെ ഹൈക്കോടതിയിലാണ് റുടുജ പ്രാക്റ്റീസ് ചെയ്യുന്നത്. shinde@gmail.com ട്വിറ്ററിലൂടെ വീര മഹുളിയെയും ബന്ധപ്പെടാം. @veeramahuli