Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ ഇന്ത്യയിൽ വേണ്ട: ബിജെപി എം പി

nana-patekar-tanshree.png.image.784.410 തനുശ്രീ,നാനാ പടേക്കർ

നാനാ പടേക്കർക്ക് നോട്ടിസ്

മുംബൈ∙ നടി തനുശ്രീ ദത്ത നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ 10 ദിവസത്തിനുള്ളിൽ നേരിട്ട് ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്യാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മിഷൻ മുതിർന്ന നടൻ നാനാ പടേക്കർക്ക് നോട്ടിസ് അയച്ചു. തനുശ്രിയുടെ പരാതിയിലെ നടപടി അറിയിക്കാൻ മുംബൈ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കമ്മിഷനിൽ നേരിട്ടു ഹാജരായി നൽകാൻ തനുശ്രീയോടും ആവശ്യപ്പെട്ടു. 

അലോക് നാഥിന് നോട്ടിസ് അയയ്ക്കും

മുംബൈ ∙ തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിൽ സിനി ആൻഡ് ടിവി ആർടിസ്റ്റ്്‌സ് അസോസിയേഷൻ നടൻ അലോക് നാഥിന് കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കും. 1993ൽ സീ ടിവിയിലെ താര എന്ന ഷോയിൽ നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യത്തിൽ നടൻ തന്നെ ഒന്നിലേറെ തവണ പീഡിപ്പിച്ചെന്നാണ് ആരോപണം.  

ഹോട്ട്‌സ്റ്റാർ ഷോ ഒഴിവാക്കി

മുംബൈ ∙ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 'ഓൺ എയർ വിത്ത് എഐബി സീസൺ-3' എന്ന ഷോ ഹോട്ട്‌സ്റ്റാർ ഒഴിവാക്കി. എഐബി പ്രൊഡക്‌ഷൻ ഹൗസിന്റെ ഭാഗമായ ഉത്സവ് ചക്രവർത്തി എന്ന കൊമേഡിയനെതിരെ ഉയർന്ന പരാതികളിൽ നടപടി സ്വീകരിച്ചില്ല എന്ന ആരോപണത്തെ തുടർന്ന് എഐബിയുടെ സ്ഥാപകരിൽ ഒരാളും സിഇഒയുമായ തൻമയ് ഭട്ട് ചുമതലകൾ ഒഴിഞ്ഞു. തങ്ങൾക്ക് നഗ്നചിത്രങ്ങൾ അയച്ചെന്ന് ഒട്ടേറെ സ്ത്രീകൾ ചക്രവർത്തിക്ക് എതിരെ ആരോപണം ഉന്നയിച്ചിരുന്നു. ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന സ്ഥാപകരിൽ ഒരാളായ ഗുർസിമ്രാൻ ഖംബ അവധിയിലുമാണ്. എഐബിയുടെ ചിന്റു കാ ബർത്ത്‌ഡേ, മാധ്യമപ്രവർത്തകയോടു മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രജത്കപുറിന്റെ കഡക് എന്നീ സിനിമകൾ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (മാമി) ചലച്ചിത്രോത്സവത്തിൽ നിന്ന് ഒഴിവാക്കി. 

രാധാ രവിക്കും വൈരമുത്തുവിനും എതിരെ 

ചെന്നൈ ∙ നടനും നിർമാതാവുമായ രാധാ രവിക്കെതിരെ പീഡനാരോപണം. പേര് െവളിപ്പെടുത്താത്ത യുവതി അയച്ച സന്ദേശം ചലച്ചിത്ര നിരൂപകയും  എഴുത്തുകാരിയുമായ കാവ്യനക്ഷത്ര ട്വീറ്റ് ചെയ്യുകയായിരുന്നു. രാധാ രവിയുടെ വീട്ടിൽവച്ച് അപമര്യാദയായി പെരുമാറിയെന്നാണു ആരോപണം. അതിനിടെ, കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെ ആരോപണവുമായി ഗായിക ചിന്മയിയും രംഗത്തെത്തി. വർഷങ്ങൾക്കു മുൻപ് സ്വിറ്റ്സർലൻഡിലെ സംഗീത പരിപാടിക്കിടെ വൈരമുത്തു മോശമായി പെരുമാറിയെന്നാണ് ആരോപണം.

ഇന്ത്യയിൽ വേണ്ട; ബിജെപി എം പി

ന്യൂഡൽഹി ∙  മീ ടു പ്രസ്ഥാനം സുപ്രധാനം തന്നെ. എന്നാൽ 10 വർഷം കഴിഞ്ഞ് ലൈംഗിക പീഡനം ആരോപിക്കുന്നതിന്റെ അർഥമെന്താണ്?– ബിജെപി എംപി ഉദിത് രാജ് ചോദിക്കുന്നു. ഇന്ത്യയിൽ ഇതേതായാലും അനാവശ്യ പരിപാടിയാണ്. വിവാഹിതരാകാതെ ഒന്നിച്ചു ജീവിച്ച ശേഷം  ആരോപണം ഉന്നയിക്കുന്നത് ഭീഷണിയല്ലാതെന്താണ്? അദ്ദേഹം ചോദിച്ചു.