Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലകയറിയത് വിശ്വാസത്തിന്റെ ഭാഗമായല്ല, തിരിച്ചു വരും: കവിത ജക്കാല

kavitha-01 വിത ജക്കാല

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഭക്തർ നടത്തിയ ശക്തമായ പ്രതിഷേധത്തിനിടയിലും പൊലീസ് സഹായത്തോടെ നടപ്പന്തൽവരെയെത്തിയ മാധ്യമ പ്രവർത്തക കവിത ജക്കാല തന്റെ നിലപാടുകൾ ഒരിക്കൽക്കൂടി വ്യക്തമാക്കിയാണ് പടിയിറങ്ങിയത്. താൻ മലകയറിയത് വിശ്വാസത്തിന്റെ പേരിലല്ലെന്നും, മറിച്ച് ജോലിയുടെ ഭാഗമായാണെന്നും അവർ വ്യക്തമാക്കി.

ഐ ജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും സുരക്ഷാവലയത്തിനുള്ളിൽ പൊലീസ് നൽകിയ ജാക്കറ്റും ഹെൽമറ്റുമണിഞ്ഞാണ് കവിത മലകയറിയത്. വിശ്വാസത്തിന്റെ ഭാഗമായുള്ള ദർശനത്തിനല്ല താൻ മലകയറിയതെന്നും ജോലിയുടെ ഭാഗമായ റിപ്പോർട്ടിങ്ങിനുവേണ്ടിയാണെന്നും മലയിറങ്ങുമ്പോൾ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജയിച്ചുവെന്ന് അഭിമാനത്തോടെ പറയാമെന്നും വീണ്ടും ശബരിമലയിലേക്കി മടങ്ങിവരുമെന്നും പറഞ്ഞുകൊണ്ടാണ് കവിത മലയിറങ്ങിയത്. ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് ആന്ധ്രാസ്വദേശിയായ മാധ്യമപ്രവർത്തക കവിതയും എറണാകുളം സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയും മലകയറിയത്. എൺപതോളം പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലാണ് ഇരുവരും നടപ്പന്തൽ വരെയെത്തിയത്. എന്നാൽ യുവതികൾ വിശ്വാസികളല്ലെന്നും ആക്ടിവിസം കാണിക്കേണ്ടത് ശബരിമലയിലല്ലെന്നും ദേവസ്വം മന്ത്രി പൊലീസിന് നിർദേശം നൽകിയതോടെ ഇരുവർക്കും മലയിറങ്ങേണ്ടി വന്നു. എന്നാൽ കുട്ടികളെ മുൻനിർത്തി വിശ്വാസികൾ പ്രതിരോധം തീർത്തതുകൊണ്ടാണ് തങ്ങൾ പിൻവാങ്ങിയതെന്നാണ് യുവതികൾ നൽകിയ വിശദീകരണം.

ആരാണ് കവിത ജക്കാല?

ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ചുള്ള വാർത്തകളിൽ ലോകം തിരയുന്ന പേരുകളിലൊന്ന് കവിതയുടേതാണ്. ഹൈദരാബാദിലെ നാൽഗോണ്ട സ്വദേശിയായ കവിത മാധ്യമപ്രവർത്തനം തുടങ്ങുന്നത് 10 ടിവിയിൽ വാർത്ത അവതരിപ്പിച്ചുകൊണ്ടാണ്. തെലുങ്ക് മോജോ ടിവിയിലെ മാധ്യമപ്രവർത്തകയാണ് ഇപ്പോഴവർ. മോജോടിവിക്കുവേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്യാനാണ് അവർ ശബരിമലയിലെത്തിയത്. പൊലീസ് സംഘത്തിന്റെ സുരക്ഷാവലയത്തിൽ മലകയറിയ ഇവർ 18 ാം പടിയുടെ 500 മീറ്റർ ദൂരവരെ എത്തിയെങ്കിലും ഭക്തർ കുട്ടികളെ മുൻനിർത്തി നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മലയിറങ്ങുകയായിരുന്നു.