Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മി ടൂ: കരിയർ നശിപ്പിക്കാൻ ശ്രമിച്ചവരെക്കുറിച്ച് രവീണ ഠണ്ഡൻ

raveena-tandon-01

ഞാന്‍ ലൈംഗിക അതിക്രമത്തിന്റെ ഇരയല്ല. പക്ഷേ പീഡനം എന്താണെന്ന് എനിക്കറിയാം. പീഡനത്തിലൂടെ കടന്നുപോകുന്നുവര്‍ അനുഭവിക്കുന്ന മാനസികയാതനകളും: രാജ്യത്തു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന മീ ടൂ മുന്നേറ്റത്തെ പിന്തുണച്ചും കരിയറില്‍ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് അഭിനയത്തിനു ദേശീയ പുരസ്കാരം നേടിയിട്ടുള്ള രവീണ ഠണ്ഡന്‍. 

ഓരോ പുതിയ അനുഭവങ്ങളും അറിയുമ്പോള്‍ എനിക്കു വല്ലാതെ ദേഷ്യം വരുന്നുണ്ട്- രവീണ പറയുന്നു. ലൈംഗിക പീഡനനത്തിന് ഇരയായിട്ടില്ലെങ്കിലും അസൂയയ്ക്കും ഒഴിവാക്കലിനും മാറ്റിനിര്‍ത്തലിനും താനും ഇരയായിട്ടുണ്ടെന്ന് 43 വയസ്സുകാരിയായ താരം പറയുന്നു. അതുകൊണ്ടുതന്നെ ലൈംഗിക പീഡനത്തിന്റെ ഭീകരതയും തനിക്കു മനസ്സിലാകുമെന്നു രവീണ പറയുന്നു. 

ലൈംഗിക പീഡനം എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല. അത്രയെളുപ്പം കീഴടക്കാവുന്ന ഒരാളല്ല ഞാന്‍. അടിച്ചാല്‍ തിരിച്ചടിക്കുന്ന പ്രകൃതക്കാരി യായിരുന്നു ഞാന്‍. പക്ഷേ, കരിയറിലെ ഉയര്‍ച്ച സ്വപ്നം കണ്ടു വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ മനസ്സിലാക്കാനാവു ന്നതേയുള്ളു. ഞാനും പരാജയപ്പെട്ടിട്ടുണ്ട്; ഒരിക്കലല്ല, പലവട്ടം. നടിമാരുടെ ഇമേജ് ചീത്തയാക്കുന്നതില്‍ ചില പത്രപ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. അവര്‍ മോശം കഥകള്‍ നിരന്തരമായി പടച്ചുവിട്ടുകൊണ്ടിരിക്കും. അവരൊക്കെ നായകന്റെ പക്ഷത്താണ്. നായികയെ സഹായിക്കാനും പിന്തുണയ്ക്കാനും ആരുമില്ല- രവീണ  അഭിനയകാലം ഓര്‍ത്തെടുത്തുകൊണ്ടു പറയുന്നു. 

കരിയറില്‍ സങ്കടകരമായ ഒരു കാലത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്നെക്കുറിച്ചും മോശം കഥകള്‍ പ്രചരിപ്പിച്ചു. അവരെല്ലാം കൂടി ഒരു നടിയുടെ കരിയര്‍ നശിപ്പിക്കാനാണു കൂട്ടുനിന്നത്- ആരുടെയും പേരെടുത്തു പറയാതെ രവീണ ആരോപണവും ഉന്നയിച്ചു. 

ജോലിസ്ഥലത്തെ പീഡനത്തെ നിര്‍വചിക്കാനും രവീണ ശ്രമിക്കുന്നുണ്ട്. സിനിമാ വ്യവസായത്തില്‍ നടന്‍മാരുടെ ഭാര്യമാരും കാമുകിമാരുമൊക്കെ നിശ്ശബ്ദരായ കാണികളോ അസൂയ പ്രചരിപ്പിക്കുന്നവരോ ആണ്. നടിമാരുടെ ജീവിതം പ്രിയപ്പെട്ടവര്‍ തകര്‍ക്കുമ്പോള്‍ അവര്‍ ഒരു വാക്കുപോലും പറയാതെ, ചെറുവിരലനക്കാതെ നിശ്ശബ്ദരായി നില്‍ക്കും. ചിലരെ മാറ്റി ഇഷ്ടക്കാരെ തിരുകിക്കയറ്റുമ്പോഴും പ്രണയകാലത്തിലൂടെ കടന്നുപോയിക്കഴിഞ്ഞ അവര്‍ ഒന്നും ചെയ്യാന്‍ മെനക്കാടാറില്ല- രവീണ തന്റെ ശക്തമായ അഭിപ്രായം അവതരിപ്പിക്കുന്നു. 

സ്ത്രീകളും തെറ്റുകാരാണ്. തൊഴില്‍ സുരക്ഷിതത്വം ഉറപ്പില്ലാത്ത സ്ത്രീകള്‍ സഹനടിമാര്‍ക്കെതിരെ പ്രചാരണം നയിക്കാന്‍ മുന്നില്‍നില്‍ക്കും. ഒരു തെറ്റും ചെയ്യാത്ത ചിലര്‍ ഒഴിവാക്കപ്പെടുമ്പോള്‍ അവര്‍ ഞങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ കാഴ്ചക്കാരായി നില്‍ക്കും. 

ഇതു ശരിയാണോ. ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതല്ല ഇക്കാര്യങ്ങള്‍. പക്ഷേ, ഇവയും പീഡനം തന്നെയാണ്. എന്തിനാണ് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത് ? രവീണ ധാര്‍മികരോഷത്തോടെ ചോദിക്കുന്നു. 

ഇഷ്ടമില്ലാത്തതു ചോദ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ അങ്ങനെയുള്ള നടിമാരെ കുഴപ്പക്കാരായാണു കാണുന്നതെന്നും രവീണ പറയുന്നു. അത്തരക്കാരെ ക്രമേണ ഒഴിവാക്കും. നിര്‍മാതാവും സംവിധായകനും നടനും ഒക്കെചേര്‍ന്ന ഒരു മാഫിയയാണ് എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത്. അവര്‍ എപ്പോഴും നടിമാര്‍ക്ക് എതിരാണ്. വ്യവസ്ഥ തങ്ങള്‍ക്ക് എതിരാണെന്ന ചിന്ത സ്ത്രീകളെ തളര്‍ത്തും.

സിനിമാ വ്യവസായത്തില്‍ മാത്രമല്ല മറ്റു രംഗങ്ങളിലും ഇതുതന്നെയാണു സ്ഥിതി എന്നും രവീണ പരിതപിക്കുന്നു. വൈകിയെങ്കിലും സ്ത്രീകള്‍ക്കു തുറന്നുപറയാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നു രവീണ സമ്മതിക്കുന്നു. തൊഴില്‍സ്ഥലത്തും ജീവിതത്തിലും മീ ടൂ പോസിറ്റീവായ മാറ്റങ്ങള്‍ സൃഷിടിക്കുമെന്നുറപ്പ്. ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. പരാതി പറയുകയും അനുഭവങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്നതില്‍ മാത്രം ഒതുങ്ങാതെ നിയമപരമായ നടപടികള്‍ എടുക്കാന്‍ പരാതിക്കാര്‍ രംഗത്തുവരണമെന്നും രവീണ അഭ്യര്‍ഥിക്കുന്നു.