Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കന്യകാത്വമല്ല, ജീവിതമാണ് എന്നെ നിർവചിക്കുന്നത്’: ഒഷോബി ജീവിതം പറയുന്നു

oluwaseun-osowobi-01

ക്രൂരമായ ലൈംഗികാക്രമണത്തിന് ഇരയായ ശേഷം താൻ ഇല്ലാതെയായി എന്നാണ് ഒലുവാഷിയോ ഒഷോബി എന്ന നൈജീരിയൻ പെൺകുട്ടിക്ക് ആദ്യം തോന്നിയത്. അവശയായ അവളെ റൂംമേറ്റാണ് ആശുപത്രിയിലെത്തിച്ചതും മരുന്നു വാങ്ങിക്കൊടുത്തതും. 2011 ലായിരുന്നു അത്. നൈജീരിയയിലെ നാഷനൽ ഇലക്ട്രറൽ കമ്മിഷനു വേണ്ടി ജോലി ചെയ്തിരുന്ന ഒഷോബി കള്ളവോട്ടിനു സഹായിക്കാതിരുന്നതിന്റെ പ്രതികാരമായാണ് ഗ്രാമത്തിലെ ചിലർ ചേർന്ന് അവൾക്കു കെണിയൊരുക്കിയത്. ഗ്രാമവാസിയായ ഒരു ചെറുപ്പക്കാരൻ തന്നെയായിരുന്നു അക്രമി. പീഡനത്തിനു ശേഷം മാനസികവും ശാരീരികവുമായി തകർന്ന അവൾ ആദ്യം അത് വീട്ടിലറിയിക്കാൻ മടിച്ചു. പിന്നെ, എങ്ങനെയും പിടിച്ചുനിന്നേ മതിയാവൂ എന്നു വന്നപ്പോൾ തുറന്നുപറയേണ്ടിവന്നു. 

‘വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചാണ് ഞാൻ അവരോടെല്ലാം തുറന്നു പറഞ്ഞതെങ്കിലും അതിനു വിപരീതമായി സ്നേഹവും പിന്തുണയുമാണ് അവരിൽനിന്നു ലഭിച്ചത്. കന്യകാത്വമല്ല എന്നെ നിർവചിക്കുന്നതെന്ന് അമ്മ എനിക്കു പറഞ്ഞു തന്നു’ - ഒഷോബി പറയുന്നു. കഥകളിൽ മാത്രം കേട്ട ഫീനിക്സ് പക്ഷിയെ അതോടെ ഒഷോബി തന്നിൽത്തന്നെ തിരിച്ചറിഞ്ഞു. പീഡനത്തിന്റെയും വേദനയുടെയും ചാരത്തിൽനിന്ന് അവൾ പറന്നുയർന്നത് തന്നെപ്പോലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് തണലാകണമെന്ന നിശ്ചയദാർഢ്യത്തോടെയാണ്. അങ്ങനെയാണ് ‘സ്റ്റാൻഡ് ടു എൻഡ് റേപ്പ്’  ജനിച്ചത്; പിന്നീട് ‘നോ മോർ’ ആപ്പും. ഇന്നത് നൈജീരിയയിലെ 36 സംസ്ഥാനങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. 

ഒഷോബി പറയുന്നു: 

ലൈംഗികാതിക്രമം ഒരു സ്ത്രീയുടെ ശരീരത്തെയും മനസ്സിനെയും എങ്ങനെ ബാധിക്കുമെന്നു മനസ്സിലാക്കിയ ആ നാളുകളിൽ ഞാനാകെ തകർന്നു പോയി. എന്റെ ശരീരം മലിനമായെന്നും വിലപിടിപ്പുള്ളതെന്തോ നഷ്ടപ്പെട്ടുവെന്നും എനിക്കു തോന്നി. ആകെത്തകർന്നു പോയ എനിക്ക് ജീവിതത്തിലേക്കു തിരിച്ചു വന്നേ മതിയാകുമായിരുന്നുള്ളൂ. സംഭവിച്ചതിനെക്കുറിച്ച് ഞാൻ മാതാപിതാക്കളോടു തുറന്നു പറഞ്ഞു. വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചാണ് ഞാൻ അവരോടെല്ലാം തുറന്നു പറഞ്ഞതെങ്കിലും അതിനു വിപരീതമായി സ്നേഹവും പിന്തുണയുമാണ് അവരിൽനിന്നു ലഭിച്ചത്.

ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് തെറപ്പിസ്റ്റിന്റെയോ മറ്റാരുടെയോ പിന്തുണയേക്കാൾ അത്യാവശ്യം കുടുംബത്തിന്റെ പിന്തുണയാണെന്ന് ഞാനന്നു മനസ്സിലാക്കി. കന്യകാത്വമല്ല എന്നെ നിർവചിക്കുന്നതെന്ന് അമ്മ എനിക്കു പറഞ്ഞുതന്നു. എന്റെ ആത്മവിശ്വാസം തിരികെപ്പിടിക്കാൻ അമ്മയുടെ വാക്കുകൾ എന്നെ ഏറെ സഹായിച്ചു. നീ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും അമ്മ എന്നോടു പറഞ്ഞു. അങ്ങനെയാണ് ഞാൻ പൊലീസ് സ്റ്റേഷനിൽ പോയത്. പരാതി പറഞ്ഞപ്പോൾ എന്നെ പരിശോധിച്ചു പരാതി സത്യമാണെന്നു ബോധ്യപ്പെടണമെന്നാണ് അവർ പറഞ്ഞത്. എന്റെ പരാതി സത്യമല്ലെന്നോ അതു വിശ്വസനീയമല്ലെന്നോ അവർക്കു തോന്നിയിരിക്കാം. ആ നിമിഷം ലോകം മുഴുവൻ എനിക്കെതിരാണെന്നു തോന്നി. അങ്ങനെയൊരു നിമിഷത്തിലാണ് ലൈംഗിക പീഡനം ചെറുക്കാനുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സിൽ നിറഞ്ഞത്.

ആ ചിന്തയിൽ നിന്നാണ് സ്റ്റാൻഡ് ടു എൻഡ് റേപ്പിന്റെ പിറവി. സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയ്നുകളിലൂടെയായിരുന്നു തുടക്കം. അതിനു വൻ സ്വീകാര്യതയാണു ലഭിച്ചത്. പിന്നീട് 2014 ലാണ് ഒരു ഓഫിസ് തുറന്നത്. നൈജീരിയയിൽ ലൈംഗികാക്രമണങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കും ഇരയായവർക്ക് സൗജന്യ വൈദ്യസഹായവും കൗൺസലിങ്ങും നിയമ സഹായവും ലഭ്യമാക്കിത്തുടങ്ങി. പെൺകുട്ടികൾക്കു സ്വയം പ്രതിരോധ പരിശീലനവും ലൈംഗിക വിദ്യാഭ്യാസവും നൽകുന്ന ക്ലാസുകളും നടത്തുന്നുണ്ട്.

ഞങ്ങളെ സമീപിച്ച ഇരകളിൽ പലർക്കും പറയാനുണ്ടായിരുന്നത് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ്. അത്തരം അനുഭവങ്ങളുണ്ടായ സ്ത്രീകൾക്കൊപ്പം പരാതികൾ നൽകാൻ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി. നൈജീരിയയിൽ ഇത്തരം കാര്യങ്ങളിൽ പൊലീസ് സംവിധാനം വളരെ പതിയെയാണു നീങ്ങാറുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലം അടിയന്തരമായി സന്ദർശിക്കാനോ മൊഴിയെടുക്കാനോ അവർ ശ്രമിക്കാറില്ല. ലൈംഗികാതിക്രമം നടന്നാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ പോകാനും പരാതി നൽകാനുമുള്ള ധൈര്യം ഞങ്ങൾ ഇരകൾക്കു നൽകി. ഇത്തരം കേസുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ചെയ്ത പല പൊലീസ് ഉദ്യോഗസ്ഥരെയും എനിക്കറിയാം. ഇരകൾക്ക് എത്രയും വേഗം നീതി ഉറപ്പാക്കുകയാണ് സ്റ്റാൻഡ് ടു എൻഡ് റേപ്പ് ലക്ഷ്യമിടുന്നത്.

ഇരകൾക്കുവേണ്ടി നോ മോർ ആപ്പ്

ഇരകൾക്ക് കേസ് റിപ്പോർ‌ട്ട് ചെയ്യാനും കൗൺസിലർമാരുടെ സഹായം ലഭിക്കാനും സമയാസമയം വേണ്ട നിർദേശങ്ങൾ ലഭിക്കാനുമുള്ള സൗകര്യമാണ് ‘നോ മോർ ആപ്പ്’  ആപ്പിലുള്ളത്. കേസിന്റെയും അനുബന്ധ നടപടികളുടെയും കൃത്യമായ ഡേറ്റ സൂക്ഷിക്കാനുള്ള സൗകര്യം നൈജീരിയയിലില്ല. ആ അസൗകര്യം കൂടി ഈ ആപ്പ് പരിഹരിക്കും. ഒരുപക്ഷേ കോളജ് വിദ്യാർഥികൾക്കായിരിക്കും ഈ ആപ് ഏറെ പ്രയോജനപ്പെടുക. ക്യാംപസിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള സൗകര്യവും ഇതിലുണ്ട്. ഞാൻ മറ്റുള്ളവരോടു പറയാറുണ്ട്, നിങ്ങൾക്കു നീതി ലഭിക്കുമെന്ന്. അനുഭവങ്ങൾ തുറന്നു പറയുമ്പോൾ പരിധികൾ ലംഘിക്കാൻ മറ്റുള്ളവർ ഭയപ്പെടും. ഇപ്പോൾ എനിക്ക് പിന്തുണയുമായി ഒരുപാടുപേർ ഒപ്പമുണ്ട്.