Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഞാൻ അതിജീവിക്കാൻ കാരണമുണ്ട്, എന്റെ ചുറ്റിലുള്ളതിനേക്കാൾ തീയുണ്ടായിരുന്നു എന്റെയുള്ളിൽ''

actress-attack പ്രതീകാത്മക ചിത്രം.

പ്രണയം പറയാനും പ്രകടിപ്പിക്കാനുമുള്ള ദിവസമാണു വാലന്റൈൻസ് ഡേ. ആരവത്തിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയിൽ കൗമാരം ആഘോഷമാക്കുന്ന ദിവസം. അതേ ദിവസം, സാമൂഹിക പ്രതിബദ്ധതയുടെയും സമർപ്പണത്തിന്റെയും ദിനവുമാക്കാമെന്നു തെളിയിക്കുന്ന ചിലരുണ്ട്. 

ഓരോ വാലന്റൈൻസ് ഡേയും വ്യത്യസ്ത പ്രണയദിന ആഘോഷങ്ങളുടെ ദിവസങ്ങൾ കൂടിയാണ്. അധികാരസ്ഥാനങ്ങൾ ചൂഷണം ചെയ്തു പീഡനം നടത്തുന്നവർക്കെതിരെയായിരുന്നു കഴിഞ്ഞവർഷത്തെ ആഘോഷം സമർപ്പിച്ചതെങ്കിൽ ലൈംഗിക പീഡനത്തിന്റെ ഇരകളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ  സമൂഹമാധ്യമ ഉപയോക്താക്കൾ പ്രണയദിനത്തെ വ്യത്യസ്തമാക്കിയത്. മീ ടൂ, ടൈംസ് അപ് തുടങ്ങിയ പ്രചാരണങ്ങളാണ് ഇത്തവണ പ്രണയത്തെ പ്രതിഷേധത്തിന്റെ ചുവപ്പണിയിച്ചത്. 

സമൂഹമാധ്യമങ്ങളിൽ ഇത്തവണ ആഘോഷത്തിനു കൂട്ടായതു ‘സർവൈവൽ ലവ് ലെറ്റർ’ എന്ന ഹാഷ് ടാഗ്. ഇരകളാണ്. ശരി തന്നെ. പക്ഷേ, അത് എല്ലാത്തിന്റെയും അവസാനമല്ല – ആക്രമണങ്ങൾ നേരിട്ടവരോട് അവർ മന്ത്രിച്ചു. 

പൂർണമായും ഇരയാണെന്നു കരുതരുതേ. അങ്ങനെ നിങ്ങളെ ആക്ഷേപിക്കുന്നവരുണ്ടെങ്കിലും. മാപ്പു കൊടുക്കേണ്ടതില്ല. പ്രതികാരത്തെ അതിജീവിക്കാനുള്ള ശക്തിയാക്കി മാറ്റുക. എന്തുകൊണ്ട് നിങ്ങൾ ? ആ ചോദ്യത്തിനും ഉത്തരം കൊടുക്കേണ്ടതില്ല. ജീവിക്കാനും അതിജീവിക്കാനും അർഹതയുണ്ട്; ഇരകൾക്കുൾപ്പെടെ എല്ലാവർക്കും. 

ഒരാൾ വാലന്റൈൻസ് ദിനത്തിൽ ഇങ്ങനെയെഴുതിയെങ്കിൽ നിങ്ങളുടെ കഥ മറ്റൊരാളുടെ വിൽപനച്ചരക്കല്ല എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അപമാനത്തിൽനിന്നുള്ള തിരിച്ചുവരവ് 100 മീറ്റർ ഓട്ടമൽസരമല്ല; അതൊരു മാരത്തൺ മൽസരമാണ്. കരഞ്ഞുപോകും. ശരിതന്നെ. കരഞ്ഞോളൂ. നിങ്ങൾ എങ്ങനെ എപ്പോൾ കരയണമെന്നു മറ്റൊരാൾ തീരുമാനിക്കേണ്ടതില്ല. 

‘സർവൈവൽ ലവ് ലെറ്റർ’ എന്ന ഹാഷ്‍ടാഗ് ആദ്യമായി ഉപയോഗിക്കുന്നതു രണ്ടുവർഷം മുമ്പ്. അതിജീവിക്കുന്നവരേ, നിങ്ങൾ എപ്പോഴും ധൈര്യം പ്രകടിപ്പിച്ചുനിൽക്കേണ്ടതില്ല. നിരാശ നിങ്ങൾക്കുമുണ്ടാകാം. കഥ ആരോടും പങ്കുവയ്ക്കേണ്ടതുമില്ല. ശക്തി തെളിയിക്കേണ്ടതു നിങ്ങളുടെ ഉത്തരവാദിത്തവുമല്ല. അതെന്നും തിളങ്ങിക്കൊണ്ടിരിക്കും എന്നെഴുതി ഷർമിളി മജുംദാർ. 

ഇന്നും എന്നും നിങ്ങൾ സ്നേഹിക്കപ്പെടുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ഏതാനും വർഷം മുമ്പാണ് ഞാൻ എല്ലാം തുറന്നുപറഞ്ഞത്. ഭീകരവും ദയനീയവുമായിരുന്നു ആ അനുഭവം. എന്നെങ്കിലും ഞാൻ പൂർണമോചിതയാകുമോ എന്നുമെനിക്കറിയില്ല. എങ്കിലും ഞാനിവിടെയുണ്ട്. ഇവിടെ തുടരുകയും ചെയ്യും എന്ന് ഒരു ഇര തന്നെയെഴുതി.  

ഞാൻ അതിജീവിക്കാൻ കാരണമുണ്ട്. എന്റെ ചുറ്റിലുള്ളതിനേക്കാൾ തീയുണ്ടായിരുന്നു എന്റെയുള്ളിൽ എന്നായിരുന്നു ഒരു പോസ്റ്റ് കാർഡ്. പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളിൽ വിശ്വസിക്കുന്നു. പിന്തുണയ്ക്കുന്നു. നിങ്ങൾ നിസ്സാരരല്ല. ശക്തിയും ധൈര്യവും വീര്യവുമുള്ളവരാണ്. നിങ്ങൾ ഒരു യോദ്ധാവാണ്; നിങ്ങൾക്കു പിന്നിൽ ഒരു സൈന്യമുണ്ട്.