Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''അച്ഛന്റെ ആ ചോദ്യമാണ് ഈ മുറിപ്പാടുകളെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത്'' ; ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി പറയുന്നു

acid-attack-survivor ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

എല്ലാ സ്വപ്നങ്ങളും തകരുന്നതുപോലെ എനിക്കുതോന്നി. കാഴ്ചശക്തി നഷ്ടപ്പെടുകയാണെന്നു പേടിച്ചു. എന്റെ ലോകം അവസാനിക്കുന്നു. 13–ാം വയസ്സിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് എഴുതുമ്പോൾ ഇപ്പോഴും കൈ വിറയ്ക്കുന്നു. ശരീരം തളരുന്നു. തല ചുറ്റുന്നു.ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു പെൺകുട്ടിയുടേതാണീ വാക്കുകൾ. ഒരു വിറയലോടുകൂടി മാത്രം വായിച്ചുപോകാവുന്ന വാക്കുകൾ. ആസിഡ് ആക്രമണം മുഖമോ ശരീരമോ മാത്രമല്ല തകർക്കുന്നത്; ഒരു ജീവിതം തന്നെ. അതും എന്നെന്നേക്കും. ഒരുപക്ഷേ ജീവിതകാലം മുഴുവൻ ശിക്ഷ കിട്ടുന്ന അക്രമി പോലും അനുഭവിക്കുന്നതിനേക്കാൾ കൊടിയ ദുരിതം. 

കൗമാരത്തിൽ ജീവിതം തകർത്ത ദുരിതത്തെക്കുറിച്ചെഴുമ്പോൾ ആസിഡ് ആക്രമണത്തിനിരയായ ആ പെൺകുട്ടി ഇപ്പോഴും ഞെട്ടുന്നു. പക്ഷേ എഴുതാതിരിക്കാനാവില്ല. തനിക്കുവേണ്ടിയല്ല, ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അനേകർക്കുവേണ്ടി. വലിയ ഇരുട്ടിനൊടുവിലും പ്രകാശത്തിന്റെ ഉദയം ഉണ്ടാകുമെന്നോർമിപ്പിക്കാൻ.

പതിമൂന്നാം വയസ്സിൽ നേരിട്ട ദുരനുഭവം ആ പെൺകുട്ടിയെ തളർത്തി എന്നതു ശരിതന്നെ. പക്ഷേ പൂർണമായും പരാജയം സമ്മതിക്കാൻ അവർ ഒരുക്കമായിരുന്നില്ല. ഒരു പുനരധിവാസ കേന്ദ്രത്തിൽ അഭയം തേടി. ജീവിതത്തിലേക്കു തിരിച്ചുവരാൻ കഠിനമായി ശ്രമിച്ചു. ആസിഡ് ആക്രമണം അവശേഷിപ്പിച്ച മുറിവുകളെ സ്നേഹിക്കാനും സ്വപ്നം കാണാനും തുടങ്ങി.

ജീവിതത്തിന്റെ മുറിവുകളെ സ്നേഹിച്ച ആ പെൺകുട്ടിയുടെ വാക്കുകൾ: 

സ്വതന്ത്രയായ ഒരു പെൺകുട്ടിയായി വളരാനാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. ഒരിക്കലും തളരരുതെന്നും. വിദ്യാഭ്യാസത്തിനായിരുന്നു എന്റെ ആദ്യത്തെ മുൻഗണന. കഴിയുന്നത്ര പഠിക്കുക. അങ്ങനെ ജീവിതം രൂപപ്പെടുത്തുക. താഴ്ന്ന ക്ലാസുകളിൽ എന്നും ഒന്നാംസ്ഥാനക്കാരിയായിരുന്നു ഞാൻ. പക്ഷേ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ജീവിതം മാറിമറിഞ്ഞു. സ്കൂൾ വീട്ടു വീട്ടിലേക്കു പോകുമ്പോൾ ഒരു യുവാവ് എന്നെ നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. നടന്നുപോകുമ്പോൾ മോശം കമന്റുകൾ പറയുക. കയ്യിൽകിട്ടുന്ന എന്തും എടുത്ത് എനിക്കെതിരെ എറിയുക. പിന്നീടു ഭീഷണിയായി. എന്നോടൊപ്പം വന്നില്ലെങ്കിൽ ഞാൻ നിന്നെ ഒരു പാഠം പഠിപ്പിക്കും. ഇതു കുറേനാൾ തുടർന്നു. ഒടുവിൽ അച്ഛനമ്മമാരോട് ഞാൻ പരാതിപ്പെട്ടു.

അച്ഛൻ ആ യുവാവിന്റെ മാതാപിതാക്കളോട് മകനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. അത് എന്റെ ജീവിതം തകർക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.പിറ്റേന്ന് ഞാനും സഹോദരിയും സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു.ആ യുവാവും പത്തോളം കൂട്ടുകാരും കൂടി ജനലിലൂടെ വീട്ടിലേക്കു കയറി ഞങ്ങൾക്കു മേൽ ആസിഡ് ഒഴിച്ചു. എന്റെ ശരീരം മുഴുവൻ വികൃതമായി. സഹോദരിയുടെ ശരീരത്തിൽ വയറു വരെ ആക്രമണത്തിനിരയായി.എനിക്കന്നു 13 വയസ്സേയുള്ളൂ. ഒരു കൗമാരിക്കാരിയുടെ സ്വപ്നങ്ങൾക്കുമേലായിരുന്നു ആ യുവാക്കളുടെ ആക്രമണം. ആദ്യദിവസങ്ങളിൽ ഞാനാകെ തകർന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടു. പക്ഷേ ഭാഗ്യം കൂടെ നിന്നു.ശസ്ത്രക്രിയകൾ വിജയകരമായി. കാഴ്ചശക്തി തിരിച്ചുകിട്ടി.പക്ഷേ വീടിനു പുറത്തിറങ്ങാൻ ഞാൻ ധൈര്യപ്പെട്ടില്ല. 

കുറേനാൾ അങ്ങനെ തുടർന്നു. മറ്റൊരാളുടെ തിൻമയുടെ ഫലമായി ഞാൻ വീട്ടിൽതന്നെ ഇരിക്കുന്നതിനെ അച്ഛൻ എതിർത്തു. ഞാൻ എന്തെങ്കിലും തെറ്റു ചെയ്തോ– അച്ഛൻ ചോദിച്ചു. ഞാൻ വീട്ടിൽതന്നെ തുടർന്നാൽ വിജയിക്കുന്നത് അക്രമികളാകും. അതാണോ നിന്റെ ആഗ്രഹം?  ആ ചോദ്യം എന്നെ ഉണർത്തി. ഞാൻ വീടിനു പുറത്തിറങ്ങി. ഡൽഹിയിലെ പുനരധിവാസ കേന്ദ്രത്തിലേക്കു പോയി. അവിടെ എന്നെപ്പോലെ ജീവിതത്തിലേക്കു തിരിച്ചുനടക്കുന്നവരെ കണ്ടു. ആക്രമണത്തിനുശേഷവും അതിജീവിക്കുന്നവരെ. സ്വപ്നങ്ങൾ കാണുന്നവരെ. 

എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയെ കാണൂ – സോണി. എന്നെപ്പോലെയുള്ള ഇരകളെ സംരക്ഷിക്കുന്നവൾ. ജീവിതത്തിൽ എന്നെ ഏറ്റവുമധികം മനസ്സിലാക്കിയത് സോണിയാണ്. എന്റെ ജീവിതം തിരിച്ചുതന്നവൾ. പുനരധിവാസ കേന്ദ്രത്തിൽ എത്തിയതിനുശേഷം എനിക്കു പ്രതീക്ഷകൾ തിരിച്ചുകിട്ടി. ഷെഫ് ആകുകയാണ് എന്റെ ജീവിതലക്ഷ്യം. അതിനുവേണ്ടി നിരന്തരമായി പരിശ്രമിക്കുന്നു. എന്നെങ്കിലും ലക്ഷ്യത്തിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. 

വീണ്ടും ഞാൻ കൗമാരത്തിലേക്കു മടങ്ങുന്നു.  സ്വപ്നങ്ങളിലേക്കും പ്രത്യാശകളിലേക്കം തിരിച്ചുനടക്കുന്നു. എന്റെ മുറിവുകളെ ഇന്നു ഞാൻ വെറുക്കുന്നില്ല. പകരം സ്നേഹിക്കുന്നു. ആ മുറിവുകൾ വഹിക്കുമ്പോൾ തന്നെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; പുഞ്ചിരിക്കാനും.