Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വേഷത്തിന് എന്താണ് കുഴപ്പം : പുറത്താക്കലിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തക

patricia-karvelas-55 Patricia Karvelas. Photo Credit: Twitter

ഓസ്ട്രേലിയയിലെ സമൂഹമാധ്യമങ്ങളിൽ ഒരു സെൽഫി തരംഗമാവുകയാണ്. സ്ത്രീകൾ നേതൃത്വം നൽകുന്ന സെൽഫി തരംഗത്തിൽ സ്വന്തം സ്ലീവ്‌ലെസ്സ് ടോപ്പുകളും ഷോർട്ട് സ്ലീവുകളും ധരിച്ചുകൊണ്ടുള്ള കൈകളുടെ ചിത്രങ്ങളാണ് സ്ത്രീകൾ പോസ്റ്റുചെയ്യുന്നത്. വിനോദമല്ല പ്രതിഷേധമാണ് ഇതിനു പിന്നിൽ.

എബിസി റേഡിയോ നാഷണൽ അവതാരക പട്രീഷ്യ കാർവലസാണ് പ്രതിഷേധ സെൽഫിയിലെ നായിക. കൈകൾ കൂടുതലായി പുറത്തുകാണുന്നവിധം വസ്ത്രം ധരിച്ചുവെന്ന കുറ്റം ചുമത്തി ഓസ്ട്രേലിയൻ പാർലമെന്റിലെ ചോദ്യോത്തരവേളയിൽ നിന്ന് പട്രീഷ്യ പുറത്താക്കപ്പെട്ടു. പ്രസ് ഗ്യാലറിയിൽനിന്ന് പുറത്തുപോകാൻ അവരോട് പാർലമെന്റ് സ്പീക്കറാണ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് കൈകൾ പുറത്തുകാണുന്ന വിധത്തിലുള്ള തന്റെ കൈകളുടെ സെൽഫി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുകൊണ്ട് പട്രീഷ്യ ചോദിക്കുന്നു: ഓസീസ് പാർലമെന്റിനു ഭ്രാന്താണോ?

പ്രസ് ഗ്യാലറിയിൽ പതിവുപോലെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു പട്രീഷ്യ. പാർലമെന്റിൽ ചോദ്യോത്തരവേള പുരോഗമിക്കുന്നു. ഒരു അറ്റൻഡന്റ് തന്റെ അടുത്തേക്കുവന്ന് കൈകൾ പുറത്തുകാണുന്ന വിധത്തിൽ വസ്ത്രം ധരിച്ചതിനാൽ പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് പട്രീഷ്യ പിന്നീടു വിശദീകരിച്ചു. ശരീരം കുറച്ചുകൂടി മറയുന്ന വിധത്തിൽ വസ്ത്രം ധരിച്ചുവേണം പാർലമെന്റിൽ എത്താൻ എന്നൊരു നിർദേശവും പത്രപ്രവർത്തകയ്ക്കു ലഭിച്ചു.

സംഭവം വിവാദമായതിനെത്തുടർന്ന് ഓസ്ട്രേലിയൻ പാർലമെന്റിലെ വെബ്സൈറ്റിൽ വിശദീകരണം പ്രത്യക്ഷപ്പെട്ടു. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോ വ്യക്തിയുടെയും വിവേചനാധികാരത്തിൽപ്പെടുന്നതാണ് വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പും. എങ്കിലും പുരുഷൻമാർ ട്രൗസറും ജാക്കറ്റും ടൈയും ധരിച്ചു പാർലമെന്റിൽ എത്തുന്നതാണു നല്ലത്. സമാനമായ ഫോർമൽ വസ്ത്രധാരണം സ്ത്രീകളിൽ‌നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

തന്റെ വേഷത്തിൽ ഒരു കുറ്റവും തനിക്കു കാണാൻ കഴിയുന്നില്ലെന്നു പറയുന്നു പട്രീഷ്യ. പ്രൊഫഷണലായ വേഷമാണത്. എനിക്കേറെ ഇഷ്ടപ്പെട്ട വേഷം. പക്ഷേ അറ്റൻഡന്റ് പറയുന്നത് ഈ വേഷം ഉചിതമല്ലെന്ന്. ഈ വേഷത്തിൽ പാർലമെന്റിൽ വരാൻ പാടില്ലെന്നും പുറത്തുപോകണമെന്നും അവർ ആവശ്യപ്പെടുന്നു. യഥാർഥത്തിൽ ചോദ്യത്തരവേളയിൽനിന്ന് എന്നെ ചവിട്ടിപുറത്താക്കുകയായിരുന്നു... പട്രീഷ്യ വിശദീകരിച്ചു.

പത്രപ്രവർത്തകയുടെ ട്വീറ്റ് പെട്ടെന്നുതന്നെ വൈറലായി. നൂറുകണക്കിനുപേർ ട്വീറ്റ് ലൈക് ചെയ്തു. ഷെയർ ചെയ്തു. സ്ത്രീകൾ കൂടുതലായി പത്രപ്രവർത്തകയ്ക്ക് ഐക്യദാർഡ്യവുമായി രംഗത്തുവരികയും ചെയ്തു. പ്രതിഷേധ സൂചകമായി അവർ തങ്ങളുടെ നഗ്നമായ കൈകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

ഞാൻ ഭാഗ്യം ചെയ്തവളാണ്. കൈകൾ പുറത്തുകാണുന്ന വേഷവുമായി പാർലമെന്റിൽ എനിക്കു പോകേണ്ടിവന്നില്ല. പകരം കൗമാരക്കാരെ പഠിപ്പിക്കുകയായിരുന്നു– സ്ലീവ്‌ലെസ് വേഷം ധരിച്ചുള്ള സെൽഫി പോസ്റ്റ് ചെയ്തുകൊണ്ട് ഒരു യുവതി പ്രതിഷേധത്തിൽ പങ്കുചേർന്നു. ജോലിക്കു പോകുകയാണ് പാർലമെന്റിലേക്കല്ല– മറ്റൊരു യുവതി ഷോർട് സ്ലീവ് വേഷത്തിൽ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററിൽ എഴുതി.

പ്രതിഷേധ സെൽഫികൾക്കൊപ്പം പാർലമെന്റംഗം ജൂലി ബിഷപ്പിന്റെ വേഷവും വിവാദത്തിലായി. പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ പലപ്പോഴും ജൂലി കൈകൾ പുറത്തുകാണുന്ന വേഷമാണു ധരിക്കാറുള്ളത്. അപ്പോഴൊന്നും പ്രതിഷേധിക്കാത്ത സ്പീക്കർ ഒരു പത്രപ്രവർത്തകയ്ക്കു നേരെ പ്രതിഷേധിക്കുകയും പുറത്താക്കുകയും ചെയ്തതിന്റെ ഇരട്ടത്താപ്പും ഓസ്ട്രേലിയയിൽ ചർച്ചയായിരിക്കുകയാണ്. 

പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ ടോണി സ്മിത്തിനോട് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.