ദേവിയെ മനസ്സിലോര്‍ത്ത്

ഗിരിജ ബാലക‌ൃഷ്ണൻ. ഫോട്ടോ: അരുൺ പയ്യടിമീത്തൽ

വളാഞ്ചേരി രുദ്രമാല ക്ഷേത്രത്തിൽ അന്ന് തൊഴാനെത്തിയവർ ദേവീ പൂജയ്ക്ക് ഇടയ്ക്ക കൊട്ടി സോപാനം പാടുന്ന സ്ത്രീയെക്കണ്ട് അദ്ഭുതപ്പെട്ടു. അടക്കം പറച്ചിൽ പിന്നീട് അഭിനന്ദനങ്ങളായി മാറിയ കഥ പറയുമ്പോൾ ഗിരിജാ ബാലകൃഷ്ണന്റെ വാക്കുകളിൽ അഭിമാനം. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ ഉത്സവനാളിലായിരുന്നു മലയാളികൾ അതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ആ സംഭവം.

‘‘കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നെങ്കിലും സംഗീതത്തെ ശാസ്ത്രീയമായി അറിഞ്ഞതും പഠിച്ചതും കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളായ ശേഷമാണ്. ശാസ്ത്രീയ സംഗീതം പിന്നീട് സോപാന സംഗീതത്തിലേക്കു വഴിമാറുകയായിരുന്നു. സോപാനം വേദികളില്‍ പാടുമ്പോൾ ഇടയ്ക്ക വായിക്കാൻ കലാകാരൻമാരെ തിരഞ്ഞു നടക്കേണ്ട ഗതികേടായി. അപ്പോൾ ഇടയ്ക്കയും ശാസ്ത്രീയമായി പഠിച്ചു. സദനം ര‌ാമകൃഷ്ണനായിരുന്നു. ഇടയ്ക്കയിൽ ആദ്യ ഗുരു. ഇപ്പോൾ തിരുവില്വാമല ഹരിയുടെ കീഴിൽ പഠനം തുടരുന്നു‌.’’

ഗിരിജ ബാലക‌ൃഷ്ണൻ. ഫോട്ടോ: അരുൺ പയ്യടിമീത്തൽ

രുദ്രമാല ക്ഷേത്രത്തിനടുത്ത് മറ്റൊരു വേദിയിൽ അവതരിപ്പിച്ച പരിപാടി കണ്ടാണ് ക്ഷേത്ര കമ്മറ്റിക്കാർ ഗിരിജയെ ക്ഷേത്രത്തിനകത്ത് പാടാൻ ക്ഷണിച്ചത്. ‘‘ആദ്യം ചെറിയൊരു ആശങ്കയുണ്ടായിരുന്നെങ്കിലും ദേവിയെ മനസ്സിലോർത്ത് ധൈര്യത്തോടെ കൊട്ടി. ചെറിയൊരു കൂട്ടം വിമര്‍ശനവുമായെത്തിയെങ്കിലും നേരിട്ടും ഫെയ്സ്ബുക്കിലും അഭിനന്ദനങ്ങളും പ്രോത്സാഹനവും അറിയിച്ചത് അതിലും എത്രയോ ഇരട്ടിയാണ്. അതു തന്ന പ്രോത്സാഹനവും വലുതായിരുന്നു.

ഏഴു വർഷം മുമ്പ് എറണാകുളം രാമമംഗലത്ത് ഷഡ്കാല ഗോവിന്ദമാരാര്‍ ദിനാഘോഷത്തിലാണ് ഗിരിജ ആദ്യമായി വേദിയില്‍ ഇടയ്ക്ക കൊട്ടി പാടിയത്. തിരുമാന്ധാംകുന്ന്, തിരുവില്വാമല, തിരുനാവായ, ഗുരുവായൂര്‍... ഗിരിജയുടെ അഷ്ടപദി പതിവായി നടത്തുന്ന അമ്പലങ്ങള്‍ ഏറെയുണ്ട്. മറ്റു വേദികളിൽ ഓടക്കുഴൽ, വയലിൻ, മൃദംഗം പോലുളള ഗീതോപകരണങ്ങളും ഉൾപ്പെടുത്തി ഫ്യൂഷൻ രീതിയിലാകും അവതരണം. മകൾ അഞ്ജലി കൃഷ്ണയും ഇപ്പോൾ അമ്മയ്ക്കൊപ്പമുണ്ട്.

അഞ്ജലി കൃഷ്ണ, ഗിരിജ ബാലക‌ൃഷ്ണൻ. ഫോട്ടോ: അരുൺ പയ്യടിമീത്തൽ

ആനമങ്ങാട് എ. എൽ. പി. സ്കൂളിൽ അധ്യാപികയാണ് ഗിരിജ. സ്ക്കൂൾ സമയത്തിന് മുടക്കം വരാത്ത രീതിയിൽ പരിപാടികൾക്കു പോകാൻ പ്രത്യേകം ശ്രദ്ധിക്കും. എട്ടു വർഷത്തോളം സദനം ഹരികുമാറിന്റെ ഭാര്യ വാസന്തിയുടെ ശിഷ്യയായി ക്ലാസിക്കല്‍ അഷ്ടപദികൾ പഠിച്ചു. അതിനിടെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി. എ. മ്യൂ‌സിക്കിന് ചേര്‍ന്നു. സിലബസിലെ തമിഴ് കൃതികള്‍ പഠിക്കാനാണ് മഞ്ഞളൂർ സുരേന്ദ്രന്റെ അടുത്തെത്തിയത്. അദ്ദേഹം സോപാന സംഗീതത്തിലേക്കുളള വഴികാട്ടിയായി. പല രാഗങ്ങളിൽ സോപാനം പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.

പെരിന്തൽമണ്ണ പി. ‍ടി. എം. കോളജിൽ ഗിരിജയുടെ അധ്യാപകനായിരുന്ന പ്രൊഫസർ ഗംഗാധരനാണ് ഇടയ്ക്ക കൊട്ടി അഷ്ടപദി പാടാൻ പ്രേരിപ്പച്ചത്. സോപാനശൈലിയിൽ അഷ്ടപദി പഠിക്കാൻ ഗിരിജയ്ക്ക് ഗുരുവിനെ നിര്‍ദേശിച്ചതും അദ്ദേഹം തന്നെ. അങ്ങനെയാണ് അഷ്ടപദിയിലെ ലിവിങ് ലെജൻഡ് എന്നു വിശേഷിപ്പിക്കാവുന്ന ഗുരുവായൂര്‍ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യയായത്.

മലയാളം അധ്യാപകനായ ബാലക‌ൃഷ്ണനാണ് ഗിരിജയുടെ ഭർത്താവ്. മൂത്തമകൻ അരുൺ ക‍ൃഷ്ണ അഡ്വക്കേറ്റ് ആണ്. നഴ്സിങ് പഠനത്തിന് മുടക്കം വരാത്ത രീതിയിലാണ് അ‍ഞ്ജലി അമ്മയ്ക്കൊപ്പം വേദിയിലെത്തുന്നത്. അഷ്ടപദിയിൽ കോഴിക്കോട് ആകാശവാണിയുടെ ഗ്രേഡഡ് ആർട്ടിസ്റ്റുമാരാണ് ഗിരിജയും അഞ്ജലിയും.