പൈലിയെ കാണാൻ ഇസ കുട്ടൻ, ആവേശത്തിൽ ജിത്തു മാധവനും ഭാര്യയും
Mail This Article
ആദ്യത്തെ കണ്മണി പിറന്നതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയും തിയറ്ററിൽ വൻ ഹിറ്റായി ഓടുന്നത്. ആവേശം സംവിധായകൻ ജിത്തു മാധവന് ഇത് ഇരട്ടി സന്തോഷത്തിന്റെ സമയമാണ്. രണ്ടാമത്തെ ചിത്രമായ ആവേശം തിയറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ആദ്യത്തെ കണ്മണി പിറന്നിട്ട് രണ്ടു മാസത്തോളമാകുന്നു. ഏതായാലും കഴിഞ്ഞദിവസം കുഞ്ഞുവാവയെ കാണാൻ ഒരു വി ഐ പി എത്തി. മറ്റാരുമല്ല നമ്മുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോ ബോബന്റെയും പ്രിയ പുത്രൻ ഇസു എന്ന് വിളിക്കപ്പെടുന്ന ഇസഹാക്ക്.
ജിത്തു മാധവന്റെ ഭാര്യ ഷിഫിന ബബിൻ പക്കർ ആണ് ഇസുവിന്റെ സന്ദർശന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഷിഫിന പങ്കുവെച്ച ചിത്രങ്ങളിൽ കുഞ്ഞുവാവയെ സ്നേഹത്തോടെ നോക്കി ഇരിക്കുന്ന ഇസ കുട്ടനെ കാണാം. അടുത്ത ഫോട്ടോയിൽ കുഞ്ഞു പൈലിയുടെ കവിളിൽ ഉമ്മ കൊടുക്കുന്ന ഇസയെയും കാണാൻ സാധിക്കുന്നത്. ഇസു, പൈലി എന്നീ പേരുകൾ ഒരു ലവ് ഇമോജി ചേർത്ത് ആണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇതിനകം തന്നെ നിരവധി റിയാക്ഷനുകളും കമന്റുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
രോമാഞ്ചം സിനിമയുടെ സംവിധായകൻ ആയിരുന്ന ജിത്തു മാധവനും സഹ സംവിധായിക ആയിരുന്ന ഷിഫിനയും 2023 ഓഗസ്റ്റിൽ ആയിരുന്നു വിവാഹിതരായത്. ഈ വർഷം ഫെബ്രുവരി അവസാനം ആയിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞ് എത്തിയത്. പൈലി അമോർ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. വളരെ ആവേശത്തോടെയാണ് ഇസ കുട്ടൻ കുഞ്ഞിനെ കാണാൻ എത്തിയത്. കുഞ്ഞുവാവയെ കൊഞ്ചിച്ചും കൈയിലെടുത്തും ഉമ്മ കൊടുത്തും ഒക്കെയാണ് ഇസ മടങ്ങിയത്. അമ്മ പ്രിയ കുഞ്ചാക്കോ ബോബനും ഇസയ്ക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞുവാവയെ മടിയിൽ കിട്ടിയപ്പോൾ ഇസയുടെ അദ്ഭുതവും ആനന്ദവും ഇഴചേർന്ന എക്സ്പ്രഷന് കൊടുക്കണം മാർക്ക്.
വിവാഹം കഴിഞ്ഞ് പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ - പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് പിറന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ഇസയുടെ ഫോട്ടോകളും വിഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റെന്ന റെക്കോർഡും കുഞ്ചാക്കോ ബോബന്റെ പേരിലാണ്.
ആദ്യ സിനിമയും രണ്ടാമത്തെ സിനിമയും ഒരു പോലെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ജിത്തു മാധവൻ. ആദ്യ സിനിമയായ രോമാഞ്ചത്തിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഭാര്യ ഷിഫിന. ജീവിതത്തിലും ഒരുമിച്ച് മുന്നോട്ടു പോകുമ്പോൾ രണ്ടാമത്തെ സിനിമയായ ആവേശത്തിന്റെ വൻ വിജയവും കുഞ്ഞുവാവയുടെ വരവും ഒരു പോലെ ആഘോഷമാക്കുകയാണ് സിനിമാലോകത്തെ ഈ ദമ്പതികൾ.