ADVERTISEMENT

കുട്ടനാട് ∙ കടുത്ത ശുദ്ധജല ക്ഷാമത്തിൽ വീർപ്പുമുട്ടി കൈനകരി നിവാസികൾ. തണ്ണീർമുക്കം ബണ്ടു കൂടി തുറന്നതോടെ കൈനകരി പഞ്ചായത്തിലെ 15 വാർഡിലും അതിരൂക്ഷമായ ശുദ്ധജലക്ഷാമം ആണ് നേരിടുന്നത്. വിതരണ പൈപ്പ് ലൈനിൽ തകരാർ മൂലം കൈനകരിയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ഏതാനും നാളുകളായി ശുദ്ധജലം കിട്ടാക്കനിയാണ്. ജല അതോറിറ്റി പള്ളാത്തുരുത്തിയിൽ നിന്നുള്ള വെള്ളമാണു കൈനകരി മുണ്ടയ്ക്കൽ വാട്ടർ ടാങ്കിൽ എത്തിച്ചു വിതരണം ചെയ്യുന്നത്. 

പമ്പു ഹൗസിലെ മോട്ടറിന്റെ അടക്കം തകരാർ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ സാമൂഹിക വിരുദ്ധർ ജല ചൂഷണം നടത്തുന്നതും പ്രതിസന്ധി അതിരൂക്ഷമാക്കുന്നുണ്ട്. വാൽവുകൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ക്രമീകരിച്ചാണു ജല ചൂഷണം നടത്തുന്നത്. വാൽവ് സുരക്ഷിതമാക്കാൻ സംവിധാനം ഒരുക്കണമെന്നു പഞ്ചായത്ത് അടക്കം ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കിഴക്കൻ മേഖലയിലെ 6 വാർഡുകളിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണു മുണ്ടയ്ക്കൽ ടാങ്കിൽ നിന്നു വെള്ളം വിതരണം ചെയ്യുന്നത്. ഒരാഴ്ചയായി പ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാകുന്നില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വള്ളത്തിൽ ശുദ്ധജല വിതരണത്തിനായി പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും കാര്യക്ഷമമായിട്ടില്ല. ഇടതോടുകളിലടക്കം നിറഞ്ഞു കിടക്കുന്ന പോളയും വള്ളം ലഭിക്കാനുള്ള ബുദ്ധിമുട്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുൻപു ജലവിതരണം നടത്തിയ വള്ളങ്ങൾക്കുള്ള കൂലി നൽകാത്തതാണു വള്ളം ലഭിക്കാനുള്ള പ്രതിസന്ധി സൃഷ്ടിച്ചത്.

തണ്ണീർമുക്കം ഷട്ടർ തുറന്നതോടെ പൊതു ജലാശയങ്ങളിൽ കടുത്ത ഉപ്പു വെള്ളമാണുള്ളത്. ഗാർഹിക ആവശ്യത്തിനുപോലും ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു വിതരണ പൈപ്പുലൈനിലെ തകരാർ പരിഹരിച്ചു ജലവിതരണം കാര്യക്ഷമമാക്കണമെന്നും വള്ളത്തിലും വാഹനങ്ങളിലും അടിയന്തരമായി ജലവിതരണം നടത്തണമെന്നുമാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

സമരം ചെയ്യും: ബിജെപി
മാസങ്ങളായിട്ടു കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുകയാണെന്നും പഞ്ചായത്തോ സ്ഥലം എംഎൽഎയോ വിഷയത്തിൽ യാതൊരുവിധ ഇടപെടലും നടത്തുന്നില്ലെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വള്ളത്തിലും വണ്ടിയിലും അടിയന്തരമായി ശുദ്ധജല വിതരണം നടത്തുവാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരവുമായി മുൻപോട്ട് പോകാൻ തീരുമാനിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എൽ. ലെജുമോൻ, പി.ആർ മനോജ്, സുനീഷ് പ്രക്കോലിത്തറ, ജയൻകുട്ടൻ, ആർ.സുരേഷ്, മാത്യൂസ് തെക്കേപ്പറമ്പൻ, ജയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com