ADVERTISEMENT

ആലപ്പുഴ∙ നാട്ടുപക്ഷികൾ പക്ഷിപ്പനി വാഹകരാകുന്നോയെന്നു മൃഗസംരക്ഷണ വകുപ്പിനു സംശയം. ദേശാടന പക്ഷികൾ കൂടുതലായി എത്തുന്ന സീസണുകളിലാണു നേരത്തെ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടിരുന്നതെങ്കിൽ ഈ വർഷം സീസണിനു ശേഷമാണു പക്ഷിപ്പനി ഉണ്ടായത്.ദേശാടനപക്ഷികളല്ലാത്ത, നാട്ടിൽ തന്നെയുള്ള പക്ഷികളിൽ പക്ഷിപ്പനിക്കു കാരണമാകുന്ന രോഗാണുക്കൾ ഉണ്ടായതാകാം ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെടാൻ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.

വിശദമായ പഠനത്തിനു ശേഷമാകും സ്ഥിരീകരിക്കുക. നാട്ടുപക്ഷികൾ കൂടുതലായി ചത്തതായി കണ്ടെത്താനായിട്ടില്ല. ദേശാടനപക്ഷികളുമായി ഇടപെഴകുന്നതിലൂടെയും ദേശാടനപക്ഷികൾ എത്തുന്ന പാടശേഖരങ്ങളിൽ തീറ്റാനിറക്കുന്നതിലൂടെയുമാണു വളർത്തുപക്ഷികൾക്കു പക്ഷിപ്പനി പിടിപെടുന്നതെന്നാണു നിഗമനം. ഇതേ രീതിയിൽ മറ്റു നാട്ടുപക്ഷികൾക്കും രോഗം പിടിപെട്ടിരിക്കാമെന്നും അവ രോഗവാഹകരായി മാറാൻ സാധ്യതയുണ്ടെന്നുമാണു മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.

കള്ളിങ് ഇന്ന്
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 9ാം വാർഡിൽ അറുപറമ്പിൽ മനോജിന്റെ പക്ഷിവളർത്തൽ കേന്ദ്രത്തിലെ വളർത്തുപക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 6,777 വളർത്തു പക്ഷികളെ ഇന്നു കൊന്നു മറവു ചെയ്യും. 3000 മുട്ടക്കോഴികളും 2500 കാടകളുമാണ് മനോജിന്റെ പക്ഷിവളർത്തൽ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. 4 ദ്രുതകർമ സേനകളാണു കള്ളിങ്ങിനു നേത‍ൃത്വം നൽകുക.

തലപ്പത്ത് ആളില്ലാതെ മൃഗസംരക്ഷണ വകുപ്പ്
ജില്ലയിൽ തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുമ്പോൾ സാഹചര്യം നേരിടുന്നതിനു മൃഗസംരക്ഷണ വകുപ്പിനു നേതൃത്വം നൽകേണ്ട തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ജില്ലാ മ‍ൃഗസംരക്ഷണ ഓഫിസർ, ചീഫ് വെറ്ററിനറി ഓഫിസർ എന്നീ തസ്തികകളിലാണ് ഉദ്യോഗസ്ഥരില്ലാത്തത്. ജില്ലാ മൃഗസംരക്ഷണ ഓഫിസറായിരുന്ന ഡോ. നമിത നായിക് ജനുവരി 31നു വിരമിച്ച ശേഷം പുതിയയാളെ നിയമിച്ചില്ല.മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. സജീവ് കുമാറിന് അധികച്ചുമതല നൽകുകയാണു ചെയ്തത്. ചീഫ് വെറ്ററിനറി ഓഫിസറായിരുന്ന ഡോ. കെ.എസ്.രാജൻ മാർച്ച് 31നു വിരമിച്ചതോടെ ആ തസ്തികയിലും ആളില്ലാതായി.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ പി.രാജീവിനാണ് അധികച്ചുമതല. പക്ഷിപ്പനി ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുമ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതിന്റെയും ചുമതല ജില്ലാ മൃഗസംരക്ഷണ ഓഫിസർക്കാണ്. വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കേണ്ടത് ചീഫ് വെറ്ററിനറി ഓഫിസറും.ഈ വർഷം ഇതുവരെ ജില്ലയിൽ 6 സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യങ്ങളിൽ അധികച്ചുമതല നൽകിയിരിക്കുന്നതു മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നെന്നും ജീവനക്കാർക്കു ജോലിഭാരം കൂടുന്നെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com