ADVERTISEMENT

മാവേലിക്കര ∙ കുടുംബ വസ്തു ലഭിക്കാത്തതിന്റെ വിരോധത്തിൽ സഹോദരിയെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി. ശിക്ഷ ഇന്നു വിധിക്കും. ഹരിപ്പാട് പിലാപ്പുഴ വിഷ്ണുഭവനിൽ ഹരിക്കുട്ടന്റെ ഭാര്യ ഗിരിജയെ (44) കൊലപ്പെടുത്തിയ കേസിൽ ഗിരിജയുടെ സഹോദരൻ പിലാപ്പുഴ വാതല്ലൂർ വീട്ടിൽ ശ്രീജിത്തിനെയാണ് (മണിക്കുട്ടൻ–47)  മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി (മൂന്ന്) എസ്.എസ്.സീന കുറ്റക്കാരനെന്നു കണ്ടെത്തിയത്. 

കേസിലെ രണ്ടാം പ്രതി ഹരിപ്പാട് ചെറുതന സാമ്പ്രാണ്ടിൽ കൃഷ്ണനെ  വിട്ടയച്ച് കോടതി ഉത്തരവായി. ശ്രീജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതായിരുന്നു കൃഷ്ണന് എതിരെയുള്ള കുറ്റം. കൊലപാതകം, അതിക്രമിച്ചു കടക്കൽ,  ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ശ്രീജിത്ത് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.2019 ഒക്ടോബർ 6നു ഉച്ചയ്ക്കു 2.30നു ഗിരിജയുടെ ഉടമസ്ഥതയിലുള്ള പിലാപ്പുഴ വാതല്ലൂർ വീട്ടുമുറ്റത്തായിരുന്നു സംഭവം. വീടും പരിസരവും വൃത്തിയാക്കുന്നതിന് എത്തിയ 2 ജോലിക്കാർക്കൊപ്പം ഗിരിജ നിൽക്കവേ കുടുംബ വീട് വാടകയ്ക്ക് കൊടുക്കുകയാണോ എന്നു ചോദിച്ചെത്തിയ ശ്രീജിത്തിനോടു വിൽക്കാൻ പോകുകയാണെന്നു ഗിരിജ പറഞ്ഞു. 

പ്രകോപിതനായ ശ്രീജിത്ത് മൺവെട്ടി കൊണ്ടു ആക്രമിച്ചു പരുക്കേൽപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഗിരിജ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2019 നവംബർ 30നു മരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി. വീടും പരിസരവും വൃത്തിയാക്കുന്നതിന് എത്തിയ ദൃക്സാക്ഷികളായ 2 തൊഴിലാളികൾ ഉൾപ്പെടെ 45 സാക്ഷികൾ, 20 തൊണ്ടി മുതലുകൾ, 93 രേഖകൾ എന്നിവ കോടതിയിൽ ഹാജരാക്കി. ഗിരിജയുടെ ഭർത്താവ് ഹരിക്കുട്ടൻ വിമുക്തഭടനാണ്. സംഭവസമയം ഹരിക്കുട്ടൻ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ  ജോലി ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com