ADVERTISEMENT

ബെംഗളൂരു∙ മഴവെള്ളക്കനാലുകളുടെ ഒഴുക്ക് നിലച്ചതിനാലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായതെന്ന് കണ്ടെത്തിയതോടെ ശുചീകരണം ദ്രുതഗതിയിൽ. ശുചീകരണം 30നുള്ളിൽ പൂർത്തിയാക്കാൻ ബിബിഎംപി അടിയന്തര നടപടി ആരംഭിച്ചു. കനാൽ കരകവിഞ്ഞ് റോഡുകളിലേക്കും പാർപ്പിട മേഖലകളിലേക്കും എത്തിയ സാഹചര്യത്തിലാണ് നടപടി. നാഗവാരയിൽ മാന്യത ടെക്പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. മഴവെള്ളക്കനാൽ ശുചീകരണം കഴിഞ്ഞ മാസം ആരംഭിച്ചെങ്കിലും പലമേഖലകളിലും തുടങ്ങിയിട്ടില്ല. ബിഡബ്ല്യുഎസ്എസ്ബി, ബെസ്കോം എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 

ഒരു മാസത്തിൽ 

നിർമിച്ചത് 

986 കുഴികൾ

നഗരത്തിലെ ഭൂഗർഭ ജലവിതാനം ഉയർത്താൻ മഴക്കുഴി നിർമാണം ഊർജിതമാക്കി ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). ഒരു മാസം കൊണ്ട് 986 കുഴികൾ നിർമിച്ചതായി ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ പറഞ്ഞു. വേനലിൽ ഭൂഗർഭ ജലവിതാനം താഴ്ന്നതോടെ നഗരത്തിലെ കുഴൽക്കിണറുകൾ വറ്റി വരണ്ട സാഹചര്യത്തിലാണ് നടപടി. റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകളുമായി സഹകരിച്ചാണ് കുഴികൾ നിർമിക്കുന്നത്. 

ബെസ്കോമിന് 1.18 കോടി 

രൂപയുടെ നഷ്ടം 

വേനൽമഴയിലും കാറ്റിലും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനെ തുടർന്ന് ബെസ്കോമിന് 1.18 കോടി രൂപയുടെ നഷ്ടം. 33 ഹൈ ടെൻഷൻ പോസ്റ്റുകൾ, ലോ ടെൻഷൻ പോസ്റ്റുകൾ, 11 ട്രാൻസ്ഫോമറുകൾ എന്നിവ നശിച്ചു. ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിക്കുന്നതിന് മാത്രമായി 86.20 ലക്ഷം രൂപ വേണ്ടിവരും. 

വീണ്ടും മഴ 

മേയ് 8ന് ശേഷം നഗരത്തിൽ വീണ്ടും മഴയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പെയ്തതോടെ നഗരത്തിലെ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com