ADVERTISEMENT

ചെന്നൈ ∙ റോട്ട്‌വൈലർ നായകളുടെ കടിയേറ്റ് 5 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ നായകളുടെ ഉടമയടക്കം 3 പേരെ തൗസന്റ് ലൈറ്റ്സ് പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കംപാക്കം എംഒപി പാർക്കിനുള്ളിൽ ഞായറാഴ്ച വൈകിട്ടാണ് കുട്ടിയെ നായകൾ ആക്രമിച്ചത്.

പാർക്കിന്റെ വാച്ച്മാൻ രഘുവിന്റെ മകൾ സുരക്ഷയ്ക്കാണ് കടിയേറ്റത്. സുരക്ഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ സോണിയയ്ക്കും കടിയേറ്റു.  കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

നായകളുടെ ഉടമയും സമീപവാസിയുമായ പുകഴേന്തിയെ ‍ഞായറാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യ ധനലക്ഷ്മി, മകൻ വെങ്കടേശ്വരൻ എന്നിവരെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു.

ഇവർ വളർത്തുന്ന റോട്ട്‌വൈലർ ഇനത്തിൽപ്പെട്ട 2 നായകളാണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 3 പേർക്കുമെതിരെ വിവിധ വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്തു. ഉടമ ഇവയെ വളർത്താൻ ലൈസൻസ് എടുത്തിരുന്നില്ലെന്ന് കോർപറേഷൻ കമ്മിഷണർ ജെ.രാധാകൃഷ്ണൻ പറഞ്ഞു. 

ചങ്ങലയിടാതെ ഇവയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ചങ്ങലയിൽ ഇടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമകൾ കേട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

റോട്ട്‌വൈലർ അടക്കം 23 ഇനം നായകളുടെ പ്രജനനവും ഇറക്കുമതിയും വിൽപനയും അടുത്തയിടെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നെങ്കിലും ഉത്തരവ് ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com