ADVERTISEMENT

ചെന്നൈ ∙ ദീർഘദൂര സർക്കാർ ബസുകളിൽ (എസ്ഇടിസി) ‘കയ്യിൽ കാശില്ലാതെയും’ ഇനി യാത്ര ചെയ്യാം. ടിക്കറ്റ് എടുക്കുന്നതിന് യുപിഐ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതോടെ യാത്രക്കാർക്കു ഡിജിറ്റലായി ടിക്കറ്റെടുത്ത് സുഗമമായ യാത്ര ഉറപ്പാക്കാം. നഗരത്തിലെ എംടിസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കിയതിനു പിന്നാലെയാണു ദീർഘദൂര എസ്ഇടിസി ബസുകളിലും ഇവ നടപ്പാക്കുന്നത്. ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കും നാട്ടിലേക്കും സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്നവർക്ക് ഈ സംവിധാനം പ്രയോജനപ്പെടും.

യാത്രയ്ക്ക് ഡിജിറ്റൽ‌ റൂട്ട്
ചെന്നൈയിൽ നിന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബെംഗളൂരു അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്കും ഓടിയെത്തുന്നവയാണ് എസ്ഇടിസി ബസുകൾ. തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ തുടങ്ങി കേരളത്തിലേക്കും ധാരാളം പേർ യാത്ര ചെയ്യുന്നുണ്ട്. തിരക്കില്ലാത്ത ദിവസങ്ങളിൽ പലരും ബസുകളിൽ കയറിയ ശേഷമാണു ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ടിക്കറ്റ് തുക നേരിട്ടു പണമായിട്ട് ഈടാക്കുന്നതായിരുന്നു രീതി. ഇതിനു പകരമാണ് യുപിഐ സംവിധാനം ഏർപ്പെടുത്തുന്നത്.

ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ മാർഗങ്ങളിലൂടെയും ‍ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇനി പണം നൽകാം. ഇതിനായി സ്കാനിങ്, സ്വൈപ്പിങ് തുടങ്ങിയ സൗകര്യങ്ങളുള്ള ഉപകരണങ്ങൾ കണ്ടക്ടർമാരുടെ പക്കലുണ്ടാകും. എസ്ഇടിസിയുടെ 1,068 സർവീസുകളിലാണ് ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ഒരുക്കുക. ചെന്നൈയിൽ സർവീസ് നടത്തുന്ന എംടിസി ബസുകളിൽ ഈ സൗകര്യം നേരത്തെ ഒരുക്കിയിരുന്നു. ജനം കൂടുതലായി ഡിജിറ്റൽ പേയ്മെന്റ് രീതിയിലേക്ക് മാറുന്നത് കണക്കിലെടുത്താണ് എസ്ഇടിസിയും മാറ്റം കൊണ്ടുവരുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാമെന്നും ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

തർക്കത്തിന് പരിഹാരം
ബസുകളിൽ ടിക്കറ്റ് തുക പണമായി തന്നെ നൽകേണ്ടി വരുന്നത് യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള തർക്കങ്ങൾക്കു പലപ്പോഴും വഴിവയ്ക്കുന്നു. ഇരു കൂട്ടരുടെയും പക്കൽ ആവശ്യത്തിനു ചില്ലറ ഇല്ലാത്തതാണു പ്രശ്നങ്ങൾക്കു കാരണം. എല്ലാവരും 500 രൂപയുടെ നോട്ടുകളാണു നൽകുന്നതെന്നും അതിനാൽ ചില്ലറ ഉണ്ടാകില്ലെന്നുമാണ് കണ്ടക്ടർമാർ പറയുന്നത്. യാത്ര ചെയ്യുമ്പോൾ എപ്പോഴും ചില്ലറ കരുതുക സാധ്യമല്ലെന്നും യാത്രക്കാർക്ക് ബാക്കി തുക നൽകേണ്ടത് കണ്ടക്ടർമാരുടെ ഉത്തരവാദിത്തമാണെന്നുമാണ് യാത്രക്കാരുടെ പക്ഷം.

കേരളത്തിൽ യുപിഐ പേയ്മെന്റ് പെരുവഴിയിൽ
കേരളത്തിലെ സർക്കാർ ബസുകളിൽ കൊട്ടിഘോഷിച്ചു നടപ്പാക്കാൻ തീരുമാനിച്ച യുപിഐ പേയ്മെന്റ് സംവിധാനം പെരുവഴിയിൽ. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ നടപ്പാക്കാനായിരുന്നു തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ചില ബസുകളിൽ നടപ്പാക്കിയെങ്കിലും പിന്നീടു നിലച്ചു. ഡിജിറ്റൽ ഉപയോഗത്തിൽ മുൻനിരയിലുള്ള കേരളത്തിലെ ബസുകളിൽ യുപിഐ സംവിധാനം നടപ്പാക്കുന്നത് യാത്രക്കാർക്ക് സഹായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com