ADVERTISEMENT

കൂത്താട്ടുകുളം∙ നഗരസഭയിലും ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ പഞ്ചായത്തുകളിലും ബുധനാഴ്ച വൈകിട്ടു പെയ്ത കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. 24 വീടുകൾക്കു കേടുപാട് സംഭവിച്ചു. പാലക്കുഴ പഞ്ചായത്തിൽ ആകെ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. ഇലഞ്ഞിയിൽ 25 ലക്ഷം രൂപയുടെയും കൂത്താട്ടുകുളം നഗരസഭയിൽ 8 ലക്ഷം രൂപയുടെയും തിരുമാറാടി പഞ്ചായത്തിൽ 80,000 രൂപയുടെയും കൃഷിനാശമുണ്ടായി. മേഖലയിൽ കെഎസ്ഇബി 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ട്രാൻസ്ഫോമറുകളുടെ 10 പോസ്റ്റുകളും അൻപതോളം വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. മേഖലയിൽ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചെന്നു അധികൃതർ അറിയിച്ചു. വൻമരം കടപുഴകി വീണ് ഒലിയപ്പുറം മറ്റപ്പിള്ളിൽ പി.പി. സുഭദ്രാമ്മയുടെ വീടു തകർന്നു. വെട്ടിക്കാട്ടുപാറ കാഞ്ഞിരംപാറയിൽ സോമൻ, കുഴിക്കാട്ടുകുന്ന് കുരുമ്പേൽതാഴത്ത് ലീല, പാലക്കുഴ കൊച്ചുപുരയ്ക്കൽ ഐസക്, മൂങ്ങാംകുന്ന് ചാരംചിറ ദാമോദരൻ, മാറിക കാരിക്കാട്ട് പുത്തൻപുരയിൽ മാണിക്കുഞ്ഞ്, തേക്കനാച്ചിറ ഊന്നനാൽ ജോയി, കോഴിപ്പിള്ളി പുതിയേടത്ത് ലിസി എന്നിവരുടെ വീടുകൾക്കു മരം വീണു കേടുപാട് സംഭവിച്ചു. ഇലഞ്ഞി പഞ്ചായത്തിൽ 12 വീടുകൾക്കും കൂത്താട്ടുകുളം നഗരസഭയിൽ 4 വീടുകൾക്കും ഭാഗികമായി തകരാർ സംഭവിച്ചിട്ടുണ്ട്. 

കാറ്റിലും മഴയിലും നശിച്ച ഒലിയപ്പുറം മുല്ലശേരിൽ മാധവന്റെ വാഴത്തോട്ടം.
കാറ്റിലും മഴയിലും നശിച്ച ഒലിയപ്പുറം മുല്ലശേരിൽ മാധവന്റെ വാഴത്തോട്ടം.

പാലക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്തെ മരം വീണ് സ്കൂട്ടർ തകർന്നു. കുഴിക്കാട്ടുകുന്നിൽ റോഡിൽ വീണുകിടന്ന മരത്തിൽ ഇടിച്ചുകയറി ബൈക്ക് യാത്രികനു പരുക്കേറ്റു. ഇടയാർ ഉള്ളൂരിക്കരയിൽ വിജയന്റെ 800 വാഴയും വാളിയപ്പാടം കോവൂർ പുത്തൻപുരയിൽ സിറിയക് ജോണിന്റെ 300 കുലച്ച ടിഷ്യുകൾചർ വാഴകളും കണ്ണൻകുളങ്ങരയിൽ കെ.കെ. ഗോപി, പൊലിയപ്രയിൽ മാത്യുക്കുട്ടി, വട്ടപ്പാറയിൽ ദേവസ്യ പൈലി, വി.എം. പോൾ എന്നിവരുടെ റബർ, വാഴ, ജാതി പച്ചക്കറി എന്നീ കൃഷികളും പുതിയപറമ്പിൽ ബിനുവിന്റെ 50 സെന്റിൽ കൃഷി ചെയ്തിരുന്ന പടവലവും നശിച്ചു.

കിഴക്കമ്പലത്ത് കാറ്റിൽ നൂറോളം വാഴ നശിച്ചു 
കിഴക്കമ്പലം∙ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കിഴക്കമ്പലം പഞ്ചായത്ത് പരിധിയിൽ വ്യാപക നാശനഷ്ടം. പുക്കാട്ടുപടി ഉൗരക്കാട് കളപ്പുരയ്ക്കൽ സത്യന്റെ പറമ്പിലെ വാഴകളും ചിറവക്കാട് വി.കെ. മുഹമ്മദിന്റെ നൂറോളം വാഴകളും കാറ്റിൽ നിലംപൊത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com