ADVERTISEMENT

മൂലമറ്റം∙ വെള്ളിയാഴ്ച പൂത്തേട്ടുണ്ടായ മണ്ണിടിച്ചിലിൽ അറക്കുളം പഞ്ചായത്തിലെ അംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഗമൺ സ്റ്റേറ്റ് ഹൈവേയിലെ ശുചീകരണ പ്രവർത്തനത്തിന് ശേഷം മൂലമറ്റത്തേക്ക് ജീപ്പിൽ മടങ്ങുമ്പോഴാണ് അപകടം. ശക്തമായ മഴയിൽ പുത്തേട് കട്ടയ്ക്കൽ റോഡിൽ കെട്ടിനിന്ന മഴവെള്ളം മല ഇടിച്ച് ഉരുൾപൊട്ടലിന് സമാനമായി വലിയ ശബ്ദത്തോടെ റോഡിലേക്ക് പതിക്കുകയായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, അംഗങ്ങളായ ഓമന ജോൺസൺ, എലിസബത്ത് ജോൺസൺ, ആരോഗ്യവകുപ്പ് പ്രവർത്തകർ തുടങ്ങിയവർ സഞ്ചരിച്ച ജീപ്പിനു മുന്നിലേക്കാണ് മല ഇടിഞ്ഞ് ഒഴുകിയെത്തിയ കല്ലും മണ്ണും വെള്ളവും പതിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിന്റെ എതിർവശത്തുള്ള വലിയ കൊക്കയുടെ സമീപം വരെ ഒഴുക്കി മാറി.

യാത്രക്കാർ ജീപ്പിൽനിന്ന് ചാടി രക്ഷപ്പെട്ടു. ഒഴുക്കിന്റെ ശക്തി കുറഞ്ഞതും ഇതിനിടെ ജീപ്പിന്റെ ടയർ പഞ്ചറായി റോഡരികിൽ തടഞ്ഞ് നിന്നതിനാലുമാണ് വൻ അപകടം ഒഴിവായത്.പിന്നാലെയെത്തിയ പഞ്ചായത്ത് അംഗം പി.എ.വേലുക്കുട്ടനും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കം ചെയ്തശേഷം പിക്കപ് ജീപ്പിൽ കെട്ടി അപകടത്തിൽ പെട്ട ജീപ്പ് കരയിലെത്തിച്ചത്.

പിന്നീട് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തിൽ കല്ലും മണ്ണും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു. കട്ടയ്ക്കൽ റോഡിൽ നടക്കുന്ന അശാസ്ത്രീയ റോഡ് നിർമാണംമൂലം     പ്രദേശത്ത് മുൻപും ഇത്തരത്തിൽ വെള്ളക്കെട്ടുണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com