ADVERTISEMENT

കണ്ണൂർ ∙ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ ഭൂജലവിതാനം താഴ്ന്നതോടെ കിണറുകൾ വറ്റി ജില്ല ശുദ്ധജലക്ഷാമത്തിലായി. തദ്ദേശസ്ഥാപനങ്ങൾ എത്തിച്ചുനൽകുന്ന വെള്ളമാണ് പലർക്കും ആശ്രയം. ചില പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമല്ലാത്തതു ദുരിതമാകുന്നുണ്ട്. ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടു. പുഴകളിൽ ജലനിരപ്പു താഴ്ന്നതോടെ കിണറുകളിലും വെള്ളം വറ്റി. ഉപ്പുവെള്ളം മാത്രം ലഭിക്കുന്ന പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. മലയോര മേഖലകളിൽ ഉൾപ്പെടെ മിക്കയിടത്തും കുടുംബങ്ങൾ വെള്ളം കിട്ടാതെ വലയുന്നു. വേനൽമഴ ഇത്തവണ കാര്യമായി ലഭിക്കാത്തതും തിരിച്ചടിയായി.

വറ്റിയ പുഴകൾ, തെറ്റിയ പദ്ധതികൾ
ജലസംഭരണികളെല്ലാം വറ്റിക്കൊണ്ടിരിക്കുകയാണ്. പുഴകളിലെ വെള്ളം വറ്റിയതോടെ പല ശുദ്ധജല പദ്ധതികളുടെയും പ്രവർത്തനം അവതാളത്തിലായി. ചെറുപുഴയിൽ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയും തിരുമേനിപ്പുഴയും പൂർണമായും വറ്റി. മയ്യിൽ മേഖലയിൽ കിണറുകൾ വറ്റിയതോടെ കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് പല കുടുംബങ്ങളും കഴിയുന്നത്. എന്നാൽ, പൈപ്പ് പൊട്ടൽ മൂലം പലപ്പോഴും ജലവിതരണം തടസ്സപ്പെടുകയാണ്. 

ഉപ്പുവെള്ളത്തിന്റെ കുരുക്കിൽ പട്ടുവം
പട്ടുവം മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ട സ്ഥലമാണെങ്കിലും കിണറുകളിൽ ഉപ്പുവെള്ളമാണു ലഭിക്കുന്നത്. ജപ്പാൻ പദ്ധതിയിൽനിന്നുള്ള വെള്ളമാണ് ഇവരുടെ ഏക ആശ്രയം. വേനൽ രൂക്ഷമായതോടെ പൈപ്പ് വഴിയുള്ള ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിലാണ്. എന്തെങ്കിലും കാരണവശാൽ ജപ്പാൻ പദ്ധതിയിൽനിന്നുള്ള ജലവിതരണം മുടങ്ങിയാൽ ജനം ദുരിതത്തിലാകും. ഈ സാഹചര്യത്തിൽ ഒരു കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽനിന്നാണു വെള്ളം എത്തിക്കുന്നത്.

ജലവിതരണവുമായി തദ്ദേശസ്ഥാപനങ്ങൾ
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ തയാറാക്കിയ പദ്ധതി പ്രകാരം വെള്ളം എത്തിച്ചു നൽകുന്നുണ്ട്. തലശ്ശേരി നഗരസഭാ പരിധിയിൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ലോറിയിൽ എത്തിക്കുന്ന വെള്ളമാണ് ആശ്രയം. ദിവസം 3 ലോറികളിൽ 5 ട്രിപ്പ്‌ വീതം വിതരണം നടത്തുന്നുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിൽ ദിവസം 40,000 ലീറ്റർ ശുദ്ധജലം വെളിയമ്പ്ര ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് എത്തിക്കുന്നുണ്ട്. ഉളിക്കൽ പഞ്ചായത്തിൽ 2 വാഹനങ്ങളിൽ പഞ്ചായത്ത് ജലവിതരണം നടത്തുന്നുണ്ട്. 

ചെറുപുഴ–മയ്യിൽ– ഏഴോം– പായം മേഖലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ആറളം പഞ്ചായത്തിൽ 90,000 ലീറ്റർ വെള്ളം വിതരണം ചെയ്യുന്നു. ആറളം പുനരധിവാസ കേന്ദ്രത്തിൽ 2 വണ്ടിയിലാണ് ജലവിതരണം. 

ന്യൂമാഹി പഞ്ചായത്തിൽ 5000 ലീറ്റർ ഉൾക്കൊള്ളുന്ന ടാങ്കർ ലോറിയിലും വിതരണം നടക്കുന്നു. കേളകം– കണിച്ചാർ– പേരാവൂർ–കീഴല്ലൂർ– കൂടാളി പഞ്ചായത്തിലും വെള്ളമെത്തിച്ചു കൊടുക്കുന്നുണ്ട്.

മാലൂർ പഞ്ചായത്തിൽ കാഞ്ഞിലേരി സ്വജൽധാര പദ്ധതിയിൽ 50വീടുകളിൽ പൈപ്പ് വഴി വെള്ളം എത്തിക്കുന്നുണ്ട്. ഇരിക്കൂറിൽ ജലനിധി പദ്ധതി വഴിയും മലപ്പട്ടത്ത് ജലജീവൻ പദ്ധതി വഴിയും ശുദ്ധജല വിതരണമുണ്ട്. എന്നാൽ, ഇതുകൊണ്ടൊന്നും കാര്യക്ഷമമാകുന്നില്ലെന്നാണ് പരാതി.

പ്രശ്നം അതിരൂക്ഷം
ശ്രീകണ്ഠപുരം, മട്ടന്നൂർ നഗരസഭകളിലും ഏഴോം, മാടായി, കീഴല്ലൂർ, കൂടാളി, അയ്യൻകുന്ന്, മാലൂർ, പായം, ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഉദയഗിരി, ന്യൂമാഹി, കൊട്ടിയൂർ, മാങ്ങാട്ടിടം, കോളയാട്, ചിറ്റാരിപ്പറമ്പ്, കേളകം, പേരാവൂർ എന്നീ പഞ്ചായത്തുകളിലും വിവിധ ഭാഗങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. തലശ്ശേരി നഗരസഭയിൽ ഉയർന്ന പ്രദേശങ്ങൾ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. കണ്ണൂർ കോർപറേഷന്റെ 16 ഡിവിഷനുകളിലും ശുദ്ധജല ക്ഷാമമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com