ADVERTISEMENT

മട്ടന്നൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമായി 1700 ൽ പരം പേരുടെ യാത്രയാണ് ഇന്നലെയും ഇന്നു പുലർച്ചെയുമായി മുടങ്ങിയത്. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനും ജീവനക്കാരുമായി വാക്കേറ്റത്തിനും ഇതിടയാക്കി. ഇന്നലെ പുലർച്ചെ 4.25ന്റെ ഷാർജ, രാവിലെ 6.45ന്റെ മസ്‌കത്ത്, 9.20ന്റെ അബുദാബി, ഉച്ചയ്ക്കു ശേഷം 3.45ന്റെ കുവൈത്ത്, 6.15ന്റെ ഉള്ള റാസൽഖൈമ എന്നിവയും ഉച്ചയ്ക്ക് 1.20ന് കണ്ണൂരിലെത്തേണ്ട ഷാർജ, 2.40ന് എത്തേണ്ട മസ്‌കത്ത്, വൈകിട്ട് 6.20ന് എത്തേണ്ട അബുദാബി, ഇന്നു പുലർച്ചെ എത്തേണ്ട കുവൈത്ത്, റാസൽഖൈമ സർവീസുകളാണു മുടങ്ങിയത്. 

ഇന്നലെ പുലർച്ചെ 4.25നുള്ള ഷാ‍ർജ വിമാനത്തിലെ യാത്രക്കാർ ചൊവ്വാഴ്ച അർധരാത്രിയോടെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. ചെക്ക് ഇൻ ചെയ്യാൻ തുടങ്ങിയപ്പോഴാണു വിമാനം റദ്ദാക്കിയ വിവരം എയർലൈൻ പ്രതിനിധികൾ അറിയിച്ചതെന്നു യാത്രക്കാർ പറഞ്ഞു. സർവീസ് റദ്ദാക്കിയതു മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന് എയർ ലൈൻ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

വെളുപ്പിന് 4.25ന് ഷാർജയിലേക്ക് പോകാനാണ് 12 മണി കഴിഞ്ഞ സമയത്ത് എത്തിയത്. വിമാനത്താവളത്തിൽ എത്തുന്നത് വരെ ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അറിയിച്ചില്ല. ചോദിച്ചപ്പോൾ ആദ്യം ആരും പ്രതികരിച്ചില്ല. ഞങ്ങൾ എല്ലാവരും കൂടി പ്രതിഷേധിച്ചതോടെയാണ് എയർലൈൻ ജീവനക്കാർ ഇടപെടുകയും പേരും ഫോൺ നമ്പറും വാങ്ങുകയും ചെയ്തത്. വിവരം അറിയിക്കാമെന്നും പറഞ്ഞു.

തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കിയാൽ അധികൃതരുമായും എയർലൈൻ അധികൃതരുമായും ചർച്ച നടത്തിയ ശേഷമാണു യാത്രക്കാർ തിരിച്ചു പോയത്.എയർപോർട്ട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. 7 ദിവസത്തിനുള്ളിൽ മറ്റൊരു വിമാനത്തിൽ സൗജന്യ യാത്ര, അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യൽ എന്നിവയാണ് എയർലൈൻ അധികൃതർ യാത്രക്കാർക്കു നൽകിയ വാഗ്ദാനം.

തുടർന്നുള്ള ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നർക്കു വിവരം ലഭിച്ചതിനാൽ പലരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. ഷാർജ, മസ്കത്ത്, അബുദാബി, കുവൈത്ത്, റാസൽഖൈമ സർവീസുകൾ റദ്ദാക്കിയതിനാലാണ്, തിരികെയുള്ള സർവീസുകളും റദ്ദാക്കേണ്ടി വന്നത്. ഉച്ചയ്ക്ക് 2.30ന്റെ ദുബായ് വിമാനം പതിവു പോലെ സർവീസ് നടത്തി. ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടവരും അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കേണ്ടവരുമാണു വിമാനം റദ്ദാക്കലിൽ പ്രതിസന്ധിയിലായത്. അടുത്ത ടിക്കറ്റ് എപ്പോൾ ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടുമില്ല. 

ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ന് കുവൈത്തിലേക്ക് പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ലീവ് കഴിഞ്ഞ് വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ജോലി സ്ഥലത്ത് ബന്ധപ്പെടുന്നുണ്ട്. ടിക്കറ്റ് ഇനി എപ്പോഴാണ് ലഭിക്കുകയെന്ന് അറിയില്ല. ആശങ്കയുണ്ട്.

ടിക്കറ്റ് ബുക്ക്‌ ചെയ്തവർ എയർ ഇന്ത്യ എക്സ്പ്രസിലേക്ക് വിളിച്ചശേഷം എത്തണം
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തവർ എയർ ഇന്ത്യ എക്സ്പ്രസിന്റെ ടോൾ ഫ്രീ നമ്പറായ 080 46662222, 08067662222, കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ നമ്പർ 04902 482600 എന്നീ നമ്പറിൽ വിളിച്ചതിന് ശേഷം വിമാനത്താവളത്തിലെത്തണമെന്നു കിയാൽ അധികൃതർ അറിയിച്ചു.

പ്രതിഷേധിച്ചു
കണ്ണൂർ∙ പ്രവാസികളെ ദുരിതത്തിലാഴ്ത്തി വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നിലപാടിനെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ ഒട്ടനവധി പ്രവാസികളുടെ വീസ കാലാവധിയെ കൂടി ബാധിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉടനടി നടപടി എടുത്തില്ലെങ്കിൽ സമര നടപടികളുമായി തെരുവിൽ ഇറങ്ങുമെന്നും പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി കൂടാളി 
മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com