ADVERTISEMENT

ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ദിനത്തിൽ നടത്തിയ ശ്രമം വിഫലം. 2 തവണ ദൗത്യ സംഘത്തിനു നേരെ തിരിഞ്ഞ ആനകളിൽ നിന്നു ഫാം സെക്യൂരിറ്റി ഓഫിസറും സൂപ്രണ്ടും ഉൾപ്പെടെ ഉള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നും ഫാം കൃഷിയിടത്തിൽ തുരത്തൽ ശ്രമം തുടരും.ബ്ലോക്ക് 2 ൽ രാവിലെ ഒരു കുട്ടിയും കൊമ്പനും പിടിയാനയും ഉൾപ്പെടുന്ന സംഘത്തെ കണ്ടെത്തി 3 കിലോമീറ്ററോളം ഓടിച്ചു 4–ാം ബ്ലോക്കിൽ ഫാം വൈദ്യുതി വേലിക്കു സമീപം വരെ എത്തിച്ചെങ്കിലും കീഴ്പ്പള്ളി റോ‍ഡ് കുറുകെ കടന്നു വന്യജീവി സങ്കേതം ഭാഗത്തേക്കു പോകാൻ കൂട്ടാക്കിയില്ല.

ദൗത്യ സംഘാംഗങ്ങൾ പടക്കം പൊട്ടിക്കുകയും യന്ത്ര അറക്കവാൾ പ്രവർത്തിപ്പിച്ചു ശബ്ദം കേൾപ്പിക്കുകയും ചെയ്തെങ്കിലും ആനകൾ കൂടുതൽ പ്രകോപിതരാവു കയാണു ചെയ്തത്. ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത കൊമ്പനാന ഇവർ സഞ്ചരിച്ച ഫാമിന്റെ ട്രാക്ടർ, ജീപ്പ് എന്നിവയ്ക്ക് പിറകെ ഓടി. സെക്യൂരിറ്റി ഓഫിസർ ബെന്നി, സൂപ്രണ്ട് ജോസഫ് ജോർജ്, ഡ്രൈവർ വാസു എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഇവർ സഞ്ചരിച്ച ജീപ്പിനു പിറകെ ഏറെ ദൂരം കൊമ്പൻ പിന്നാലെ ഓടി. സാഹസികമായി വണ്ടി വെട്ടിച്ചെടുത്താണു രക്ഷപ്പെട്ടത്. വന്ന വഴിക്കു തിരികെ ഓടിയ ആനകളെ വീണ്ടും ഓടിച്ചു കൊണ്ടുവന്നെങ്കിലും വേലി കടക്കാൻ വിസമ്മതിച്ചു. കഴിഞ്ഞ ദിവസം 5 കാട്ടാനകളെ കാട് കയറ്റിയിരുന്നു.

10 ലധികം ആനകൾ ഇനിയും ഫാമിൽ തുടരുന്നതായാണ് നിഗമനം. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം ഫാം അഡ‍്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിധീഷ് കുമാർ, വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്ഥരും ഫാം ജീവനക്കാരും ടിആർഡിഎം പ്രതിനിധികളും ഉൾപ്പെടുന്ന 50 അംഗ സംഘം ആണു വിവിധ ടീമുകളായി ആന തുരത്തൽ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com