ADVERTISEMENT

കാസർകോട്∙ എസ്എസ്എൽസി പരീക്ഷയിൽ ഉപരി പഠനത്തിന് ജില്ലയിൽ യോഗ്യത നേടിയത് 20473 വിദ്യാർഥികൾ. ജയം 99.64%.  29547 വിദ്യാർഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ 99.82% ആയിരുന്നു ജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവ്. 

10703 ആൺകുട്ടികളും 9844 പെൺകുട്ടികൾ അടക്കം 20547 വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇതിൽ 10649 ആൺകുട്ടികളും 9824 പെൺകുട്ടികൾ അടക്കം 20473 വിദ്യാർഥികളാണ് തുടർപഠനത്തിനു യോഗ്യത നേടിയത്. 19501 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ കഴിഞ്ഞ തവണ 19466 വിദ്യാർഥികളായിരുന്നു ഉപരിപഠനത്തിന് അർഹത നേടിയത്. 

 എ പ്ലസ് നേടിയത്  2910 വിദ്യാർഥികൾ.
എല്ലാം വിഷയങ്ങളിൽ എ പ്ലസ് നേടിയത് ജില്ലയിൽ 1891 പെൺകുട്ടികളടക്കം 2910 വിദ്യാർഥികളാണ്.  കഴിഞ്ഞ തവണ 2702  വിദ്യാർഥികൾക്കായിരുന്നു എല്ലാം വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചത്.  ഇത്തവണ എല്ലാം വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ ഏറെയും പെൺകുട്ടികളാണ്.  

100% ജയം 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  100% ജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണത്തിൽ ജില്ലയിൽ കുറവ്. സർക്കാർ മേഖലയിൽ 75, എയ്ഡഡ് 29, അൺ എയ്ഡഡ് 26 വിദ്യാലയങ്ങളിലാണ് ഇത്തവണ മുഴുവൻ കുട്ടികളെയും പരീക്ഷയ്ക്കിരുത്തി 100%ജയം നേടിയത്. കഴിഞ്ഞ വർഷം യഥാക്രമം 85,31, 28 എന്നിങ്ങനെയായിരുന്നു. നൂറ് ശതമാനം ജയം നേടിയ സ്‌കൂളുകളിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് സർക്കാർ  മേഖലയിൽ ചെർക്കള സെൻട്രൽ  ജിഎച്ച്എസ്എസും (281), എയ്ഡഡ് മേഖലയിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളും( 566), അൺഎയ്ഡഡ് മേഖലയിൽ മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂളും(181) ആണ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 3 വിദ്യാർഥികൾക്ക് മാത്രമാണ് ഉന്നത പഠനത്തിന് യോഗ്യത ലഭിക്കാത്തത്.

ഉപരിപഠനയോഗ്യത നേടിയവരുടെ എണ്ണം കൂടി; സീറ്റുകൾ കുറവു തന്നെ
കാസർകോട്∙ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ ഫലം വന്നപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 1007 അധികം വിദ്യാർഥികൾ  ഉപരിപഠനത്തിന് യോഗ്യത നേടിയതോടെ ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ വേണമെന്ന് ആവശ്യം. ആഗ്രഹിച്ച സ്കൂൾ, ഇഷ്ടപ്പെട്ട കോഴ്സ് എന്നിവ ഇത്തവണയും കിട്ടാതെയാവും.

20473 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയതിൽ കഴിഞ്ഞ വർഷം അനുവദിച്ച ആകെ സീറ്റുകളുടെ കണക്ക് പ്രകാരം 15985 പേർക്കാണ് പ്ലസ് ടു പ്രവേശനത്തിന് അവസരം ലഭിക്കുക. ബാക്കി വരുന്നവർ വിഎച്ച്എസ്ഇ, ഐടിഐ, പോളി ടെക്നിക് എന്നിവയെ ആശ്രയിക്കണം. വിഎച്ച്എസ്ഇയിൽ 1530, ഐടിഐയിൽ 1512, പോളി ടെക്നിക്കിൽ 700 എന്നിങ്ങനെ സീറ്റുകളാണുള്ളത്. 

സീറ്റുകൾ വർധിപ്പിക്കണം
ജില്ലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ്ടുവിന് 280 ബാച്ചുകളിലായി 14000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ വർഷവും സീറ്റുകളുടെ എണ്ണം പ്രവേശന സമയത്ത് 10 ശതമാനവും പിന്നീട് 5 ശതമാനവും വർധിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ അതുകൊണ്ടും തികയില്ല. അപേക്ഷകളുടെ എണ്ണം കൂടിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണനയിൽ ചില സ്കൂളുകൾക്കു മാത്രമാണ് സീറ്റുകൾ വർധിപ്പിച്ചു നൽകാറുള്ളത്. ഇതുപ്രകാരമാണ് കഴിഞ്ഞ വർഷം 15985 സീറ്റുകൾ ജില്ലയിൽ ലഭിച്ചത്.

ഡിമാൻഡ് കൂടുതൽ ചില സ്കൂളുകളിൽ
മൊത്തത്തിൽ സീറ്റ് കുറവാണെങ്കിലും കഴിഞ്ഞ വർഷം ചില സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. നഗരത്തിലെ സ്കൂളുകളിലേക്കാണ് ഡിമാൻഡ് കൂടുതൽ. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ ഡിമാൻഡ് കുറവാണ്. ഗതാഗത, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിനു കാരണം.

മഞ്ചേശ്വരത്ത് പരാതി വരും
പ്ലസ് വണിന് സയൻസ് വിഷയം പഠിക്കാൻ മഞ്ചേശ്വരം മേഖലയിൽ സീറ്റുകൾ വളരെ കുറവാണ്. കഴിഞ്ഞ വർഷം ഇവിടെ സീറ്റുകളുടെ എണ്ണക്കുറവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മൊഗ്രാൽ, ഷിറിയ, മംഗൽപാടി, ഉപ്പള മേഖലകളിലെ വിദ്യാർഥികൾക്ക് ഇത്തവണയും ദുരിതമാകും. കുമ്പളയിലെ സ്കൂളിലെ 60 സീറ്റിലേക്ക് ഇതു കാരണം ആയിരത്തിലേറെ അപേക്ഷകളാണ് എത്താറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com