ADVERTISEMENT

തൃക്കരിപ്പൂർ∙ രണ്ടു രാവും പകലും സഹകരണത്തിന്റെ മാതൃക തുറന്നും പരസ്പരം കുറ്റപ്പെടുത്താതെയും ഉദിനൂർ ഗ്രാമത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും കൈകോർത്തപ്പോൾ അത് ഒരുമയുടെ പുത്തൻ സന്ദേശം. ഉദിനൂർ തെക്കുപുറം ജുമാമസ്ജിദ് വളപ്പിലെ 100 കെവിഎ പ്രസരണശേഷിയുള്ള ട്രാൻസ്‌ഫോർമർ ചൊവ്വാഴ്ച  ഉച്ചയോടെ തകരാറിലായി. അമിത ലോഡായിരുന്നു കാരണം. അന്നു രാത്രി പത്തോടെ അത്രതന്നെ ശേഷിയുള്ള പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. പക്ഷേ, അർധരാത്രി പുതിയ ട്രാൻസ്‌ഫോർമറും അധിക ഭാരം താങ്ങാനാകാതെ നശിച്ചു. ഇതോടെ 500 ൽ പരം  ഗുണഭോക്താക്കൾ വെള്ളവും വെളിച്ചവും ഇല്ലാതെ നട്ടം തിരിഞ്ഞു. വെളിച്ചവും വെള്ളവും ഇല്ലെങ്കിൽ പൊട്ടിത്തെറിക്കുന്നവർക്കിടയിൽ ഇവിടുത്തുകാരുടെ  ആത്മ സംയമനവും സഹകരണവും പ്രശ്നപരിഹാരത്തിന് കരുത്തും തുണയുമായി. 

വിദൂരസ്ഥലത്തുനിന്നു 160 കെവിഎ പ്രസരണശേഷിയുള്ള പുതിയ ട്രാൻസ്‌ഫോർമർ കൊണ്ടുവന്നു  ബുധനാഴ്ച രാത്രി വൈകി സ്ഥാപിച്ചു. സഹായവുമായി എന്തിനും ഏതിനും നാട്ടുകാർ മുന്നിൽ നിന്നു. ജോലിചെയ്യുവാനുള്ള വെളിച്ചം, ഭക്ഷണം എന്നിവ ഒരുക്കി ജമാഅത്ത് കമ്മിറ്റിയും ഒപ്പം നിന്നു. വൈദ്യുതി വിതരണതടസ്സം നേരിടുമ്പോൾ വകുപ്പ് ഓഫിസ് അക്രമം ഉൾപ്പെടെ നടത്തുന്ന കാലത്ത് ഇതൊരു മാതൃകയെന്നു വകുപ്പ് അധികൃതർ. ട്രാൻസ്ഫോർമർ സ്ഥാപിച്ച് ചാർജ് ചെയ്യുമ്പോൾ  ഉപഭോക്താക്കൾ സ്വയം ലോഡുനിയന്ത്രിച്ചതും ശ്രദ്ധേയമായി. പാതിരാ വരെ ജോലി ചെയ്ത തൊഴിലാളികൾക്ക് നേതൃത്വം നൽകി എഇയ്ക്കും സഹ ജീവനക്കാർക്കും ഒപ്പം പിന്തുണയുമായി ജില്ലയിലെ ഉദ്യോഗസ്ഥരും നിരന്നു. ട്രാൻസ്ഫോമറിനു കടുത്ത ക്ഷാമം നേരിടുന്ന വേളയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com