ADVERTISEMENT

കൊല്ലം∙ ലവൽ ക്രോസുകളിൽ വാഹനങ്ങളിടിച്ചുള്ള അപകടങ്ങൾ പതിവായെന്ന് റെയിൽവേ അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു അപകടങ്ങളാണ് കൊല്ലം –പുനലൂർ പാതയിലുണ്ടായത്. ഒരേ ലവൽ ക്രോസിൽ രണ്ട് അപകടങ്ങളുണ്ടായി. ലവൽ ക്രോസുകളിൽ അനധികൃതമായി വാഹനം ഇടിച്ചു കയറ്റുന്നത് ശിക്ഷാർഹമെന്നു റെയിൽവേ മുന്നറിയിപ്പു നൽകുന്നു.

റെയിൽവേ ഗേറ്റിലേക്ക് അമിത വേഗത്തിൽ എത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബ്രേക്കറും ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നു കണക്കിലെടുക്കാതെയുള്ള ഓട്ടം അപകടത്തിനു കാരണമാകുന്നു.

കൂടാതെ, ഗേറ്റുകൾ അടയ്ക്കുന്നതിന്റെ അവസാന നിമിഷമുള്ള വാഹനങ്ങളുടെ തള്ളിക്കയറ്റം മറ്റൊരു ഭീഷണിയാണ്. എല്ലാ ഗേറ്റുകളിലും മുന്നറിയിപ്പ് ശബ്ദം മുഴക്കുമെങ്കിലും ഡ്രൈവർമാർ ഇതൊന്നു കണക്കാക്കാതെ മുന്നോട്ട് എടുക്കുമ്പോഴാണ് അപടകങ്ങളുണ്ടാകുന്നത്.

∙ ആവണീശ്വരം റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഗേറ്റിലാണ് ഒരു മാസത്തിനിടെ 2 അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ അപകടം ഈ മാസം ഏഴിന് ഉച്ചയ്ക്കായിരുന്നു. ട്രക്കാണ് ലവൽ ക്രോസിലെ ഗേറ്റ് തകർത്തത്. തുടർന്ന് ഗുരുവായൂർ–മധുര എക്സ്പ്രസ് ഏറെ നേരം വൈകി. അതേ ഗേറ്റിൽ (എൽസി 519) ഏപ്രിൽ ആദ്യവാരം കെഎസ്ആർടിസി ബസ് ഇടിച്ചും അപകടമുണ്ടായി.

∙ കിളികൊല്ലൂരിനും കുണ്ടറ റെയിൽവേ സ്റ്റേഷനുമിടയിലുള്ള റെയിൽവേ ഗേറ്റിൽ‌ ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. ലോറിയാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം വഴിയുള്ള മധുര–പുനലൂർ എക്സ്പ്രസ് (16729) ഏകദേശം ഒന്നര മണിക്കൂറോളം വൈകി.

5 വർഷം വരെ തടവ്
റെയിൽവേ ഗേറ്റുകളിലെ അപകടങ്ങളിൽ 2 വകുപ്പുകളിലാണു കേസെടുക്കുന്നത്. റെയിൽവേ നിയമം 154, 160 എന്നിവയാണ് ആ വകുപ്പുകൾ. ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് എതിരെയാണ് 154–ാം വകുപ്പ്. ഈ വകുപ്പ് അനുസരിച്ചു കേസെടുത്താൽ ഒരു വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കും.

ലവൽ ക്രോസിങ്ങിൽ അതിക്രമിച്ചു കടക്കുന്നവരെ തടയുന്നതാണ് 160–ാം വകുപ്പ്. മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന റെയിൽവേ ഗേറ്റ് തകർത്താൽ 5 വർഷം വരെ തടവു ലഭിക്കും.

നിയമ നടപടികൾക്കു പുറമേ, ഗേറ്റുകളുടെ അറ്റകുറ്റപ്പണികളുടെ ചെലവും നിയമലംഘകരിൽ നിന്ന് ഈടാക്കും. ആവണീശ്വരത്ത് 84488 രൂപയും കുണ്ടറയിൽ 35233 രൂപയും ബന്ധപ്പെട്ടവരിൽ നിന്ന് റെയിൽവേ ഈടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com