ADVERTISEMENT

പാലാ ∙ വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. മേഖലയിലൊട്ടാകെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റി. മീനച്ചിലാറ്റിലെയും തോടുകളിലെയും ജലനിരപ്പ് തീർത്തും താണു.  ലോറിയിൽ വെള്ളം എത്തിച്ചാണ് ആളുകൾ പലയിടത്തും ഉപയോഗിക്കുന്നത്.രാമപുരം പഞ്ചായത്തിലെ കിഴതിരി, മേതിരി, താന്നിപ്പാറ, നീറന്താനം, നെല്ലിയാനിക്കുന്ന്, വളക്കാട്ടുകുന്ന്, കുന്നപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ ശുദ്ധജലക്ഷാമം മൂലം ബുദ്ധിമുട്ടുകയാണ്. കടനാട് പഞ്ചായത്തിലെ നീലൂർ, കാവുംകണ്ടം, മാനത്തൂർ, മറ്റത്തിപ്പാറ, കുറുമണ്ണ് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം ‍വെള്ളമില്ലാതെ ആളുകൾ കഷ്ടപ്പെടുകയാണ്. ജലനിധി ഉൾപ്പെടെ ഒട്ടേറെ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടും കുടിവെള്ളത്തിനു ക്ഷാമം അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. 

കുടിവെള്ള പദ്ധതികളുടെ കുളങ്ങളും കിണറുകളുമെല്ലാം വറ്റിത്തുടങ്ങിയിട്ടുണ്ട്.  പല കുടിവെള്ള പദ്ധതികളും 2 ദിവസം കൂടുമ്പോൾ വെള്ളം പമ്പ് ചെയ്യുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതികളുടെ കിണറുകൾക്കു സമീപം കുളങ്ങൾ നിർമിച്ച് സ്വകാര്യ വ്യക്തികൾ ലോറികളിൽ സ്ഥാപിക്കുന്ന ടാങ്കുകളിൽ വെള്ളം നിറച്ച് വിതരണം ചെയ്യുന്നതും കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം പരാതികൾ വ്യാപകമായതിനെത്തുടർന്ന് ചില പഞ്ചായത്തുകൾ സ്വകാര്യ വ്യക്തികളുടെ വെള്ളം വിൽപന രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ നികത്തിയതിനാലാണു കുടിവെള്ളക്ഷാമം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ കുടിവെള്ളം എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അള്ളുങ്കൽക്കുന്ന്  പദ്ധതിയിൽ നിന്ന് വെള്ളം  വല്ലപ്പോഴും മാത്രം
പാലാ ∙ മുത്തോലി പഞ്ചായത്തിലെ അള്ളുങ്കൽക്കുന്ന് ജലനിധി പദ്ധതിയിൽ നിന്നു കുടിവെള്ളം കിട്ടുന്നതു വല്ലപ്പോഴുമെന്ന് ആക്ഷേപം. വെള്ളമില്ലാതെ ജനം വലയുമ്പോഴും വെള്ളമെത്തിക്കുന്ന കാര്യത്തിൽ അധികൃതർക്ക് അലംഭാവമാണെന്നാണു ഗുണഭോക്താക്കളുടെ പരാതി. വെള്ളം കിട്ടുന്നില്ലെന്നു പഞ്ചായത്ത് അധികൃതരോടു പല തവണ പരാതിപ്പെട്ടെങ്കിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. അള്ളുങ്കൽക്കുന്ന് ജലനിധി പദ്ധതിയിൽ നിന്ന് 60 കുടുംബങ്ങൾക്കാണു കുടിവെള്ളം വിതരണം ചെയ്തിരുന്നത്. ഇതിനായി പുലിയന്നൂർ ക്ഷേത്രത്തിനു സമീപം പാടത്തോട് ചേർന്നുള്ള തോട്ടുവക്കിൽ കിണർ കുഴിച്ചിരുന്നു.

അള്ളുങ്കൽക്കുന്നിൽ വലിയ ജലസംഭരണിയും പണിതു. ഇപ്പോൾ കനത്ത വേനലിൽ കിണറ്റിലെ വെള്ളം വറ്റിയിരിക്കുകയാണ്.  കുടിവെള്ള വിതരണം താറുമാറായെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള ജലനിധി ഭരണസമിതി ചെറുവിരൽ അനക്കുന്നില്ലെന്നാണു ജനങ്ങളുടെ പരാതി. ഇതു സംബന്ധിച്ചു മുത്തോലി പഞ്ചായത്ത് അധികാരികൾക്കു പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. നിലവിലെ കിണറ്റിൽ വെള്ളമില്ലാതായതോടെ പുതിയ കിണർ നിർമിക്കാൻ 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും കിണർ കുത്താനുള്ള സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു ലക്ഷങ്ങൾ മുടക്കി ഇപ്പോഴുള്ള കിണറിനു സമീപം കുഴൽക്കിണർ കുഴിച്ചെങ്കിലും അതിലും വെള്ളമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com