ADVERTISEMENT

വൈക്കം ∙ വൈക്കത്തും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളി, ക്ഷേത്രകലാപീഠം എന്നിവിടങ്ങളിലെ 100-ൽപ്പരം ഓടുകൾ കാറ്റിൽ പറന്നു പോയി. നഗരത്തിലെ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടമുണ്ടായി. 

കെഎസ്ഇബി വൈക്കം സെക്‌ഷന്റെ പരിധിയിൽ അയ്യർകുളങ്ങര ദേവീക്ഷേത്രത്തിനു മുന്നിലെ ഒരു ട്രാൻസ്ഫോമറും പത്ത് 110കെവി പോസ്റ്റുകളും അൻപതിലധികം  കോൺക്രീറ്റ് പോസ്റ്റുകളും മരം വീണു തകർന്നു. ഇന്നും നാളെയുമായി വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

വൈക്കം അയ്യർകുളങ്ങരയിൽ ജല അതോറിറ്റിയുടെ സ്ഥലത്ത് നിന്നിരുന്ന 70 വർഷത്തിനു മുകളിൽ പഴക്കമുള്ള കൂറ്റൻ വാകമരം ജലജീവൻ മിഷൻ അമൃത് പദ്ധതിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന പൈപ്പിനു മുകളിലേക്കു കടപുഴകി വീണപ്പോൾ.
വൈക്കം അയ്യർകുളങ്ങരയിൽ ജല അതോറിറ്റിയുടെ സ്ഥലത്ത് നിന്നിരുന്ന 70 വർഷത്തിനു മുകളിൽ പഴക്കമുള്ള കൂറ്റൻ വാകമരം ജലജീവൻ മിഷൻ അമൃത് പദ്ധതിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന പൈപ്പിനു മുകളിലേക്കു കടപുഴകി വീണപ്പോൾ.

കടപുഴകി വീണ മരങ്ങൾ വൈക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും കെഎസ്ഇബി. ജീവനക്കാരും ചേർന്നാണ് വെട്ടിമാറ്റിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിനും ജല അതോറിറ്റിക്കും നാശനഷ്ടമുണ്ടായി. വെള്ളൂർ, തലയോലപ്പറമ്പ്, തോന്നല്ലൂർ ഭാഗങ്ങളിലും കാറ്റ് വ്യാപകനാശം വിതച്ചു.

ഉദയനാപുരം പഞ്ചായത്ത് 11-ാം വാർഡിൽ നിമ്മി നിവാസിൽ പത്മനാഭന്റെ തൊഴുത്ത് മരം വീണു തകർന്നു. തൊഴുത്തിലുണ്ടായിരുന്ന ഒരു പശുവിന് ഗുരുതരമായും അഞ്ച് പശുക്കൾക്ക് സാരമായും പരുക്കേറ്റു. കറവയുണ്ടായിരുന്ന പശുക്കൾക്കാണ് പരുക്കേറ്റത്.

കാറ്റിൽ തൊഴുത്തിന്റെ മേൽക്കൂര പറന്ന് സമീപത്തെ തെങ്ങിൽ തങ്ങി നിന്നു തൊഴുത്തിന്റെ തൂണ് ദേഹത്തു വീണ പശുവിനാണ് ഗുരുതരമായി പരുക്കേറ്റത്. കഴിഞ്ഞ 30വർഷത്തിനു മുകളിലായി പശുവിൽ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ടാണ് പത്മനാഭനും കുടുംബവും കഴിഞ്ഞിരുന്നത്. 

വൈക്കം ജല അതോറിറ്റിയുടെ അയ്യർകുളങ്ങരയിലെ ഓഫിസിനു സമീപം നിന്നിരുന്ന 70വർഷത്തിനു മുകളിൽ പഴക്കമുള്ള കൂറ്റൻ വാകമരം കടപുഴകി നഗരസഭയുടെ അമൃത് പദ്ധതിക്കായി ഇറക്കിയ പൈപ്പുകളുടെ മുകളിലേക്കു വീണു. വാൽവുകൾ, കാസ്റ്റ് അയൺ, പിവിസി, എച്ച്ഡി, പി.ഇ. പൈപ്പുകൾ എന്നിവയും നിരവധി അനുബന്ധ സാമഗ്രികൾ ഉൾപ്പെടെ നശിച്ചു. 5ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കരാറുകാരൻ കെ.യു.ടോമിച്ചൻ പറഞ്ഞു. സ്ഥലം ജലഅതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.

ചെട്ടിമംഗലം ഈരത്തറ വിനോദ്, ചിറ്റേഴത്ത് പ്രശാന്ത്, ഇടവട്ടം വിജയ ഭവനിൽ വിജയകുമാർ എന്നിവരുടെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. വീടുകൾക്ക് സാരമായ കേടുപാടുണ്ട്. പ്രശാന്തിന്റെ വാഴകളും ഒടിഞ്ഞു നശിച്ചു. അയ്യർകുളങ്ങര യുപി സ്കൂളിനു സമീപം നിന്ന മരം ഒടിഞ്ഞുവീണ് അയ്യർകുളങ്ങര- ചെട്ടി മംഗലം റോഡിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു.

ആറാട്ടുകുളങ്ങര-ചുടുകാട് റോഡിൽ ആഞ്ഞിലി മരം കടപുഴകി വൈദ്യുത ലൈനു മുകളിലേക്കു വീണു വൈദ്യുതി തൂൺ ഒടിഞ്ഞു. നഗരസഭ 18ാം വാർഡിൽ പുൽപ്പറ മഠത്തിൽ ബാലചന്ദ്ര പൈയുടെ പുരയിടത്തിലേക്ക് മരം കടപുഴകി വീണു. സ്റ്റോർ റൂമും കുടിവെള്ള ടാങ്കും ചുറ്റുമതിലും തകർന്നു. 

നഗരസഭ ഏഴാം വാർഡിൽ നാറാണത്ത്-മാറാന്നൂർ റോഡിനു കുറുകെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരസഭ കപ്പേളച്ചിറയിൽ അജിത്തിന്റെ കാർ തെങ്ങ് വീണു തകർന്നു. നഗരസഭ 12-ാം വാർഡ് ബിന്ദു മുളയ്ക്കച്ചിറയുടെ വീട് മരം വീണു തകർന്നു.വെള്ളൂർ പഞ്ചായത്ത് പുളിയാംപിള്ളിൽ പുത്തൻപുരയിൽ പി.ജി.ബിനുകുമാറിന്റെ 300-ൽപ്പരം ഏത്തവാഴകൾ ഒടിഞ്ഞുവീണു. 

തോന്നല്ലൂരിൽ തോട്ടത്തിൽ തിലകനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ 250ൽ അധികം ഏത്തവാഴ വാഴ കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചു.തലയോലപ്പറമ്പ് പഞ്ചായത്ത് പെരുമ്പാട്ടത്തിൽ പി.ജി.ഷാജിമോന്റെ 50-ൽ അധികം ഏത്തവാഴകൾ ഒടിഞ്ഞു വീണ് നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com