ADVERTISEMENT

വടകര ∙ ഒന്നര പതിറ്റാണ്ട് മുൻപ് ആ കെട്ടിടങ്ങൾ എന്തിന് പൊളിച്ചു എന്ന ചോദ്യം ഇപ്പോഴും ശേഷിക്കുന്നു. കോട്ടപ്പറമ്പ് നവീകരണ പദ്ധതിക്കു വേണ്ടി കടകളും പാരലൽ കോളജും പ്രവർത്തിക്കുന്ന 2 വലിയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ നഗരസഭയ്ക്ക് അവിടെ പദ്ധതിക്ക് തുടക്കമിടാൻ പോലും കഴിഞ്ഞിട്ടില്ല. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ 2 കെട്ടിടങ്ങൾ പൊളിക്കുമ്പോൾ കോട്ടപ്പറമ്പ് നവീകരണ പദ്ധതി ഉടൻ തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇതിനു ശേഷം 3 ഭരണ സമിതികൾ അധികാരത്തിൽ എത്തിയിട്ടും പദ്ധതി ഫയലിൽ തന്നെ.

കോട്ടപ്പറമ്പിലെ വിശാലമായ സ്ഥലവും ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റിയ ഭാഗവും ചേർത്ത് ബഹുനില വ്യാപാര സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. ബസ് സ്റ്റാൻഡ് മാറ്റിപ്പണിയുന്നതിനു പുറമേ പാർക്ക്, ശുചിമുറികൾ, പൊതുയോഗം നടത്താനുള്ള സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചു. അന്നു 60 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത പദ്ധതി നീണ്ടു പോയ സാഹചര്യത്തിൽ ഇനി നടക്കണമെങ്കിൽ 100 കോടി രൂപയെങ്കിലും വേണം.

ഈ പദ്ധതിയുടെ പേരിൽ പഴയ ബസ് സ്റ്റാൻഡ് നവീകരണം നടക്കുന്നില്ല. പൊളിക്കാൻ ബാക്കിയുള്ള, നഗരസഭയുടെ ദ്വാരക ബിൽഡിങ് നവീകരണവും മുടങ്ങി. ഈ കെട്ടിടം പൊളിക്കാതെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2 കെട്ടിടങ്ങളാണ് പൊളിച്ചത്. ഒരു കെട്ടിടത്തിലെ കോളജ് കുടിയൊഴിഞ്ഞു. പച്ചക്കറി, വാഴക്കുല കച്ചവടം നടത്തുന്ന കച്ചവടക്കാർക്ക് താൽക്കാലിക സംവിധാനം നൽകിയെങ്കിലും മാർക്കറ്റിൽ നിന്നു മാറിയ സ്ഥലത്തായതു കൊണ്ട് അവർക്കും പ്രശ്നങ്ങളേറെ.പദ്ധതിക്ക് തറക്കല്ലിടും മുൻപ് കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിൽ അന്നു പ്രതിഷേധം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com