ADVERTISEMENT

മുക്കം∙ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രൂക്ഷമായ വരൾച്ചയിൽ കൃഷി നാശം നേരിട്ട പ്രദേശങ്ങളും സംഘം പരിശോധിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാരശ്ശേരി, കൊടിയത്തൂർ, പഞ്ചായത്തുകളിലും മുക്കം നഗരസഭയിലെ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. കർഷകർ നേരിടുന്ന പ്രശ്നങ്ങളും സംഘം  മനസ്സിലാക്കി. വാഴക്കൃഷി വ്യാപകമായ രീതിയിൽ വരൾച്ചയിൽ നശിച്ചതായി സംഘം കണ്ടെത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിദഗ്ധ സംഘത്തിന്റെ പരിശോധന.


ക‍ൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മലയോര മേഖലയിലെ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയപ്പോൾ.
ക‍ൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മലയോര മേഖലയിലെ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയപ്പോൾ.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫ. ഡോ.ഇ.എൻ.സഫിയ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ.ശ്രീവിദ്യ, ഫാം ഇൻഫർമേഷൻ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ അമ്പിളി, കൃഷി ഓഫിസർമാരായ ടിൻസി ടോം, രേണുക കല്ലേരി, രാജശ്രീ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ വരൾച്ച ബാധിച്ച വാഴത്തോട്ടം ജില്ലാതല വിദഗ്ധ സംഘം സന്ദർശിക്കുന്നു
തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ വരൾച്ച ബാധിച്ച വാഴത്തോട്ടം ജില്ലാതല വിദഗ്ധ സംഘം സന്ദർശിക്കുന്നു

വരൾച്ച ബാധിത പ്രദേശമായിപ്രഖ്യാപിക്കണം:വിദഗ്ധ സംഘം
മലയോര മേഖലയിലെ കൃഷി നാശം നേരിട്ട പ്രദേശങ്ങൾ വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് കൃഷി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വ്യാപകമായ തോതിലാണ് വരൾച്ചയിൽ വാഴ ക്കൃഷികളും മറ്റും നശിച്ചത്. നിലവിൽ ഇൻഷുർ ചെയ്ത കർഷകർക്ക് മാത്രമേ നഷ്ട പരിഹാരം ലഭിക്കൂ. അതേ സമയം വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചാൽ നാശ നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കും.

നാശ നഷ്ടം സംഭവിച്ച കർഷകർക്കായ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നു. കൃഷി നാശം മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവിക്കുന്നത്. കൃഷി ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തുമാണ് പല കർഷകരും കൃഷിയിറക്കിയിട്ടുള്ളത്.സർക്കാർ കനിഞ്ഞില്ലെങ്കിൽ കർഷകരുടെ രോദനം ഇനിയും കൂടുതൽ ഉയരും.

ജില്ലാതല സംഘവുംപരിശോധന നടത്തി 
പഞ്ചായത്തിൽ  കടുത്ത വരൾച്ച മൂലം പ്രതിസന്ധിയിൽ ആയ കർഷകരുടെ കൃഷിയിടം ജില്ലാ തലത്തിൽ രൂപീകരിച്ച വിദഗ്ധസംഘം പരിശോധന നടത്തി. നിലവിൽ 4 ഹെക്ടർ വാഴക്കൃഷിക്കു പ്രത്യക്ഷമായും 5 ഹെക്ടർ വാഴ കൃഷിക്കു  പരോക്ഷമായും വരൾച്ച ബാധിച്ചിട്ടുണ്ട്. കൂടാതെ ജാതി, തെങ്ങ്, പച്ചക്കറി, കമുക്, ഏലം എന്നിവയെയും വരൾച്ച ബാധിച്ചു.

നിലവിൽ വരൾച്ച ബാധിത വില്ലേജ് ആയി തിരുവമ്പാടിയെ പ്രഖ്യാപിക്കാത്തതിനാൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസം  ലഭിക്കില്ല. നേരിട്ട് വിള നാശം ഉണ്ടായ കർഷകർക്ക് മാത്രമാണ് ആനുകൂല്യം. പരോക്ഷമായി വിളനാശം സംഭവിക്കുകയോ ഉൽപാദന നഷ്ടം ഉണ്ടാകുകയോ ചെയ്ത കർഷകർക്ക് നിലവിലുള്ള മാർഗ നിർദേശപ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുകയും ഇല്ല. കർഷകരുടെ ഉൽപാദന നഷ്ടം 40% മുതൽ 60% വരെ ആണെന്ന് വിദഗ്ധ സംഘം വിലയിരുത്തി. 

ഉയർന്ന താപനില മൂലം നേന്ത്രവാഴക്കുലകൾ പഴുക്കാത്ത സാഹചര്യമാണുള്ളത്. ഇത്തരത്തിൽ കൃഷിനാശം നേരിട്ട വിനോദ് തൊണ്ടിമ്മൽ, വേണുദാസ് തടപറമ്പിൽ എന്നിവരുടെ കൃഷിയിടം വിദഗ്ധസംഘം സന്ദർശിച്ചു വിവര ശേഖരണം നടത്തി. അന്തരീക്ഷ താപം രാത്രിയും പകലും ഒരുപോലെ ഉയർന്ന സാഹചര്യത്തിൽ നേന്ത്രക്കുലകൾ   ഒരുപോലെ പഴുക്കാത്ത സാഹചര്യം ഉണ്ടാകുന്നു. ഇതു നിയന്ത്രിക്കാൻ കൃഷി വിദഗ്ധർ കർഷകർക്ക്  നിർദേശങ്ങൾ നൽകി. 

വിളവെടുക്കാറായ തോട്ടങ്ങൾ നനയ്ക്കുമ്പോൾ കുലകൾ കൂടി നനക്കുക, അതിരാവിലെ മാത്രം വിളവെടുക്കുക, വിളവെടുത്ത  കുലകൾ തണലിൽ വച്ച് നനഞ്ഞ ചണത്തിന്റെ  ചാക്കിട്ട് മൂടുക, വാഹനങ്ങളിൽ കടത്തുമ്പോഴും, വിപണികളിൽ സൂക്ഷിക്കുമ്പോഴും വെയിൽ കൊള്ളാതെ സൂക്ഷിക്കുക,പുകയിടുമ്പോൾ സാധാരണയിലും 2 മണിക്കൂർ അധികം സമയം പുകയിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ ആണ് നൽകിയത്. വിദഗ്ധ സംഘത്തിൽ കോഴിക്കോട് ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ  ജയേഷ്, കൊടുവള്ളി കൃഷി അസി. ഡയറക്ടർ ഡോ.പ്രിയ മോഹൻ. കൃഷി ഓഫിസർ മുഹമ്മദ്‌ ഫാസിൽ കൃഷി അസിസ്റ്റന്റ് രതീഷ് എന്നിവർ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com