ADVERTISEMENT

എടക്കര ∙ വേനലിന്റെ തീവ്രത കൂടിയതോടെ മലയോര മേഖലയിൽ പാലുൽപാദനത്തിൽ ഗണ്യമായ കുറവ്. മിൽമയിൽ അഫിലിയേഷനുള്ള 150 പ്രാഥമിക ക്ഷീരസംഘങ്ങളിൽ  ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രതിദിനം 37,000 ലീറ്ററോളം പാലാണ് സംഭരിച്ചിരുന്നത്. എന്നാൽ,  മാർച്ച്, ഏപ്രിൽ മാസത്തിൽ പ്രതിദിനം 32,000 ലീറ്റർ ആയി കുറഞ്ഞിട്ടുണ്ട്. ഓരോ ക്ഷീര സംഘങ്ങളിലും 20 മുതൽ 30 ശതമാനത്തോളം പാലളവ് കുറഞ്ഞി‌ട്ടുണ്ട്. അത്യുഷ്ണം കാരണം പാൽ ഉൽപാദനം കുറഞ്ഞെങ്കിലും ഉരുക്കളുടെ സംരക്ഷണച്ചെലവിൽ കുറവൊന്നും വരുന്നില്ല എന്നത് ക്ഷീര കർഷകന്റെ വരുമാനത്തെ കാര്യമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്. മാർച്ച് വരെ ത്രിതല പഞ്ചായത്തുകളിൽനിന്ന്‌ പാലിന് സബ്‌സിഡിയും  മിൽമയിൽനിന്ന്‌ അധിക വിലയും കാലിത്തീറ്റയ്ക്ക് സബ്സിഡിയും ലഭിച്ചിരുന്നു. സാമ്പത്തിക വർഷം അവസാനിച്ചതിനാൽ ഇതെല്ലാം നിലച്ചു. 

ഇപ്പോൾ മിൽമ കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് നൽകുന്ന 100 രൂപ സബ്‌സിഡി മാത്രമാണുള്ളത്. മിൽമയിൽനിന്ന്‌ ഇതിന് പുറമേ, കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഇൻഷുറൻസ് പോളിസി എടുത്തവർക്ക്, കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ ഉയർന്ന ഊഷ്മാവ് ആധികാരികമായി രേഖപ്പെടുത്തുന്ന ദിവസങ്ങളിൽ 200 രൂപ വീതം ലഭിക്കുന്നതാണ്. തീഷ്ണമായ വേനലിൽ കന്നുകാലി സംരക്ഷണം വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്കുണ്ടാക്കുന്നത്. 

തീരദേശം വറുതിയിൽ
പരപ്പനങ്ങാടി ∙ കാലാവസ്ഥ വ്യതിയാനം മൂലം വേനൽ കത്തുമ്പോൾ കടലിനും ചൂടുപിടിക്കുന്നു. മത്സ്യബന്ധനം സാധ്യമാകാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കടുത്ത ചൂട് കാരണം തീരദേശങ്ങളിൽ മത്സ്യബന്ധനം ഭാഗികമാണെന്നും 2 മാസത്തോളമായി തീരദേശം വറുതിയിലാണെന്നും തൊഴിലാളികൾ പറയുന്നു. ഇന്ധനം, തൊഴിലാളികളുടെ കൂലി തുടങ്ങിയവയടക്കം ഒരു ദിവസം കടലിൽ മീൻ പിടിക്കാൻ പോകാൻ അരലക്ഷം രൂപയിലേറെ ചെലവു വരും. എന്നാൽ ഇത്രയും തുക മുടക്കി ആഴക്കടലിൽ എത്തിയാലും ആവശ്യത്തിനു മത്സ്യം ലഭിക്കുന്നില്ലെന്നു തൊഴിലാളികൾ പറഞ്ഞു. അതോടെ കടബാധ്യതയും ഇരട്ടിയാകും.

കടൽവെള്ളം അമിതമായി ചൂടാകുന്നതു മൂലം മത്സ്യങ്ങൾ കരയോടു അടുക്കുന്നില്ല. ചെറുതോണി ഉപയോഗിച്ച് ‘ചാവാല വല’ ഉപയോഗിച്ചാണ് നിലവിലെ മത്സ്യബന്ധനം നടക്കുന്നത്. അയല, മാന്തൾ, ചെമ്മീൻ, കരിക്കാടികൾ (പൊടിമീൻ) എന്നിവയാണ് ഇപ്പോൾ കാര്യമായി ലഭിക്കുന്നത്. ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ട്. അതിനാൽ തന്നെ വിലയും കൂടുതലാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കടൽത്തീരം ചൂടു പിടിക്കുന്നതിനാൽ ചെറുതോണി ഉപയോഗിച്ച് പിടിക്കുന്ന മീൻ കരയിലേക്ക് എത്തിക്കാനും തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്.

കന്നുകാലികൾക്ക് സൂര്യാഘാതമുണ്ടാവാം 
ഉഷ്ണ തരംഗത്തെത്തുടർന്ന് കന്നുകാലികൾക്കും സൂര്യാഘാതമുണ്ട‌ാകാൻ സാധ്യതയുണ്ടെന്ന് ക്ഷീരവികസന വകുപ്പിന്റെ മുന്നറിയിപ്പ്. കാലികൾക്ക് കിതപ്പ്, തളർച്ച, അമിതമായ ഉമിനീർ ഒലിക്കുക, പുല്ലും വൈക്കോലും തിന്നുന്നതിന് മടി എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാവാം. ഇവ കണ്ടാ‍ൽ അട‌ിയന്തരമായി മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com