ADVERTISEMENT

പൊന്നാനി ∙ താനൂർ ബോട്ട് അപകടമുണ്ടാക്കിയ നടുക്കത്തിൽ ഒരു വർഷം പ്രായമാകുമ്പോഴും  ജില്ലയുടെ തീരപ്രദേശത്ത്  അപകട ബോട്ട്  സർവീസുകൾ തുടരുന്നു. അപകടത്തിനു പിന്നാലെ കണ്ണിൽ പൊടിയിടാൻ പരിശോധനയും നടപടിയും കർശനമാക്കിയെങ്കിലും പിന്നീട് എല്ലാം തോന്നുംപടിയായി.

ലൈസൻസില്ലാത്ത സ്രാങ്കാണ് പലയിടത്തും ഉല്ലാസ ബോട്ടുകൾ സർവീസ് നടത്തുന്നത്. പൊന്നാനി ഭാരതപ്പുഴയോരത്ത് മാസങ്ങൾക്കിടയിൽ അനധികൃത സർവീസുകൾ പലതും പിടികൂടി. ലൈസൻസുള്ള സ്രാങ്കും ലാസ്കറും ഉണ്ടായിരുന്നില്ല. അധികൃതരുടെ ഭാഗത്തുനിന്ന് ചെറിയ ചില ഇടപെടലുകളുണ്ടാകുമെങ്കിലും സർവീസുകൾ മുടക്കമില്ലാതെ തുടരുന്നു. 

ഉല്ലാസ ബോട്ടുകളിൽ നടത്തുന്ന  മിക്ക പരിശോധനകളിലും   വലിയ വീഴ്ചകളാണ് കണ്ടെത്തുന്നത്. പക്ഷേ,  പരിശോധനാ ഉദ്യോഗസ്ഥർ മടങ്ങുന്നതിനു മുൻപേ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നടപടി ഒഴിവാക്കാൻ ആവശ്യപ്പെട്ടും  ജനപ്രതിനിധികളുടേതുൾപ്പെടെ പ്രമുഖരുടെ ഫോൺ കോളുകൾ ബന്ധപ്പെട്ടവരെ തേടിയെത്തും..

ലൈസൻസ് റദ്ദാക്കേണ്ട കേസുകളിൽ കുറഞ്ഞ പിഴ ചുമത്തി സർവീസ് തുടരാൻ അനുമതി നൽകും. ലൈസൻസുള്ള സ്രാങ്കും ലാസ്കറുമില്ലാത്തത് ഗുരുതരമായ ചട്ട ലംഘനമാണ്. സമയ പരിധി കഴിഞ്ഞും യാത്രക്കാരെ കുത്തി നിറച്ച് സർവീസ് നടത്തുന്നത് പതിവാണ്. അത്തരമൊരു യാത്രയാണ് താനൂരിൽ വൻ അപകടത്തിലേക്കു നയിച്ചത്.

അവധി ദിവസങ്ങളിലും പെരുന്നാൾ, ഓണം, വിഷു ആഘോഷ ദിവസങ്ങളിലുമാണ് യാത്രക്കാരുടെ വലിയ തിരക്ക്. ഇൗ സമയങ്ങളിൽ ആളുകളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് പതിവാണ്. ബോട്ട് ജെട്ടികളിൽ പൊലീസ് കാവൽ ഏർപ്പെടുത്താൻ കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും  നടപ്പായിട്ടില്ല.

പൊലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മാസത്തിലൊരിക്കൽ ഉല്ലാസ ബോട്ടുകളിൽ പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. അപകടം വരുമ്പോൾ ഉണർന്നു പ്രവർത്തിക്കുന്ന സംവിധാനങ്ങൾ പിന്നീട് ഉറക്കം നടിക്കുന്ന പതിവു കാഴ്ചയാണ് താനൂരിലും കാണുന്നത്.

അറിയുമോ  ബോട്ടുകളുടെ ഉറവിടം
മീൻപിടിത്ത ബോട്ട് രൂപ മാറ്റം വരുത്തിയതാണ് താനൂരിൽ അപകടത്തിൽപെട്ട അറ്റ്ലാന്റിക് ബോട്ട്. ഇപ്പോഴും പഴക്കം ചെന്ന ബോട്ടുകൾ രൂപം മാറ്റി ഉല്ലാസ ബോട്ടുകളാക്കി സർവീസ് നടത്തുന്നുണ്ട്. ബോട്ടുകളുടെ ഉറപ്പും സുരക്ഷയും പരിശോധിക്കാൻ ഇപ്പോഴും മതിയായ സംവിധാനങ്ങളില്ലെന്നാണ് പരാതി.

മുകൾ നിലയിലേക്ക് കയറുന്നത് ബോട്ട് മറിയാനുള്ള സാഹചര്യമുണ്ടാകുമെന്ന് ഉറപ്പായിട്ടും മിക്ക ബോട്ടുകാരും കയറ്റാവുന്നതിലധികം യാത്രക്കാരെ മുകൾ നിലയിലേക്കു കയറ്റുന്നുണ്ട്. പരമാവധി യാത്രക്കാരെ കയറ്റി ലാഭമുണ്ടാക്കുകയെന്ന ഒരൊറ്റ ലക്ഷ്യമുള്ള ബോട്ടുകാർ വലിയ അപകട ഭീതിയാണ് തീരത്ത് ഉയർത്തുന്നത്. 

ബന്ധുക്കൾക്ക് ജോലി: ആവശ്യം നടപ്പായില്ല
താനൂർ ∙ ബോട്ടപകടം നടന്ന് ഒരു വർഷം പൂർത്തിയാകുമ്പോഴും ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രധാന ആവശ്യത്തിനു പരിഹാരമായില്ല. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യമാണ് ഇനിയും നടപ്പാകാതെ നീണ്ടു പോകുന്നത്. 4 കുടുംബങ്ങളിൽ നിന്നായി 22 പേരാണ് അപകടത്തിൽ മരിച്ചത്. ഒരാൾക്കും ഇതുവരെ ജോലി നൽകിയിട്ടില്ല.

അപകടം നടന്നതിന്റെ പിറ്റേന്ന്  മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ആശ്രിത നിയമനം അനുഭാവപൂർവം പരിഗണിക്കുമെന്ന് അന്ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകിയതായിരുന്നു.  പലർക്കും ഇൻഷൂറൻസ് ആനുകൂല്യങ്ങളും അടിയന്തര സഹായവും മാത്രമാണ് കിട്ടിയത്.             

ഉന്നതരെ ഒഴിവാക്കി അന്വേഷണം
പൊന്നാനി ∙ മാരിടൈം ബോർഡ് സിഇഒയുടെ ഒരു കത്താണ് താനൂരിൽ അപകടത്തിൽപെട്ട അറ്റ്ലാന്റിക് ബോട്ടിന് ലൈസൻസ് കിട്ടാനുള്ള പ്രധാന കാരണം. പതിനായിരം രൂപ പിഴ ചുമത്തി ബോട്ട് ക്രമ വൽക്കരിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. എന്നാൽ, ഇൗ കത്തും ഇതിന്റെ പശ്ചാത്തലവും അന്വേഷണത്തിൽ നിന്നൊഴിവാക്കിയെന്നാണ് ആരോപണം. ഉന്നത തലങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാൻ താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് അന്വേഷണം അവസാനിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്.

ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികളെല്ലാം പൂർത്തിയായി.  നാടിനെ നടുക്കിയ ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചും മറ്റും  സർക്കാർ നിയോഗിച്ച കമ്മിഷൻ   അന്വേഷിച്ചു വരികയാണ്.അതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com