നാല് യാത്രക്കാരിൽനിന്ന് 1.67 കോടിയുടെ സ്വർണം പിടികൂടി
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റംസ് നടത്തിയ പരിശോധനയിൽ 4 യാത്രക്കാരിൽ നിന്നായി 1.67 കോടി രൂപയുടെ സ്വർണവും 2 യാത്രക്കാരിൽനിന്ന് 3.6 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും പിടികൂടി.വസ്ത്രങ്ങൾക്കുള്ളിൽ തേച്ചുപിടിപ്പിച്ചും പച്ചക്കറി നുറുക്കുന്ന വെജിറ്റബിൾ ചോപ്പറിനുള്ളിൽ ഒളിപ്പിച്ചും മറ്റും കടത്താൻ ശ്രമിച്ച 2.42 കിലോഗ്രാം സ്വർണവും 30,000 സിഗരറ്റ് സ്റ്റിക്കുകളുമാണു കണ്ടെടുത്തത്.
ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് വെജിറ്റബിൾ ചോപ്പറിനുള്ളിൽ ഒളിപ്പിച്ച 16.08 ലക്ഷം രൂപയുടെ 232 ഗ്രാം സ്വർണവും ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിനിയിൽനിന്ന് 80.78 ലക്ഷം രൂപയുടെ 789 ഗ്രാം സ്വർണവും റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 54.56 ലക്ഷം രൂപയുടെ സ്വർണവുമാണ് പിടികൂടിയത്.
ദോഹയിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി ബാഗേജിനുള്ളിലെ വസ്ത്രങ്ങൾക്കുള്ളിൽ നിന്ന് 16.01 ലക്ഷം രൂപയുടെ 225 ഗ്രാം സ്വർണം കണ്ടെടുത്തു. 5 പാന്റ്സുകളിലും ഒരു ടീ ഷർട്ടിനുള്ളിലും തേച്ചുപിടിപ്പിച്ച രീതിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. മസ്ക്കത്തിൽ നിന്നെത്തിയ 2 കാസർകോട് സ്വദേശികളിൽ നിന്നാണ് 3.6 ലക്ഷം രൂപയുടെ 30,000 സിഗരറ്റ് സ്റ്റിക്കുകൾ പിടികൂടിയത്. എല്ലാ കേസുകളിലും കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.