ADVERTISEMENT

തിരൂർ ∙ ജൈവരീതിയിൽ പാടത്തിറക്കിയ പച്ചക്കറിക്കൃഷിക്ക് നല്ല വിളവ്. എന്നാൽ വാങ്ങാനാളില്ലാത്തത് കൃഷിയിറക്കിയ 20 സ്ത്രീകളുടെ കൃഷിക്കൂട്ടായ്മയെ വലയ്ക്കുന്നു. വിളവെടുത്ത വെള്ളരിയും വെണ്ടയുമെല്ലാം ചീഞ്ഞുപോകുന്നതിനു മുൻപ് വിറ്റില്ലെങ്കിൽ ഇവരുടെ അധ്വാനം പാഴാകും. മംഗലം വാളമരുതൂരിലെ 3 ഏക്കറോളം സ്ഥലത്താണ് അമ്പാടി കൃഷിക്കൂട്ടമെന്ന പേരിൽ സീമ, രജനി, പുഷ്പ, സരിത, അനിത, ഉഷ, അനില, കാർത്തിക എന്നിവർ ചേർന്ന് കൃഷി ചെയ്തത്. വാളമരുതൂരിലെ പാടത്ത് ഇവരുടെ ജൈവരീതിയിലുള്ള കൃഷി നന്നായി പച്ചപിടിച്ചു.

രണ്ടര മാസം മുൻപ് കൃഷിക്കാരനായ മംഗലം പടുന്നപ്പാട്ട് മനോജിന്റെ സഹായത്തോടെ തുടങ്ങിയ കൃഷി വിഷുവിനു മുൻപുതന്നെ വിളവെടുത്തു തുടങ്ങി. വെള്ളരിയും വെണ്ടയുമെല്ലാം ആ സമയത്ത് നന്നായി വിറ്റുപോയി. അതിനു ശേഷം ലഭിച്ച വിളവ് വാങ്ങാൻ ആളില്ലാത്ത സ്ഥിതിയായി. 1000 കിലോയോളം വെള്ളരിയാണ് പാടത്ത് ബാക്കിയായി കിടക്കുന്നത്. വാങ്ങാൻ ആളില്ലാത്തതിനാൽ ചെടികളിൽ കിലോക്കണക്കിനു വെണ്ട മൂത്തു തുടങ്ങി.

കൃഷി വകുപ്പോ സർക്കാർ സംവിധാനങ്ങളോ ഇവരിൽനിന്ന് പച്ചക്കറി ശേഖരിക്കുന്നില്ല. ഇതുവരെ 15 കിലോഗ്രാം വെള്ളരി മാത്രമാണ് കൃഷി വകുപ്പ് സ്വീകരിച്ചത്. കടകളിൽ നല്ല വില ലഭിക്കുന്ന സമയമാണ്. എന്നാൽ കടക്കാരും ഇവരിൽനിന്ന് വാങ്ങാൻ തയാറാകുന്നില്ല. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിക്കുന്ന പച്ചക്കറികളോടാണ് വ്യാപാരികൾക്കു താൽപര്യം.അധികൃതർ ഇടപെട്ടില്ലെങ്കിൽ വെള്ളരിയും വെണ്ടയുമെല്ലാം പാടത്തും പറമ്പിലും കിടന്ന് ചീഞ്ഞുപോകും. കൂടെ ഇവരുടെ അധ്വാനം വെള്ളത്തിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com