ADVERTISEMENT

കരിപ്പൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം കോഴിക്കോട് വിമാനത്താവളത്തിലെ 18 വിമാന സർവീസുകളെ ബാധിച്ചതോടെ വിമാനത്താവളത്തിനകത്തും പുറത്തും ബഹളവും പ്രതിഷേധവും സങ്കടവും. കരിപ്പൂരിൽനിന്നു പുറപ്പെടാനുള്ള 2 വിമാനങ്ങൾ ചൊവ്വാഴ്ച രാത്രിയും 7 വിമാനങ്ങൾ ഇന്നലെയും റദ്ദാക്കി. തിരിച്ചുള്ള സർവീസുകൾ ഉൾപ്പെടെ 18 സർവീസുകളെ ബാധിച്ചു. ബോർഡിങ് പാസ് ലഭിച്ച് യാത്രയ്ക്ക് തയാറായവരും റദ്ദാക്കിയ വിവരമറിയാതെ വിമാനത്താവളത്തിൽ എത്തിയവരും മറ്റുമായി ആയിരത്തിലേറെ യാത്രക്കാരാണ് വലഞ്ഞത്.




ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതറിയാതെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ.
ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതറിയാതെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ.

അവരെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയ ബന്ധുക്കളും ഏറെ വിഷമത്തിലായി. ഉംറ തീർഥാടകരും ജോലിക്ക് നിശ്ചിത സമയം ഹാജരാകാനാകാത്തവരുമായി പ്രയാസത്തിലായവർ ഏറെയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രി റദ്ദാക്കിയ ദമാം, ദുബായ് വിമാനങ്ങൾക്കു പുറമേ, ഇന്നലെ രാവിലെ എട്ടിനും പത്തിനും ഇടയിലുള്ള, റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും രാത്രി 11.10നുള്ള മസ്കത്ത് വിമാനവുമാണു റദ്ദാക്കിയത്. ഈ വിമാനങ്ങളുടെയെല്ലാം മടക്ക സർവീസുകളെയും ബാധിച്ചു.

വെള്ളംപോലും കിട്ടിയില്ല
കുടിക്കാൻ വെള്ളം സമയത്തു കിട്ടിയില്ല, ഭക്ഷണം ലഭിച്ചില്ല തുടങ്ങിയ പരാതികളായിരുന്നു കൂടുതൽ. മകളെയും പേരക്കുട്ടിയെയും ദുബായിലേക്കു യാത്രയാക്കാൻ പുലർച്ചെ എത്തിയതായിരുന്നു കാസർകോട് സ്വദേശി സി.അബ്ദുറഹ്മാൻ. ഇന്നലെ രാവിലെ 8നു റാസൽഖൈയിലേക്കുള്ള വിമാനത്തിൽ പോകാൻ പുലർച്ചെ 2.15നു വിമാനത്താവളത്തിൽ എത്തിയപ്പോൾ ആണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. കുടുംബത്തോടൊപ്പം ടാക്സി വിളിച്ചാണ് എത്തിയത്. വിമാനം റദ്ദാക്കിയതിനെത്തുർന്ന് ഹോട്ടലിലേക്കു താമസം മാറ്റി. ടാക്സി മടക്കി അയയ്ക്കേണ്ടിവന്നു. മാത്രമല്ല, ഭക്ഷണം ഉൾപ്പെടെയുള്ള ഒരു സൗകര്യവും ഏർപ്പെടുത്തിയിരുന്നില്ലെന്നും പറഞ്ഞറിയിക്കാനാകാത്ത പ്രയാസമായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു.

രാത്രിയോടെ ചെറിയ ആശ്വാസം
ചൊവ്വാഴ്ച രാത്രി തുടങ്ങിയ അനിശ്ചിതത്വം ആശ്വാസത്തിലേക്കു നീങ്ങിയത് ഇന്നലെ രാത്രി 7.25നു ഷാർജ വിമാനം പുറപ്പെട്ടതോടെയാണ്. എന്നാൽ, തുടർന്നുള്ള വിമാന സർവീസുകളിലും യാത്ര സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായി. രാത്രി 11.10നുള്ള മസ്കത്ത് വിമാനവും റദ്ദാക്കി. യാത്ര പുറപ്പെടുന്നതിനു മുൻപ്, വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ടോ എന്നറിയാൻ വെബ്സൈറ്റ് വഴിയും വാട്സാപ് നമ്പർ (+916360012345) വഴിയും സൗകര്യമൊരുക്കിയതായും യാത്രക്കാർക്ക് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com