ADVERTISEMENT

പെരിന്തൽമണ്ണ ∙ അതിഥിത്തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജിയെ (ദീപക്–38) ആണ് കഴിഞ്ഞ 28 ന് പെരിന്തൽമണ്ണ ഗാന്ധി നഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്‌സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌ത ബംഗാൾ സ്വദേശികളായ ബുദ്ധദേബ് ദാസ്(27), ഭാര്യ ദോളൻ ചപദാസ് (33) എന്നിവരെയാണ് കസ്‌റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. കുപ്പിയിൽ കൊണ്ടുവന്ന വെള്ളത്തിൽ ദിപംകർ മാജി അറിയാതെ ഉറക്ക ഗുളിക കലർത്തുകയായിരുന്നുവെന്ന് ദോളൻ ചപദാസ് പൊലീസിനോട് പറഞ്ഞു. സൗഹൃദം നടിച്ച് ഇത് കുടിപ്പിച്ചതോടെ ദിപംകർ മാജി ഉറങ്ങി. പിന്നീട് തലയണ മുഖത്തമർത്തി കൊലപ്പെടുത്തിയ വിധം ദോളൻ ചപദാസ് പൊലീസിന് കാണിച്ചു കൊടുത്തു. ഇതിന് ഉപയോഗിച്ച തലയണയുടെ ഭാഗവും പൊലീസിന് എടുത്തു നൽകി. 

പ്രതികൾ ദിപംകർ മാജിയുടെ മൊബൈൽ ഫോണിന്റെ സ്‌ക്രീൻ ലോക്ക് തുറന്ന പെരിന്തൽമണ്ണ ടൗണിലെ കടയിലും പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി.ഒരേ നാട്ടുകാരാണ് മൂവരും. ദോളൻ ചപദാസിന്റെ വിഡിയോ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഇരുവരും ചേർന്ന് ദിപംകറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. 26 ന് ആയിരുന്നു കൊലപാതകം നടന്നത്. തുടർന്ന് പ്രതികൾ ബംഗാളിലേക്ക് കടന്നെങ്കിലും തന്ത്രപരമായി അവിടെ വച്ച് പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ പൊലീസ് ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ വീണ്ടും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com