ADVERTISEMENT

മുംബൈ ∙ ഒന്നര നൂറ്റാണ്ടിന്റെ പെരുമയിൽ ബിഎംസിയുടെ ഗതാഗത വിഭാഗമായ ബെസ്റ്റ്. 1874 മേയ് 9ന് ആദ്യ ട്രാം സർവീസ് നടത്തി ഗതാഗത രംഗത്തേക്ക് ഇറങ്ങിയ ‘ബെസ്റ്റ്’ പിന്നീട് മുംബൈയുടെ ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറുകയായിരുന്നു. ട്രാമിൽ നിന്ന് ഡീസൽ ബസിലേക്കും ഇരുനില ബസുകളിലേക്കും ഒടുവിൽ എസി ഇലക്ട്രിക് ബസുകളിലേക്കും ചുവടുമാറ്റി. 150 വർഷങ്ങളായി മികച്ച സേവനമാണ് ബെസ്റ്റ് നഗരത്തിന് നൽകുന്നത്. 500 റൂട്ടുകളിലാണ് ബസ് സർവീസ് നടത്തുന്നത്.സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നഗരയാത്ര നടത്താനുള്ള അവസരമാണ് ബെസ്റ്റ് ഒരുക്കുന്നു. എസി ബസുകളിലെ മിനിമം നിരക്ക് 6 രൂപയാണ് എന്നതും മെട്രോ നഗരത്തിന് അദ്ഭുതമാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ദൂരം സഞ്ചരിക്കാമെന്നതിനാൽ തന്നെ ബെസ്റ്റ് ബസിന് ഡിമാൻഡ് ഏറെയാണ്. ദിവസേന 35 ലക്ഷത്തോളം പേരാണ്  ഈ ബസുകളെ ആശ്രയിക്കുന്നത്.

2027നകം പൂർണമായും എസി ഇ–ബസുകൾ
കാലത്തിനൊത്ത് തങ്ങളുടെ മുഖവും മിനുക്കുന്ന തിരക്കിലാണ് ബെസ്റ്റ് ഇപ്പോൾ. കൂടുതൽ ഇലക്ട്രിക് ബസുകളും ഇലക്ട്രിക് എസി ബസുകളും നിരത്തിലിറക്കി, ഇടക്കാലത്ത് മങ്ങിയ പ്രതാപം വീണ്ടെടുക്കാനാണ് ശ്രമം. 1990കളുടെ മധ്യത്തിൽ 900ലേറെ ഇരുനില ബസുകൾ ബെസ്റ്റിനുണ്ടായിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ 50 എസി ഇലക്ട്രിക്  ഇരുനില ബസുകളാണുള്ളത്. ഇത്തരത്തിലുള്ള 150 ബസുകൾ കൂടി ഈ സാമ്പത്തിക വർഷത്തിൽ തന്നെ നിരത്തിലിറങ്ങും. ഇതിനൊപ്പം 700 ഇലക്ട്രിക് ഇരുനില ബസുകൾക്ക് കരാറും നൽകിയിട്ടുണ്ട്. 2027ന് മുൻപായി പൂർണമായും എസി ഇലക്ട്രിക് ബസുകൾ എന്നതാണ് ബെസ്റ്റിന്റെ പുതിയ ലക്ഷ്യം.


ബസുകളുടെ എണ്ണം പകുതിയോളമായി
നിലവിൽ 2,964 ബസുകൾ മാത്രമാണ് ബെസ്റ്റിനുള്ളത്. 20 വർഷങ്ങൾക്ക് മുൻപ് 4,500ലേറെ ബസുകൾ ബെസ്റ്റിനുണ്ടായിരുന്നു. ഇതിൽ പലതും കാലപ്പഴക്കത്തെ തുടർന്ന് പിൻവലിച്ചതോടെയാണ് ബസുകളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായത്. പല റൂട്ടിലും പകരം ബസുകൾ ഇറക്കിയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com