ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലേക്കുള്ള സ്വർണജയന്തി എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയത് മലയാളി യാത്രക്കാർക്ക് തിരിച്ചടിയായി. ഈ മാസം 17, 24 തീയതികളിലുള്ള സ്വർണജയന്തി എക്സ്പ്രസ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദിവസങ്ങൾക്കു മുൻപ് റദ്ദാക്കിയത്. പകരം ട്രെയിൻ ഏർപ്പെടുത്തുമെന്ന പ്രതീക്ഷിച്ചെങ്കിലും അറിയിപ്പുകളൊന്നും റെയിൽവേ നൽകുന്നില്ല. ഓൺലൈനായി നോക്കുമ്പോൾ ട്രെയിൻ റദ്ദാക്കിയതായാണ് കാണിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് മടക്കി നൽകുന്നത് വൈകുമെന്നും സൂചനയുണ്ട്. 

അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് ബുക്കു ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിൻ സർവീസ് റദ്ദാക്കിയതിലൂടെ ബുദ്ധിമുട്ടിലായത്. വിമാന നിരക്ക് താങ്ങാൻ കഴിയാത്ത സാധാരണക്കാർക്കാണ് നടപടി ഏറെ തിരിച്ചടിയായത്.  മറ്റു പല ട്രെയിനുകളിലും ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ് പലരും. 

റദ്ദാക്കിയ സ്വർണജയന്തി എക്സ്പ്രസിനു പകരം വേറെ ട്രെയിൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനസംസ്കൃതി റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകി. അവധിക്കാലം ഉൾപ്പെടെയുള്ള അവസരങ്ങളിൽ ട്രെയിനുകൾ റദ്ദാക്കരുതെന്നും പകരം സംവിധാനം സംബന്ധിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. 

പകരം ട്രെയിൻ വേണം: എ.എ.റഹിം എംപി 
ന്യൂഡൽഹി∙ അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്നത് അവസാനിപ്പിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ എ.എ.റഹിം എംപി ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള സ്വർണജയന്തി എക്സ്പ്രസ് റദ്ദാക്കിയത് മാസങ്ങൾക്കു മുൻപ് ടിക്കറ്റ് ബുക്കു ചെയ്ത കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. റദ്ദാക്കിയ ട്രെയിനുകൾക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് എ.എ. റഹിം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com